പാക്കിസ്ഥാന്‍ ഭീകരരെ വളര്‍ത്തിയത് ഇന്ത്യയ്ക്കെതിരെ പോരാടാന്‍

Friday 22 July 2011 5:05 pm IST

വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരെ തങ്ങളുടെ പകരക്കാരായി പോരാട്ടങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് പാക്കിസ്ഥാന്‍ ഭീകരരെ പാരിപാലിച്ച് വളര്‍ത്തിയതെന്ന് പെന്റഗണ്‍ ജോയിന്റ്‌ ചീഫ്‌ ഒഫ്‌ സ്റ്റാഫിന്റെ നിയുക്ത വൈസ്‌ ചെയര്‍മാന്‍ അഡ്‌മിറല്‍ ജെയിംസ്‌ എ. വിന്‍ഫെല്‍ഡ്‌ പറഞ്ഞു. ന്യൂദല്‍ഹി തന്നെയായിരുന്നു പാക്‌ സൈന്യത്തിന്റെ പ്രധാനലക്ഷ്യമെന്നും വിന്‍ഫെല്‍ഡ് പറഞ്ഞു. ഇത്തരം ഭീകരസംഘടനകളെ വളര്‍ത്തുകയും അവരോട്‌ സഹകരിക്കുകയും ചെയ്‌ത പാക്കിസ്ഥാന്‍ സൈന്യം എന്നാല്‍ ഭീകരരെ ഒരു തരത്തിലും നിയന്ത്രിക്കാന്‍ കഴിയാതെ അക്ഷരാര്‍ത്ഥത്തില്‍ പുലിവാല്‍ പിടിക്കുകയുമാണ്‌ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പാര്‍ലമെന്റ് അംഗങ്ങളോട് സംസാ‍രിക്കുകയായിരുന്നു വിന്‍ഫെല്‍ഡ്. അഫ്‌ഗാനിസ്ഥാനില്‍ ഇന്ത്യയോ മറ്റേതെങ്കിലും രാജ്യമോ ഉണ്ടാക്കുന്ന ചെറുതായ ആധിപത്യം പോലും തങ്ങള്‍ക്കെതിരെ തുടരുന്ന ഭീഷണിയുടെ ഭാഗമാണെന്നും ഈ ആക്രമങ്ങള്‍ പ്രതിരോധിക്കുന്നതെങ്ങനെ എന്നതിനെ കുറിച്ചുമായിരുന്നു പാക്കിസ്ഥാന്റെ ആശങ്ക. ആണവ ആയുധങ്ങള്‍ ഉണ്ടാക്കുന്നതിലൂടെയും ഭീകരരെ വളര്‍ത്തുന്നതിലൂടെയും ഇത്തരം ഭീഷണികള്‍ നേരിടാമെന്നായിരുന്നു പാകിസ്ഥാന്റെ ചിന്തയെന്നും വിന്‍ഫെല്‍ഡ്‌ പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്ക്‌ നല്‍കിയ വിശദീകരണത്തില്‍ അറിയിച്ചു. അതേസമയം ഇന്ത്യയെ പാക്‌സൈന്യം മുഖ്യശത്രുവായി കരുതുമ്പോഴും ഇത്തരം തീവ്രനിലപാടുകള്‍ക്കെതിരെ സഹതാപം പ്രകടിപ്പിച്ചവരും സേനയിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.