ന്യൂദല്‍ഹി : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി റോബര്‍ട്ട് വാദ്ര വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വാദ്ര ഇഡിക്കു മുന്നില്‍ ഹാജരാകുന്നത്. ഇതുവരെ 14 മണിക്കൂര്‍ വാദ്രയെ ചോദ്യം ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10.45 ഓടെയാണ് ദല്‍ഹി ജാംനഗര്‍ ഹൗസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വാദ്ര എത്തിയത്. കേസില്‍ രണ്ടുതവണ വാദ്രയെ ചോദ്യം ചെയ്തിരുന്നെങ്കിലും ചില സംശയനിവാരണങ്ങള്‍ക്ക് വേണ്ടിയാണ് വീണ്ടും വിളിപ്പിച്ചതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച അഞ്ചര മണിക്കൂറും, വെള്ളിയാഴ്ച ഒന്‍പതു മണിക്കൂറും വീതമാണ് ഇഡി ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്ത് അനധികൃത സ്വത്ത് സമ്പാദനം എന്നീ കേസുകളില്‍ അന്വേഷണവുമായി സഹകരിക്കാന്‍ ദല്‍ഹി കോടതി കഴിഞ്ഞാഴ്ച വാദ്രയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇഡിയുടെ ചോദ്യം ചെയ്യലില്‍ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം 16 വരെ കോടതി വാദ്രയ്ക്ക് ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: