ബംഗാളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും കൈകോര്‍ക്കുന്നു

Saturday 9 February 2019 4:25 pm IST

ന്യൂദല്‍ഹി : ബംഗാളില്‍ ബിജെപിയെ നേരിടുന്നതിന് സിപിഎമ്മുമായി പ്രാദേശിക തലത്തില്‍ ധാരണയാകാമെന്ന് കോണ്‍ഗ്രസ് നേതൃത്വം. ദല്‍ഹിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി നേതാക്കളുടെയും പിസിസി അധ്യക്ഷന്‍മാരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമായത്. എന്നാല്‍ സഖ്യ കക്ഷിയായി പ്രവര്‍ത്തിക്കില്ലെന്നും പിസിസി യോഗം അറിയിച്ചിട്ടുണ്ട്.

മോദി സര്‍ക്കാരിനെ ഉന്നമിട്ടുള്ള പ്രചാരണം വേണമെന്ന് രാഹുല്‍ ഗാന്ധി പ്രത്യേകം നിര്‍ദ്ദേശം വെച്ചിരിക്കുന്നത്. വെറും പ്രാദേശിക വിഷയങ്ങള്‍ മാത്രം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയിച്ചിട്ടുണ്ട്. സിപിഎമ്മുമായി സഖ്യം വേണ്ട എന്നാണ് തീരുമാനമെങ്കിലും ഇരു പാര്‍ട്ടിക്കുമിടയില്‍ നീക്കുപോക്കുകള്‍ ആകാമെന്ന് തീരുമാനമെടുത്തിട്ടുണ്ട്.

ഇതുസംബന്ധിച്ച് പ്രാദേശികതലത്തില്‍ നേതൃത്വങ്ങള്‍ക്ക് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാം.കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കുന്നതടക്കം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സഖ്യങ്ങളും അടവുനയവും സംബന്ധിച്ച് ഇന്ന് അവസാനിക്കുന്ന നിര്‍ണ്ണായക പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കും. 

അതേസമയം കേരളത്തില്‍ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന് സിപിഎം ബംഗാള്‍ ഘടകം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കള്‍ ഇതിനെ എതിര്‍ക്കുന്നതിനാല്‍ വിഷയത്തില്‍ സിപിഎം ധാരണയിലെത്തിയിട്ടില്ല.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇടതു പക്ഷത്തിനൊപ്പമാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ല. 295 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 44 സീറ്റും സിപിഎമ്മിന് 26 സീറ്റും മാത്രമാണ് ലഭിച്ചത്. ഇടതുപക്ഷത്തിന് മൊത്തം 32 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസ് സഖ്യം തെറ്റായെന്ന് പിന്നീട് സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിലും സഖ്യത്തിന്റെ കാര്യത്തില്‍ രണ്ട് പക്ഷമാണ് നിലനില്‍ക്കുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ തൃണമൂലുമായി സഖ്യം വേണമെന്ന് കോണ്‍ഗ്രസില്‍ ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അത് ആത്മഹത്യാപരമാവുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധി അടുത്തിടെ ടിഎംസി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. 

അതിനിടെ ഫെബ്രുവരി 25നകം മുഴുവന്‍ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. വിശദമായ പട്ടിക 25നകം ഹൈക്കമാന്‍ഡിന് നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ള രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.