ഇവര്‍ മരണത്തെ വെല്ലുവിളിച്ചവര്‍

Sunday 10 February 2019 3:17 am IST
അടിയന്തരാവസ്ഥയിലെ പീഡനങ്ങള്‍ മൂലം ഏറ്റ ദുരിതങ്ങള്‍ ഒഴിയാതെ ജീവിക്കുന്ന നൂറുകണക്കിനാളുകള്‍ ഇന്നും നരകസമാനമായ ജീവിതം നയിച്ചുവരുന്നു. ജീവിതത്തിന്റെ നല്ല കാലത്താണ് അവര്‍ സ്വാതന്ത്ര്യസംരക്ഷണത്തിനായി പടക്കളത്തിലിറങ്ങിയത്. നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് അടിയന്തരാവസ്ഥാ പീഡിതരുടെ ആദ്യ സംസ്ഥാന സമാഗമം ആലുവയില്‍ നടന്നപ്പോള്‍ ഉïായിരുന്നവരില്‍ നൂറോളം പേര്‍ ഇന്നു ജീവിച്ചിരിക്കുന്നില്ലെന്ന് ആലുവാ പരിപാടിയില്‍ അറിയിക്കപ്പെട്ടു

സ്വതന്ത്രഭാരതത്തില്‍ നടന്ന ഏറ്റവും സംഘര്‍ഷനിര്‍ഭരമായ 1975-77 കാലത്തെ ആഭ്യന്തര അടിയന്തരാവസ്ഥ എന്ന ഫാസിസ്റ്റ് ദുര്‍ഭരണത്തിനെതിരെ നടന്ന ദേശവ്യാപകമായ അഹിംസാത്മക സംഘര്‍ഷത്തില്‍ പങ്കെടുത്ത കേരളത്തിലെ പോരാളികളുടെ  സമാഗമം കഴിഞ്ഞ മൂന്നാം തീയതി ആലുവാ മഹാത്മാഗാന്ധി ടൗണ്‍ഹാളില്‍ നടന്നപ്പോള്‍ പഴയ ഓര്‍മകള്‍ വീണ്ടും സജീവമായി ആയിരത്തോളം പേര്‍ക്ക് അത് ഒരനുഭൂതിയായി.

'മരണത്തെ വെല്ലുവിളിച്ച' വൈക്കം ഗോപകുമാര്‍ മുതല്‍ 88 വയസ്സു കഴിഞ്ഞ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍ വരെയും, അമ്മ രാധാ ബാലകൃഷ്ണന്റെ കൈക്കുഞ്ഞായിരുന്ന അഡ്വക്കേറ്റ് നിവേദിതാ സുബ്രഹ്മണ്യന്‍ മുതല്‍ ആലുവയിലെ സമരനായിക സീതാലക്ഷ്മിയമ്മവരെയുള്ളവര്‍ സംഗമത്തില്‍ പങ്കെടുത്തിരുന്നു. 

തമിഴ്‌നാട്, പുതുച്ചേരി, ഗോവ, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സമാനമായ അടിയന്തരാവസ്ഥാ പീഡിത സംഘടനകളുടെ നേതാക്കളും ആവേശപൂര്‍വം അവിടെ സന്നിഹിതരായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം പന്തളം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അതിനെതിരെ പ്രകടനം നടത്തിയതിന് പോലീസ് പിടികൂടി ഒരു ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ, പന്തളം കോവിലകത്തെ ശശികുമാര വര്‍മ്മ പരിപാടിയില്‍ പ്രത്യേക താല്‍പര്യമെടുത്തു വന്നു. ശബരിമല ധര്‍മശാസ്താവിന്റെ പിതൃഭവനമായി കരുതപ്പെടുന്ന പന്തളം കോവിലകത്തില്‍നിന്നും, ശബരിമല ആചാര സംരക്ഷണസമിതിയുടെ രക്ഷാകര്‍തൃത്വത്തിലേക്ക് വന്ന വര്‍മ ആലുവാ സമ്മേളനത്തെ ധന്യമാക്കി. 

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ അടിയന്തരാവസ്ഥയ്‌ക്കെതിരായി നടന്ന സമരത്തിന് പല വിതാനങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നു മാത്രമായിരുന്നു സത്യഗ്രഹം. സത്യഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദ്ദനമേറ്റവരായിരുന്നു പീഡിതരില്‍ ഭൂരിപക്ഷവും. പ്രക്ഷോഭം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഏകാധിപത്യം അരക്കിട്ടുറപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ദിരാഗാന്ധി പ്രതിപക്ഷ നേതൃത്വത്തെ അറസ്റ്റു ചെയ്തു തടവറകളിലാക്കാന്‍ തുടങ്ങിയിരുന്നു. പാര്‍ലമെന്റംഗങ്ങള്‍ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടിരിക്കെയാണ് ബാംഗ്ലൂരില്‍ അറസ്റ്റു ചെയ്യപ്പെട്ടത്. ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിയും മറ്റും അവരവരുടെ വസതികളില്‍ അറസ്റ്റു ചെയ്യപ്പെട്ടു. വിനാശകാലേ വിപരീതബുദ്ധി എന്ന സുഭാഷിതം ചൊല്ലിയായിരുന്നു ജെപി അറസ്റ്റിനെ സ്വാഗതം ചെയ്തത്.

1975 ജൂണ്‍ 26 മുതല്‍ 77 ഡിസംബര്‍ അവസാനം വരെ ഭാരതം ഒരു കാരാഗൃഹമായി. സ്വാതന്ത്ര്യം നേടുന്നതിനായി സംഘര്‍ഷം നടത്താന്‍ ഉറച്ച മനസ്സും കാല്‍വെപ്പുകളുമായി മുന്നോട്ടു വന്നത് രാഷ്ട്രീയ സ്വയംസേവക സംഘവും, സംഘത്തില്‍നിന്നു പ്രേരണയുള്‍ക്കൊണ്ട പ്രസ്ഥാനങ്ങളുമായിരുന്നു. ആ പ്രസ്ഥാനം സമരത്തെ സമഗ്രമായ തലത്തിലേക്കു കൊണ്ടുവന്നത് തികച്ചും അഹിംസാത്മകമായി, ഒരിക്കലും അക്രമത്തിലേക്കു കടക്കാതെയായിരുന്നു. പ്രമുഖ നേതാക്കള്‍ മിക്കവരും കാരാഗൃഹത്തിലടയ്ക്കപ്പെട്ടപ്പോള്‍, അതിനു വഴിപ്പെടാതെ ജനങ്ങള്‍ക്കിടയില്‍ അവരുടെ മനോവീര്യം കെടാതെ വര്‍ധിപ്പിക്കാനും, നിഷേധിക്കപ്പെട്ട അറിയാനുള്ള അവകാശത്തെ നിലനിര്‍ത്താനും സംഘപ്രവര്‍ത്തകര്‍ ശ്രദ്ധാപൂര്‍വം പ്രയത്‌നിച്ചു. അതിനായി ആദ്യം കല്ലച്ചില്‍ ആരംഭിച്ച വാര്‍ത്താ പത്രികകള്‍ പിന്നീട്, പതിനായിരക്കണക്കിനു കോപ്പികള്‍ അച്ചടിച്ചുവന്ന കുരുക്ഷേത്ര പോലുള്ള വാര്‍ത്താ പത്രികകളായി വളര്‍ന്നു. പല കേന്ദ്രങ്ങളില്‍ അച്ചടിക്കപ്പെട്ട അവ പോലീസ്, രഹസ്യവകുപ്പുകളുടെ എല്ലാ തന്ത്രങ്ങളെയും നോക്കുകുത്തികളാക്കിയിരുന്നു.

പ്രതിപക്ഷ കക്ഷി നേതാക്കള്‍ നിരാശാബാധിതരായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍തന്നെ നിര്‍ത്തിവച്ച് ഏതാണ്ട് വനവാസത്തിലായി. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ള വിപ്ലവ നേതാക്കള്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ പ്രക്ഷോഭത്തിന് വിജയം കൈവരിക്കാനാവില്ല, എന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച ജനസംഘം നേതാക്കളോട് നിരാശയോടെ പറഞ്ഞിരുന്നു. മറ്റൊരു നേതാവ് ഗോവിന്ദപ്പിള്ള നാടന്‍ കലകളെക്കുറിച്ചു പഠിക്കാന്‍ കേരളത്തിനു പുറത്തുള്ള ഒരു സര്‍വകലാശാലയുടെ ഫെലോഷിപ്പ് സംഘടിപ്പിച്ചുപോയി. എല്ലാ കക്ഷികള്‍ക്കും യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കാന്‍ കുരുക്ഷേത്രയോ, സംഘപ്രവര്‍ത്തകരോ വേണ്ടിവന്നു. 

പ്രത്യക്ഷമായി സമരത്തിനിറങ്ങിയവര്‍ മാത്രമല്ല, മറ്റു വിധത്തില്‍ ജനജാഗരണത്തിനിറങ്ങിയവര്‍ക്കും  അറസ്റ്റും അതിക്രൂരമായ മര്‍ദ്ദനങ്ങളും ഏല്‍ക്കേണ്ടിവന്നു. അക്കൂട്ടത്തില്‍പ്പെട്ട പലരും മരണവക്ത്രത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു വന്നവരാണ്. അന്നത്തെ പീഡനങ്ങള്‍ മൂലം ഏറ്റ ദുരിതങ്ങള്‍ ഒഴിയാതെ ജീവിക്കുന്ന നൂറുകണക്കിനാളുകള്‍ ഇന്നും നരകസമാനമായ ജീവിതം നയിച്ചുവരുന്നു. ജീവിതത്തിന്റെ നല്ല കാലത്താണ് അവര്‍ സ്വാതന്ത്ര്യസംരക്ഷണത്തിനായി പടക്കളത്തിലിറങ്ങിയത്. നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് അടിയന്തരാവസ്ഥാ പീഡിതരുടെ ആദ്യ സംസ്ഥാന സമാഗമം ആലുവയില്‍ നടന്നപ്പോള്‍ ഉണ്ടായിരുന്നവരില്‍ നൂറോളം പേര്‍ ഇന്നു ജീവിച്ചിരിക്കുന്നില്ല എന്ന് ആലുവാ പരിപാടിയില്‍ അറിയിക്കപ്പെട്ടു.

നാലരപതിറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങള്‍ നടത്തിയ ഐതിഹാസിക സമരങ്ങളുടെ പരിണതഫലമായി വിടര്‍ന്നുവന്ന രാഷ്ട്രീയ-സാംസ്‌കാരിക അന്തരീക്ഷത്തിന്റെ തണലിലാണ് രാജ്യം ആശ്വാസം കൊള്ളുന്നതെന്നു നമുക്കറിയാം. ആ തണല്‍ സൃഷ്ടിക്കാന്‍ കാരണക്കാരായവരെക്കുറിച്ച് സഹതാപാര്‍ദ്രമായ സമീപനം; അതനുഭവിക്കുന്നവരില്‍നിന്നു പ്രതീക്ഷിച്ചുകൊണ്ടാണ് ആലുവാ പരിപാടി സമാപിച്ചത്.

അടിയന്തരാവസ്ഥക്കാലത്തെ സംഘ പ്രചാരകരുടെ പ്രവര്‍ത്തനം ബഹുതലസ്പര്‍ശിയായിരുന്നു. അതില്‍ അഗാധതയിലേക്കാണ്ടിറങ്ങി ഭാവിയിലേക്ക് പ്രചോദനവും പ്രകാശവും നല്‍കുന്ന പ്രവര്‍ത്തനം നിശ്ശബ്ദം നടത്തിയ ഒരാളെ ഇവിടെ പരാമര്‍ശിക്കാതിരിക്കാന്‍ കഴിയുന്നില്ല. തൊണ്ണൂറാം വയസ്സില്‍ എത്തിനില്‍ക്കുന്ന നമ്മുടെ എം.എ. സാര്‍ എന്ന എം.എ. കൃഷ്ണനെയാണുദ്ദേശിക്കുന്നത്. ആരോഗ്യം ഇന്നത്തെപ്പോലെ അന്നും മോശമായിരുന്നിട്ടും തന്റെ മേല്‍ ഉണ്ടായിരുന്ന മിസാ വാറണ്ടിനെ കണക്കാക്കാതെ കേരളത്തിലുടനീളം സഞ്ചരിച്ച് സാഹിത്യരംഗത്തും ചിന്താമണ്ഡലത്തിലും സ്വാധീനം ചെലുത്തിയ ഒട്ടേറെ പ്രശസ്തരെ സന്ദര്‍ശിച്ച് സംസാരിക്കാനും, അവരുടെ വീക്ഷണങ്ങള്‍ക്കു ഒരു പുതിയ സരണി സൃഷ്ടിക്കാനും ശ്രമിച്ചു. അതിന് അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ വി.എം. കൊറാത്തിനെപ്പോലുള്ള പ്രഗല്‍ഭരും മുന്നോട്ടുവന്നു.

ആ പരിശ്രമത്തിന്റെ ഭാഗമായി നടന്ന വി.ടി. ഭട്ടതിരിപ്പാടിന്റെ 80-ാം പിറന്നാള്‍ അഭിനന്ദനസദസ്സും, കേസരി രജതജയന്തി ആഘോഷങ്ങളും, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും പുതിയൊരു കലാ, സാഹിത്യ, സാംസ്‌കാരിക സരണിക്കു തുടക്കംകുറിച്ചു. അടിയന്തരാവസ്ഥക്കാലത്തെ ബഹുതല സ്പര്‍ശിയായ സംരംഭങ്ങളിലെ സ്ഥായിയായ ഒരു തലമായി അവ കരുതപ്പെടുന്നു. മറ്റൊരു കാര്യംകൂടി ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അടിയന്തരാവസ്ഥയില്‍ ഏറ്റവും വലിയ ആഘാതമേറ്റത് പത്രസ്വാതന്ത്ര്യത്തിനായിരുന്നല്ലോ. പത്രമാരണ നടപടികള്‍ അതിന്റെ ഏറ്റവും കരാളമായ വിധത്തിലാണ് നടപ്പാക്കപ്പെട്ടത്. ആദ്യം ദല്‍ഹിയിലെ പത്രമാഫീസുകളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമേ അടിയന്തരാവസ്ഥാ പ്രഖ്യാപനം ഇന്ദിരാഗാന്ധി പ്രക്ഷേപണം ചെയ്തുള്ളുവത്രേ.

മലയാള പത്രങ്ങള്‍ക്കിടെ അതിന്റെ ആഘാതം ഏറ്റവും കടുത്ത തോതില്‍ ഏറ്റത് ജന്മഭൂമിക്കായിരുന്നു. കോഴിക്കോട് സായാഹ്‌നപ്പതിപ്പായി ജന്മഭൂമി ആരംഭിച്ച് ഒരു മാസം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. മുഖ്യപത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി, പ്രകാശകന്‍ യു. ദത്താത്രയറാവു, സഹപത്രാധിപര്‍ കക്കട്ടില്‍ രാമചന്ദ്രന്‍, പൊതുചുമതല വഹിച്ചുവന്ന പി. നാരായണന്‍ എന്നിവരെ അവരുടെ താമസസ്ഥലങ്ങളില്‍ അര്‍ധരാത്രി ചെന്ന് അറസ്റ്റ് ചെയ്യുകയും, ആഫീസ് ഉപകരണങ്ങളും ഫോണും തകര്‍ക്കുകയും ചെയ്തിരുന്നു. ദത്താത്രയറാവുവിന് അതിഭീകരമായ പീഡനം അനുഭവിക്കേണ്ടിവരികയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ എറണാകുളത്തുനിന്ന് പുനരാരംഭിച്ച 'ജന്മഭൂമി'യാണ് ഇന്ന് നമുക്ക് ലഭ്യമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.