എക്‌സ്‌റേ, സിടി സ്‌കാന്‍, ഡയാലിസിസ് യന്ത്രങ്ങള്‍ക്ക് നിയന്ത്രണം

Saturday 9 February 2019 8:19 pm IST
2020 ഏപ്രില്‍ ഒന്നു മുതല്‍ ഇത്തരം എട്ട് ചികിത്സാ ഉപകരണങ്ങള്‍ കൂടി ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്സ് ആക്ടിന്റെ പരിധിയിലുള്‍പ്പെടുത്താനാണ് തീരുമാനം. ഇവയുടെ വിലയും അതുവഴി ചികിത്സാ ചെലവും കുറഞ്ഞേക്കും. ഇപ്പോള്‍ 23 ചികിത്സാ ഉപകരണങ്ങള്‍ മാത്രമേ ഈ നിയമത്തിന്റെ പരിധിയിലുള്ളൂ.

ന്യൂദല്‍ഹി: എക്‌സ്‌റേ യന്ത്രങ്ങള്‍, എംആര്‍ഐ, സിടി സ്‌കാനറുകള്‍, ഡയാലിസിസ് യന്ത്രങ്ങള്‍, ശരീരത്തില്‍ വച്ചുപിടിപ്പിക്കുന്ന കൃത്രിമ അവയവങ്ങള്‍ (ഇംപ്ലാന്റുകള്‍), ഡിഫൈബ്രിലേറ്ററുകള്‍, പിഇടി ഉപകരണം, അസ്ഥി മജ്ജ വേര്‍തിരിക്കുന്ന ഉപകരണം തുടങ്ങിയവയ്ക്കു മേല്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇവയുടെ ഗുണനിലവാരം ഉറപ്പിക്കാനും അതുവഴി മെച്ചപ്പെട്ട ചികിത്സ ന്യായമായ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമാണ് നടപടി. 

2020 ഏപ്രില്‍ ഒന്നു മുതല്‍  ഇത്തരം എട്ട് ചികിത്സാ ഉപകരണങ്ങള്‍ കൂടി ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്സ് ആക്ടിന്റെ പരിധിയിലുള്‍പ്പെടുത്താനാണ് തീരുമാനം. ഇവയുടെ വിലയും അതുവഴി ചികിത്സാ ചെലവും കുറഞ്ഞേക്കും. ഇപ്പോള്‍ 23 ചികിത്സാ ഉപകരണങ്ങള്‍ മാത്രമേ ഈ നിയമത്തിന്റെ പരിധിയിലുള്ളൂ. 

ചികിത്സാ രംഗത്ത് അനിവാര്യമായ ഉപകരണങ്ങളാണിവ. എന്നാല്‍, വിപണയില്‍ ലഭ്യമാകുന്ന ഇവയുടെ ഗുണനിലവാരത്തില്‍ ഉറപ്പൊന്നുമില്ല. ഇത് ചികിത്സയെ ബാധിക്കുന്നുണ്ട്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്നതോടെ ഇവയുടെ വിലയും ഗുണനിലവാരവും നിരന്തരം പരിശോധിക്കും. ഇവയുടെ ഇന്ത്യയിലെ നിര്‍മാതാക്കളും ഇറക്കുമതി ചെയ്യുന്നവരും ഉത്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. 

ഉത്പന്നങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ ലേബലുകള്‍ ഇവയില്‍ പതിക്കേണ്ടിവരും. അങ്ങനെ നിലവാരമില്ലാത്ത ഉപകരണം എവിടെ എപ്പോള്‍ നിര്‍മിച്ചെന്ന് വേഗം കണ്ടെത്താനും നടപടി സ്വീകരിക്കാനും കഴിയും. ദേശീയ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലതല യോഗമാണ് ഈ തീരുമാനമെടുത്തത്.

ഇത്തരം ചികിത്സാ ഉപകരണങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ നടപടി വേണമെന്ന് നിതി ആയോഗ് കഴിഞ്ഞ 30ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ചികിത്സാ ഉപകരണ വ്യവസായം 50,000 കോടി രൂപയുടേതാണ്. ജപ്പാന്‍, ചൈന, തെക്കന്‍ കൊറിയ കഴിഞ്ഞാല്‍ ഏഷ്യയിലെ ചികിത്സോപകരങ്ങളുടെ നാലാമത്തെ ഉത്പാദകരാണ് ഇന്ത്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.