മനോനിയന്ത്രണം ശീലിക്കുക

Sunday 10 February 2019 3:35 am IST

മക്കളെ, 

ചെറുപ്പം മുതല്‍ സ്വന്തം വികാരവിചാരങ്ങളെ നിയന്ത്രിക്കാന്‍ ശീലിച്ചവരാണ് പില്‍ക്കാലത്ത് വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. എങ്ങനെയാണ് ദുര്‍വിചാരങ്ങളും ദുരാഗ്രഹങ്ങളും നമ്മളെ കീഴ്‌പ്പെടുത്തുന്നത്? ദുര്‍വികാരങ്ങള്‍ പൊടുന്നനെ വളരുകയല്ല ചെയ്യുന്നത്. ആദ്യം ഒരു ചിന്ത വരുന്നു. തുടര്‍ന്ന് അത്തരം ചിന്തകളുടെ തുടര്‍പ്രവാഹമുണ്ടാകുന്നു. ക്രമേണ അതു ശക്തമായ ആഗ്രഹമായും വികാരമായും പരിണമിച്ച് മനസ്സിനെ ഗ്രസിക്കുന്നു. മരം വെട്ടുന്നയാള്‍ കോടാലികൊണ്ട് ആദ്യം ഒരിടത്തു വെട്ടുന്നു. പിന്നീട് അതേ മുറിവില്‍ വീണ്ടും വീണ്ടും വെട്ടുന്നു. ഇതുപോലെ തന്നെയാണ് ദുര്‍വിചാരങ്ങള്‍ മനസ്സില്‍ ആഴത്തില്‍ പതിയുന്നത്. എന്നാല്‍ തുടക്കത്തിലേ

ചിന്തയെത്തന്നെ നീക്കം ചെയ്യാന്‍ സാധിച്ചാല്‍ ഇത്തരം വികാരങ്ങളെ നമുക്ക് വേഗം കീഴ്‌പ്പെടുത്താം. കാട്ടുതീ തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ അതെളുപ്പം അണയ്ക്കാന്‍ കഴിയും. വൈകിപ്പോയാല്‍ പ്രയാസകരമാണ്. അതുപോലെയാണ് ചീത്തവികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും കാര്യം. അവയെ ജയിക്കാന്‍ നമ്മുടെയുള്ളില്‍ ബോധത്തെ കൊണ്ടുവരണം. ബോധമെന്നാല്‍ വിവേകത്തോടുകൂടിയ ജാഗ്രതയാണ്.      

ഒരു പ്രഷര്‍രോഗിയുടെ ഉദാഹരണം എടുക്കാം. ആരെങ്കിലും വറുത്തപലഹാരങ്ങള്‍ അയാള്‍ക്ക് നേരെ നീട്ടിയാല്‍ എന്തായിരിക്കും ആദ്യം അയാളുടെ മനസ്സില്‍ തോന്നുക. 'ഹാ, എന്തൊരു മണം. കഴിക്കാന്‍ നല്ല രുചിയുണ്ടാവും.' ആദ്യനിമിഷത്തില്‍ തന്നെ ഇങ്ങനെയൊക്കെയുള്ള ചിന്തകള്‍ വരാതെ നോക്കാന്‍ എളുപ്പമല്ല. എന്നാല്‍ അടുത്ത നിമിഷം അയാള്‍ക്ക് തന്റെ രോഗത്തെക്കുറിച്ചുള്ള ഓര്‍മ്മ വരുന്നു. 'ഇത് ഞാനിപ്പോള്‍ കഴിച്ചാല്‍ പ്രഷര്‍ കൂടി തലകറങ്ങിവീണെന്നു വരാം. തലച്ചോറിലെ വല്ല ഞരമ്പും പൊട്ടിയെന്നു വരാം. ഒരുവശം തളര്‍ന്നുകിടന്നു പോയെന്നു വരാം.'    ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ആ പലഹാരം തിന്നാനുള്ള കൊതി അയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നു. ഇഷ്ടഭക്ഷണം കഴിക്കണമെന്നുള്ള സങ്കല്പം വിവേകംകൊണ്ട് മാറ്റുന്നു. 

ഒരു ചിന്ത ആഗ്രഹമായും വികാരമായും വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അതിനെ നിയന്ത്രിക്കാന്‍ വലിയ പ്രയാസമാണ്. ഒരു വാഹനം സ്പീഡ് എടുത്തു കഴിഞ്ഞാല്‍ അതിനെ ഉടന്‍ നിര്‍ത്താനാവില്ല. എന്നാല്‍ അതിനുമുമ്പാണെങ്കില്‍ എളുപ്പം സാധിക്കും. 

ഒരാള്‍ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനെ കാണാനായി അയാളുടെ വീട്ടില്‍ പോയി. കൂട്ടുകാരന്‍ വീട്ടിലില്ലായിരുന്നു. ആ വീട്ടിലെ നിത്യസന്ദര്‍ശകനായതുകൊണ്ട് കൂട്ടുകാരന്റെ ഭാര്യ അയാളെ വീട്ടിനകത്തു കയറ്റിയിരുത്തി. കൂട്ടുകാരന്‍ വരുന്നതും കാത്ത് അയാള്‍ അവിടെയിരുന്നു. ആ സമയത്ത് കൂട്ടുകാരന്റെ ഭാര്യ കുളികഴിഞ്ഞ് ഈറന്‍ തുണിയുടുത്ത്  കുളിമുറിയില്‍നിന്നും പുറത്തേയ്ക്കു വന്നു.  പെട്ടെന്ന് അയാളുടെ ശ്രദ്ധ കൂട്ടുകാരന്റെ ഭാര്യയില്‍ പതിഞ്ഞു. അവരോട് അതിയായ ആകര്‍ഷണം തോന്നി. വികാരം അടക്കുക പ്രയാസമായി അനുഭവപ്പെട്ടു. എന്നാല്‍ അതേസമയം അയാളുടെ വിവേകബുദ്ധി അയാളെ ഉപദേശിച്ചു, 'നിന്റെ ഉറ്റ സുഹൃത്തിന്റെ ഭാര്യയാണ് ഈ സ്ത്രീ. ഇപ്പോള്‍ തെറ്റു ചെയ്താല്‍ അത് കൂട്ടുകാരനോടു ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാകും. രണ്ടു പേരുടെയും കുടുംബങ്ങള്‍ ഇക്കാരണംകൊണ്ട് തകര്‍ന്നുപോയെന്നുവരാം. അതുകൊണ്ട് എത്ര പ്രയാസപ്പെട്ടാണെങ്കിലും മനസ്സിനെ നിയന്ത്രിക്കുകതന്നെ ചെയ്യൂ.' അങ്ങനെ ബോധം ഉണര്‍ന്നതോടെ അയാള്‍ക്ക് മനസ്സിനെ നിയന്ത്രിക്കാനുള്ള ശക്തി ലഭിച്ചു. 

ഇതുകൊണ്ടാണ് ബോധം വളര്‍ത്തിയെടുക്കണമെന്ന് അമ്മ എപ്പോഴും പറയുന്നത്. ഒരു കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായെന്നിരിക്കട്ടെ. അതില്‍ ഫയര്‍ അലാറം ഉണ്ടെങ്കില്‍, അതില്‍ പുക തട്ടിയാലുടനെ അലാറം അടിക്കും, അഗ്‌നിശമനസേന ഉടനെ എത്തുകയുംചെയ്യും. ഇത്തരത്തിലുള്ള അലാറം ഉപയോഗിക്കുന്നതിലൂടെ അഗ്‌നിബാധ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നു. അതുപോലെ വിവേകം അല്പമെങ്കിലും മനസ്സിലുണ്ടെങ്കില്‍ തെറ്റായ ചിന്തകള്‍ ഉദിക്കുമ്പോള്‍ത്തന്നെ അവയെ തിരിച്ചറിഞ്ഞ് ഉന്മൂലനം ചെയ്യാന്‍ കഴിയും. 

ഇന്നു നമ്മുടെ മനസ്സ് നമ്മുടെ കൈയിലല്ല. അത് ഒരു പഴയ വണ്ടി പോലെയാണ്. ബ്രേക്കിട്ടാലും,  ഇടിച്ചിട്ടേ നില്‍ക്കുകയുള്ളൂ. ടിവി കാണുന്നയാള്‍ കൈയിലെ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് ടിവി ചാനലുകളെ നിയന്ത്രിക്കുന്നതുപോലെ, നമ്മുടെ മനസ്സിന്റെ നിയന്ത്രണവും നമ്മുടെ കൈയില്‍ കൊണ്ടുവരണം. അതിനു നിരന്തരപ്രയത്‌നം ആവശ്യമാണ്. 

ദുശ്ചിന്തകളെ തുടക്കത്തില്‍ത്തന്നെ നിയന്ത്രിക്കുവാന്‍ സാധിക്കണമെങ്കില്‍ അതിനുതക്ക ആദ്ധ്യാത്മികസാധനകള്‍ നേരത്തെതന്നെ തുടങ്ങിയിരിക്കണം. പൂര്‍വ്വസംസ്‌കാരത്തില്‍ നിന്നാണ് ആഗ്രഹങ്ങളും വികാരങ്ങളുമൊക്കെ ഉണ്ടാകുന്നതെന്നതിനാല്‍ നല്ല സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. ഉപ്പുവെള്ളത്തില്‍ തുടര്‍ച്ചയായി ശുദ്ധജലം ഒഴിച്ചുകൊണ്ടിരുന്നാല്‍ ഉപ്പിന്റെ കാഠിന്യം കുറയുന്നതുപോലെ അനുകൂല സംസ്‌കാരം വളര്‍ത്തി ചീത്തസംസ്‌കാരത്തെ ജയിക്കുക. നല്ല സംസര്‍ഗ്ഗവും ആദ്ധ്യാത്മികചിന്തകളും അതിനു സഹായിക്കും. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ഏതു വിപരീതചിന്തയെയും അമര്‍ത്തുംവിധം നമ്മളിലെ ബോധം ശക്തിപ്രാപിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.