രേഖാമൂലം

Sunday 10 February 2019 3:50 am IST

സിപിഎം നവോത്ഥാനത്തില്‍ പങ്കില്ലാത്ത പാര്‍ട്ടി: ശ്രീധരന്‍പിള്ള

 

നവോത്ഥാന നായകന്റെ കുപ്പായം ഇടാന്‍ മോഹിച്ചിറങ്ങിയിരിക്കുകയാണ് പിണറായി വിജയന്‍. യഥാര്‍ത്ഥത്തില്‍ നവോത്ഥാനത്തില്‍ ഒരു പങ്കുമില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. 

കേരളത്തിലും അഖിലേന്ത്യാതലത്തിലും സിപിഎം തകരാന്‍ പോകുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ദേശീയരാഷ്ട്രീയത്തില്‍ നിന്ന് അവര്‍ അപ്രത്യക്ഷമാകും. ദേശീയപാര്‍ട്ടി എന്ന പദവി നഷ്ടപ്പെടും. സിപിഎമ്മും സിപിഐയും പ്രാദേശിക പാര്‍ട്ടികളായി മാറും. അവരുടെ ചിഹ്നം നഷ്ടപ്പെടും. പ്രാദേശിക പാര്‍ട്ടികളായി രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് അവര്‍ ചിഹ്നത്തിന് അപേക്ഷിക്കേണ്ടിവരും. പരമ്പരാഗത ചിഹ്നത്തില്‍ അവര്‍ മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പാണിത്.

                                                                                             പി.എസ്. ശ്രീധരന്‍പിള്ള

നല്ല കലയ്ക്ക് ബിസിനസുണ്ടാകുമെന്ന തിരിച്ചറിവില്‍ നിന്നുണ്ടായ മാറ്റമായാണ് അതിനെ ഞാന്‍ കാണുന്നത്. 20 വര്‍ഷം മുമ്പ് 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയുടെ കഥ ഒരു ഫിലിംമേക്കര്‍ ഒരു കണ്‍വെന്‍ഷനല്‍ പ്രൊഡ്യൂസറോട് പറയുകയാണെങ്കില്‍ ചിലപ്പോള്‍ ആ സിനിമ നടന്നുകൊള്ളണമെന്നില്ല. സമൂഹം മാറി, ആസ്വാദന നിലവാരം മാറി, പ്രേക്ഷക സമൂഹം മാറി. ഇന്ന് ഒരു സിനിമ നല്ലതാണെങ്കില്‍ അതില്‍ ആര് അഭിനയിച്ചാലും, ആര് നിര്‍മ്മിച്ചതാണെങ്കിലും തിയറ്ററില്‍ വിജയിക്കുമെന്ന അവസ്ഥയിലേക്ക് നമ്മള്‍ എത്തിപ്പെട്ടുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അത് ആരോഗ്യപരമായ മാറ്റം തന്നെയാണ്. അതേസമയം എല്ലാ നല്ല സിനിമകളും അങ്ങനെ സംഭവിക്കുന്നില്ല. ചില നല്ല സിനിമകള്‍ പരാജയപ്പെടുന്നു. അതെന്നും ഉണ്ടാവും. 

മനുഷ്യജീവിതമെന്തെന്ന ചോദ്യം ആവര്‍ത്തിച്ച് ചോദിക്കുന്ന എഴുത്തെന്ന് വേണമെങ്കില്‍ പറയാം. മനുഷ്യരുടെ പുറം ജീവിതം മാത്രമല്ല, പ്രധാനമായും അവരുടെ അകംജീവിതം. മലയാളത്തില്‍ ബഷീര്‍, മാധവിക്കുട്ടി, ഒ.വി. വിജയന്‍, വൈലോപ്പിള്ളി എന്നിവര്‍ക്കാണത് ഏറ്റവും സാധ്യമായത്. അവരിലോരോരുത്തരും സത്യാന്വേഷണത്തെ സ്വതഃസിദ്ധമായ രീതികളിലാണ് പിന്തുടര്‍ന്നത്. വിജയനില്‍ അത് നിത്യസന്ദേഹമാണ്, മാധവിക്കുട്ടിയില്‍ അത് ശരീരത്തിന്റെ തമസ്‌കരിക്കപ്പെട്ട സത്യമാണ്. വൈലോപ്പിള്ളിയില്‍ ആധുനികതയുടെ ആത്മസംഘര്‍ഷമാണ്.

                                                                                        ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

അമ്മയില്ലാതാവുമ്പോള്‍

പുണ്യങ്ങളൊടുങ്ങുന്നു

അമ്പലങ്ങളൊക്കെയും

ശ്രീകോവിലടയ്ക്കുന്നു

മണ്ണിലേയ്ക്കിറങ്ങിയ

ദൈവത്തിന്‍ തൊട്ടില്‍പോലാം

ജന്മബന്ധത്തിന്‍ നാഭീ-

നാളവും മുറിയുന്നു

                                                                                  (ആലങ്കോട് ലീലാകൃഷ്ണന്‍)

 

ഒരിക്കല്‍പോലും അച്ഛന്‍ വീട്ടില്‍ മദ്യക്കുപ്പികള്‍ സ്വീകരിച്ചിരുന്നില്ല. ഒരിക്കലും മദ്യപിച്ചു ഞങ്ങള്‍ കുട്ടികള്‍ക്ക് മുന്നില്‍ വെളിപ്പെട്ടിട്ടില്ല. എന്നാല്‍ സിഗരറ്റില്ലാത്ത അച്ഛന്‍ അപൂര്‍വ കാഴ്ചയായിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരും വലിച്ചിരുന്നു. ഇളയവല്യച്ഛന്‍ ക്യാപ്റ്റന്‍ പദ്മാക്ഷന്റെ വിരലില്‍ അതൊരു ചുവന്ന അരളിപ്പൂവിന്റെ പൊട്ടിച്ചിനക്കല്‍ ആയിരുന്നെങ്കില്‍ മൂത്ത വല്യച്ഛന്‍ ഡോക്ടര്‍ പദ്മജന്റെ കൈയില്‍ അത് ഒരു നെടുങ്കന്‍ അമ്പലവിളക്കിനറ്റത്തെ ദീപനാളം. ഇരുവരും നാല്‍പ്പതിലും നാല്‍പ്പത്തിയാറിലും ഹൃദയം നിലച്ച് അണഞ്ഞുപോയി. ആ ദിവസങ്ങളില്‍ സിഗരറ്റിന് ചെറിയ ഇടവേളകള്‍ അച്ഛന്‍ അനുവദിച്ചിരുന്നു. എങ്കിലും, വിടാന്‍ കൂട്ടാക്കാത്ത ഒരു വേതാളത്തെ പോലെ അത് പിന്നെയും ആ വിരലുകളിലേറി.

                                                                             (പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍)

നമുക്കു ലഭിക്കുന്ന കഥാപാത്രങ്ങള്‍ തരംതിരിച്ച് കാണാതെ അഭിനയിച്ച് ഫലിപ്പിക്കുന്നതിലാണ് ഒരു നടന്റെ വിജയം. ആ വര്‍ത്തനവിരസതയുള്ള കഥാപാത്രങ്ങള്‍ പോലും സംതൃപ്തിയോടെയാണ് ഞാന്‍ സമീപിക്കാറുള്ളത്. എന്നാല്‍ മാത്രമേ അഭിനയിക്കാന്‍ കഴിയൂ. രഞ്ജിത്തിന്റെ ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ വളരെ സീരിയസായ ഒരു കഥാപാത്രത്തെയാണ് എനിക്ക് കിട്ടിയത്. ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന എന്റെ ആശങ്കയ്ക്ക് നീയേ അത് ചെയ്യൂ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. ആ വാക്കായിരുന്നു കഥാപാത്രം അവതരിപ്പിക്കാനുള്ള പിന്നീടെന്റെ ഊര്‍ജം.

ഇന്നത്തെ ലോകത്തില്‍ വ്യക്തി വ്യക്തിയിലേക്കും ജാതി ജാതിയിലേക്കും മതം മതത്തിലേക്കും ചുരുങ്ങുകയാണ്. നമുക്ക് മതബോധവും രാഷ്ട്രബോധവുമൊക്കെയുണ്ട്. എന്നാല്‍, സാമൂഹികബോധവും ലോകം ഒരു കുടുംബമാണെന്ന ബോധവും തീരേ കുറവാണ്. എന്നാല്‍ അതല്ല വേണ്ടത്. വ്യക്തിബോധം സമൂഹബോധമായി വളരണം. പാര്‍ട്ടിബോധം രാഷ്ട്രബോധമായി വികസിക്കണം. മതബോധം മൂല്യബോധമായി വളരണം. രാഷ്ട്രബോധം വിശ്വമാനവബോധമായി വികസിക്കണം. ഞാന്‍ എന്ന ഭാവത്തില്‍ നിന്ന് നമ്മള്‍ എന്ന ഭാവത്തിലേക്കാണ് വളരേണ്ടത്, ഞങ്ങള്‍ എന്ന ഭാവത്തിലേക്കല്ല.

നേതൃത്വത്തിന്റെ മുഖത്തുനോക്കി അഭിപ്രായം പറയണമെന്ന് യൂത്ത് കോണ്‍ഗ്രസുകാരെ പഠിപ്പിച്ച നേതാക്കളാണ് എ.കെ. ആന്റണിയും വയലാര്‍ രവിയും. കരുണാകരന്റെ പുത്രവാത്സല്യത്തെ എതിര്‍ത്തവരാണ്. അതേ ആന്റണിയാണ് സ്വന്തം മകനെ കൊണ്ടുവരുന്നത്. വയലാര്‍ രവിയാണ് കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും ഉണ്ടാക്കിയതെന്ന് ഞങ്ങളെല്ലാം അംഗീകരിക്കുന്നവരാണ്. ആ വയലാര്‍ രവിയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അറിയാമല്ലോ. വളരെ മോശമാണ്. പക്ഷേ, അതറിയാമായിരുന്നിട്ടും വീണ്ടും രാജ്യസഭയിലേക്കു കൊണ്ടുപോയി. കാരണം, വയലാര്‍ മാറിയാല്‍ ആന്റണിയും മാറേണ്ടിവരും.

                                                                               (കെപിസിസി നിര്‍വാഹകസമിതി അംഗം ആര്‍.                                                                                                                                                അരുണ്‍രാജ്)

                                                                                                                      

ഞങ്ങള്‍ക്ക് മതമില്ല, ജാതിയില്ല, വര്‍ഗ വര്‍ണ വിവേചനമില്ല. മകളെയും അങ്ങനെയാണ് വളര്‍ത്തുന്നത്. പക്ഷേ, സാമൂഹിക പ്രശ്‌നങ്ങള്‍ ഒട്ടേറെയുണ്ട്. പത്തു വയസ്സുള്ള മോള്‍ക്ക് ഇപ്പോള്‍ത്തന്നെ അത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരാറുണ്ട്. ജാതി-മത കോളങ്ങള്‍ പൂരിപ്പിക്കാത്തതിന് ടീച്ചറില്‍ നിന്നും അധിക്ഷേപം കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ബ്രിട്ടോ മരിച്ചശേഷം സ്‌കൂളില്‍ ചെന്നപ്പോള്‍ നിനക്ക് പെലെയാണ് തൊടരുതെന്ന് പറഞ്ഞു മാറിപ്പോയ കുട്ടികളുണ്ട്. ഇതൊന്നും മോള്‍ക്കറിയില്ല. അവള്‍ കേട്ടിട്ടുകൂടിയില്ല. പത്തു വയസ്സുള്ള കുട്ടികള്‍ അത് പറയുന്നത് വീടുകളില്‍ നിന്നും കിട്ടുന്ന അറിവ് അതായതു കൊണ്ടാണ്. അടുത്ത തലമുറയുടെ വളര്‍ച്ച ഏതു രീതിയിലാണെന്നു നോക്കുക. എന്തായാലും ഞാന്‍ ഒന്നിനെയും ഭയക്കുന്നില്ല. 

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇഷ്ടം സ്‌പെയിനിനോടാണ്. സമ്മര്‍ദ്ദമില്ലാതെ 90 മിനിറ്റും കളിക്കാന്‍ അവര്‍ക്കാവും. ഏത് സമയത്തും ഗോളടിക്കാന്‍ പ്രാപ്തിയുള്ള ടീം. ലീഗുകളില്‍ നല്ല ഫൈറ്റ് നടക്കുന്നതിനാല്‍ ക്വാളിറ്റി പ്ലയേഴ്‌സാണ് സ്‌പെയിനിന്റെ മുതല്‍ക്കൂട്ട്. ഇഷ്ടതാരം ആരെന്ന് ചോദിച്ചാല്‍ പോര്‍ച്ചുഗലിലേക്ക് പോവും. അത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെ. ലോക ഫുട്‌ബോളിലെ വന്‍ ശക്തിയാവാന്‍ നമ്മുടെ രാജ്യത്തിന് കഴിയും. തലപ്പത്തുള്ളവര്‍ രാഷ്ട്രീയക്കളികള്‍ കുറച്ച് ഫുട്‌ബോളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. മലപ്പുറം ജില്ലയുടെയത്ര പോലും ജനസംഖ്യയില്ലാത്ത രാജ്യങ്ങള്‍ ഫുട്‌ബോളില്‍ മേല്‍വിലാസമുണ്ടാക്കുമ്പോള്‍ 134 കോടി ജനങ്ങളുള്ള നമുക്ക് അവരെക്കാള്‍ എത്രയോ മുന്നിലെത്താനാവും. 

                                                                                                         (അനസ് എടത്തൊടിക)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.