റഫാല്‍ : കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

Sunday 10 February 2019 10:39 am IST
പ്രധാനമന്ത്രിയെ ഏറെ നാളായി തനിക്ക് അറിയാമെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാനാവില്ല. സ്വന്തമായി ആരുമില്ലാത്ത മോദി എന്തിനാണ് അഴിമതിയിലൂടെ പണം സമ്പാദിക്കുന്നത്. ഭാര്യയ്ക്ക് വേണ്ടിയോ കുട്ടികള്‍ക്ക് വേണ്ടിയോ പണം സമ്പാദിക്കേണ്ട ആവശ്യം നരേന്ദ്ര മോദിക്കില്ലെന്നും രാജ്‌നാഥ് സിങ്

പാട്‌ന : റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി കാട്ടി എന്ന് ആരോപിക്കുന്നവര്‍ ആര്‍ക്ക് വേണ്ടിയാണ് അദ്ദേഹം പണം സമ്പാദിക്കുന്നതെന്നും ഉത്തരം പറയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

പൊതു തിരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച സംവാദത്തിനിടെയാണ് രാജ്‌നാഥ് സിങ് ഇത്തരത്തില്‍ പ്രതികരിച്ചത്. പ്രധാനമന്ത്രിയെ ഏറെ നാളായി തനിക്ക് അറിയാമെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാനാവില്ല. സ്വന്തമായി ആരുമില്ലാത്ത മോദി എന്തിനാണ് അഴിമതിയിലൂടെ പണം സമ്പാദിക്കുന്നത്. ഭാര്യയ്ക്ക് വേണ്ടിയോ കുട്ടികള്‍ക്ക് വേണ്ടിയോ പണം സമ്പാദിക്കേണ്ട ആവശ്യം നരേന്ദ്ര മോദിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. 

ജനങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ മോദി ഒത്തിരി കാര്യങ്ങള്‍ ചെയ്തു. ഇനിയും അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ദരിദ്ര രാജ്യമായിരുന്ന ഇന്ത്യ ഇന്ന് ഒരു കരുത്തുറ്റ രാജ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്ന ദിവസം വിദൂരമല്ല. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ മാത്രമായിരിക്കും അത് സംഭവിക്കുക.

കോണ്‍ഗ്രസ്സ് പടച്ചുവിടുന്ന കുപ്രചരണങ്ങളെ അതിജീവിച്ച് നരേന്ദ്ര മോദിക്കു കീഴില്‍ തന്നെയുള്ള ബിജെപി സര്‍ക്കാര്‍ അടുത്തതായി രൂപീകരിക്കുന്നതാണ്. പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലവിളികള്‍ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതിനിടെ തിരുപ്പൂരില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തും. ഇഎസ്‌ഐയുടെ എണ്ണൂരിലെ ആശുപത്രി നാടിന് സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി പെരുമാനല്ലൂരില്‍ ആശുപത്രി മന്ദിരത്തിന് തറക്കല്ലിടും.

കൂടാതെ ബിപിസിഎല്ലിന്റെ തീരദേശ ടെര്‍മിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബിജെപിയുടെ ഏഴ് ലോക് സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലെ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നതാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.