സിപിഎമ്മിന്റെ ചാനല്‍ വിറ്റത് കേന്ദ്ര നേതൃത്വം അന്വേഷിക്കുന്നു

Sunday 10 February 2019 12:10 pm IST
പ്രജാശക്തിയുടെ അക്കൗണ്ടിലുള്ള 127.71 കോടി നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ നേടിയാതാണെന്നും ആരോപണം ഉയരുന്നുണ്ട്. 2016 ലെ നോട്ട് നിരോധനത്തിനു പിന്നാലെയാണ് അക്കൗണ്ടിലേക്കു വലിയ തോതില്‍ പണം വന്നതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.

ഹൈദരാബാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 10 ടിവി എന്ന ചാനല്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് വിറ്റതില്‍ കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചു. നോട്ടു നിരോധന സമയത്ത് സിപിഎമ്മിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രജാശക്തി 127.71 കോടിയുടെ പഴയ നോട്ടുകള്‍ മാറിയത് വിവാദം ആയിരുന്നു. അതിനു പിന്നാലെയാണ് ചാനല്‍ വില്‍പ്പന സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്നത്. പ്രജാശക്തി കമ്പനിയുടെ ഉടമസ്ഥതയില്‍ ത്ന്നായാണ് ചാനലും പ്രവര്‍ത്തിച്ചിരുന്നത്. 

അതേസമയം പ്രജാശക്തി ഉള്‍പ്പെടെ രാജ്യത്തെ 18 കമ്പനികള്‍ക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തുന്നുണ്ടെന്നു കേന്ദ്രമന്ത്രി പി.പി. ചൗധരി കഴിഞ്ഞദിവസം ലോക്‌സഭയെ അറിയിച്ചിരുന്നു. 

പ്രജാശക്തിയുടെ അക്കൗണ്ടിലുള്ള 127.71 കോടി നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ നേടിയാതാണെന്നും ആരോപണം ഉയരുന്നുണ്ട്. 2016 ലെ നോട്ട് നിരോധനത്തിനു പിന്നാലെയാണ് അക്കൗണ്ടിലേക്കു വലിയ തോതില്‍ പണം വന്നതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. 

ചാനലിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ പോളിറ്റ് ബ്യൂറോ അംഗം ബി.വി. രാഘവലു ഉള്‍പ്പടെയുള്ള ചില നേതാക്കള്‍ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് കേന്ദ്രനേതൃത്വം ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

സിപിഎം മുഖപത്രം പ്രജാശക്തിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. മറ്റാരുടെയോ പണം കമ്പനി അക്കൗണ്ടില്‍ മാറി എന്ന തരത്തിലാണ് ആരോപണം ഉയര്‍ന്നത്. ഇക്കാര്യം പാര്‍ട്ടി പരിശോധിച്ചു വരികയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.