ചന്ദ്രബാബു നായിഡുവിന്റെ അവസരവാദ രാഷ്ട്രീയം തുറന്നുകാട്ടി മോദി

Sunday 10 February 2019 3:32 pm IST

ന്യൂദല്‍ഹി: ടിഡിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ അവസരവാദ രാഷ്ട്രീയം തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസുമായി കൂട്ടുകൂടാനുള്ള നായിഡുവിന്റെ ശ്രമങ്ങളില്‍ ടിഡിപി സ്ഥാപകനും മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയുമായിരുന്ന എന്‍ ടി രാമറാവുവിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്ന് ആന്ധ്രാപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് ഗുണ്ടൂരില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. 

കോണ്‍ഗ്രസിലെ ദല്‍ഹി കുടുംബത്തിന്റെ അഹങ്കാരം സഹിക്കവയ്യാതെയാണ് എന്‍ടിആര്‍ തെലുങ്കുദേശം പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ അതേ കോണ്‍ഗ്രസും ഗാന്ധി കുടുംബവുമായി സഖ്യത്തിലേര്‍പ്പെടാനാണ് ചന്ദ്രബാബു നായിഡു ശ്രമിക്കുന്നത്. താങ്കള്‍ ഇപ്പോള്‍ നയിക്കുന്ന ഈ പാര്‍ട്ടിയുടെ പിറവിയുടെ കാരണങ്ങളിലേക്ക് താങ്കളുടെ ഭാര്യാ പിതാവിനെ നയിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും ഗാന്ധി കുടുംബത്തിന്റെയും നിലപാടുകളാണെന്ന് മറക്കരുത്, മോദി പറഞ്ഞു. 

എന്‍ടിആറിന്റെ മൂത്തമകള്‍ ഭുവനേശ്വരിയുടെ ഭര്‍ത്താവാണ് ചന്ദ്രബാബു നായിഡു. എന്‍ടിആറിന്റെ മകളും ബിജെപി നേതാവുമായ പുരന്ദരേശ്വരി അടക്കമുള്ളവരെ സാക്ഷി നിര്‍ത്തിയാണ് മോദി നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. 

ആന്ധ്രയെ അപമാനിച്ച ദുഷ്ടന്മാരെന്നാണ്  കോണ്‍ഗ്രസിനെ എന്‍ടിആര്‍ വിശേഷിപ്പിച്ചിട്ടുള്ളതെന്ന് മോദി ജനക്കൂട്ടത്തെ ഓര്‍മിപ്പിച്ചു. ആന്ധ്രയിലെ വലിയ നേതാക്കളെ എല്ലാം ഗാന്ധി കുടുംബം അപമാനിച്ചിട്ടുണ്ട്. അതിന് മറുപടിയായാണ് ആന്ധ്രാപ്രദേശിനെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ എന്‍ടിആര്‍ തീരുമാനിച്ചത്. ടിഡിപിയുടെ ജനനവും അതിന് വേണ്ടിയായിരുന്നു. എന്നാല്‍ ഇന്ന് അതേ ടിഡിപിയുടെ നേതാവ് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ചന്ദ്രബാബു നായിഡു എന്‍ടിആറിനെ ബഹുമാനിക്കുന്നുണ്ടോ. എന്‍ടിആറിനെ അപമാനിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ കീഴടങ്ങാന്‍ നായിഡുവിനെ പ്രേരിപ്പിച്ചതെന്താണ്. സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പോലും മറക്കാന്‍ തക്ക എന്തു സമ്മര്‍ദ്ദമായിരുന്നു നായിഡുവിനുണ്ടായത്, മോദി ചോദിച്ചു. 

കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ എതിര്‍ത്ത് എന്‍ടിആര്‍ രൂപീകരിച്ച ടിഡിപിയില്‍ ഇന്ന് അച്ഛന്‍-മകന്‍ ഭരണമാണ്. നായിഡുവിനെ എന്‍. ലോകേഷിന്റെ അച്ഛനെന്ന് വിശേഷിപ്പിച്ച മോദി, ആന്ധ്രയുടെ ഉദയമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ നായിഡു ലോകേഷിന്റെ ഉദയത്തിന് മാത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി. 

ടിഡിപി മോദി സര്‍ക്കാരില്‍ നിന്ന് പുറത്തുപോയ ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതു പരിപാടിയായിരുന്നു ഗുണ്ടൂരില്‍ സംഘടിപ്പിച്ചത്. പതിനായിരങ്ങളാണ് പ്രധാനമന്ത്രിയുടെ പരിപാടിക്കായി ഗുണ്ടൂരില്‍ തടിച്ചുകൂടിയത്. 

തമിഴ്‌നാട്ടിലെ തിരുപ്പൂരിലും കര്‍ണാടകത്തിലെ ഹുബ്ബള്ളിയിലും വന്‍ ജനപങ്കാളിത്തമുള്ള റാലികളെ മോദി അഭിസംബോധന ചെയ്തു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിനെ കടന്നാക്രമിച്ച മോദി, സഖ്യകക്ഷിയെ തൃപ്തിപ്പെടുത്തിക്കഴിഞ്ഞ് ഭരിക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്കു സമയമില്ലെന്ന് കുറ്റപ്പെടുത്തി. 

പിന്നില്‍ നിന്നു കുത്താനും, തോല്‍ക്കാനും നായിഡു സീനിയര്‍

താനാണ് സീനിയറെന്ന് നായിഡു എപ്പോഴും ഓര്‍മിപ്പിക്കുന്നുണ്ടെന്ന് മോദി പരിഹസിച്ചു. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. താങ്കളോട് ഒരു ബഹുമാനക്കുറവും ഒരുകാലത്തും കാണിച്ചിട്ടില്ല. രാഷ്ട്രീയ സഖ്യങ്ങള്‍ മാറ്റുന്നതില്‍ താങ്കള്‍ സീനിയര്‍ തന്നെയാണ്. സ്വന്തം ഭാര്യാപിതാവിനെ പിന്നില്‍നിന്ന് കുത്തിയതിലും താങ്കള്‍ സീനിയറെന്ന് കാണിച്ചിട്ടുണ്ട്. ഒന്നിനു പുറമേ മറ്റൊന്നായി തെരഞ്ഞെടുപ്പുകള്‍ തോല്‍ക്കുന്നതിലും താങ്കള്‍ സീനിയര്‍ തന്നെ, മോദി പരിഹസിച്ചു. 

രാഷ്ട്രീയത്തില്‍ മോദിയെക്കാള്‍ സീനിയറായ തന്നോട് പ്രധാനമന്ത്രിയായ ശേഷം മോദി ബഹുമാനക്കുറവ് കാണിച്ചെന്ന് നായിഡു അടുത്തിടെ ആരോപിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.