രൂപത പിആര്‍ഒയെ തള്ളി കന്യാസ്ത്രീകള്‍; കുറവിലങ്ങാട് മഠത്തില്‍ തുടരും

Sunday 10 February 2019 6:27 pm IST

കോട്ടയം: കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ് നിലനില്‍ക്കുമെന്ന  ജലന്ധര്‍ രൂപത പിആര്‍ഒയുടെ നിലപാടിനെ തള്ളി കന്യാസ്ത്രീകള്‍. സ്ഥലം മാറ്റം റദ്ദാക്കിയത് അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നെലോയാണ്. ഫ്രാങ്കോയുടെ ആളായി പ്രവര്‍ത്തിക്കുന്ന പിആര്‍ഒയെ അനുസരിക്കേണ്ട ആവശ്യമില്ല. കേസ് പൂര്‍ത്തിയാകുന്നതുവരെ മഠത്തില്‍ തുടരുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. 

ഫ്രാങ്കോ മുളയ്ക്കന്‍ പീഡിപ്പിച്ചു എന്ന് പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ നിന്നും മാറ്റാനുള്ള നീക്കം മിഷണറീസ് ഓഫ് ജീസസ് സംന്യാസ സഭ ശക്തമായി നടത്തുന്നുണ്ടായിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്ത് വന്നതോടെയാണ് ഉത്തരവ് പിന്‍വലിക്കുന്നതായി ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള ബിഷപ്പ് ആഗ്‌നെലോ കന്യാസ്ത്രീകളെ അറിയിച്ചത്. 

ഇന്നലെ കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സിസ്റ്റര്‍ അനുപമയാണ് കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി ലഭിച്ചെന്ന് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു രൂപത പിആര്‍ഒയുടെ നിഷേധക്കുറിപ്പ് ഇറങ്ങിയത്. കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം നിര്‍ത്തിവച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ രൂപത പിആര്‍ഒ പീറ്റര്‍ കാവുംപുറം ആഗ്‌നെലോയെ തിരുത്തി വാര്‍ത്താക്കുറിപ്പ് ഇറക്കി. 

അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മഠത്തിലെ സ്ഥലമാറ്റത്തില്‍ ഇടപെടാനാകില്ലെന്നും സ്ഥലമാറ്റം നിലനില്‍ക്കുമെന്നും പിആര്‍ഒ വ്യക്തമാക്കി. എന്നാല്‍ പിആര്‍ഒയുടെ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് കന്യാസ്ത്രീമാര്‍ അറിയിച്ചു. പിആര്‍ഒ അല്ല അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തന്നെയാണ് രൂപതയുടെ അധികാരം. ഫ്രാങ്കോയുടെ ആളായി പ്രവര്‍ത്തിക്കുന്ന ആളാണ് പിആര്‍ഒ എന്നും ഇവര്‍ പ്രതികരിച്ചു. കേസ് നടപടികള്‍ തീരുന്നതു വരെ കുറവിലങ്ങാട്ടെ മഠത്തില്‍ തുടരുമെന്നും അവര്‍ അറിയിച്ചു. 

അതേസമയം അഡ്മിനിസ്‌ട്രേറ്ററുടെ അനുമതിയോടെയാണ് താന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്നും സ്ഥലം മാറ്റ ഉത്തരവ് നിലനില്‍ക്കുമെന്നും പിആര്‍ഒ പീറ്റര്‍ കാവുംപുറം അറിയിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് സഭാനേതൃത്വത്തിന്റെ പ്രതികാര നടപടി സംബന്ധിച്ച് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പ്രതികരിക്കാത്തത് കന്യാസ്ത്രീകളെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.