അബുദാബി കോടതികളില്‍ ഇനി മുതല്‍ ഹിന്ദിയും

Monday 11 February 2019 1:22 am IST

അബുദാബി: കോടതിഭാഷയില്‍ ഹിന്ദി ഉള്‍പ്പെടുത്തി സുപ്രധാന തീരുമാനവുമായി അബുദാബി. അറബിയും ഇംഗ്ലീഷും കഴിഞ്ഞാല്‍ കോടതികളില്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷകളില്‍ മൂന്നാമതായാണ് ഹിന്ദി ഉള്‍പ്പെടുത്തിയത്.

തൊഴില്‍സംബന്ധമായ പ്രശ്‌നങ്ങളില്‍ നിയമ സുതാര്യത ഉറപ്പാക്കുന്നതിനാണ് അറബി, ഇംഗ്ലീഷ് എന്നിവയുടെ കൂടെ ഹിന്ദിയും ഉള്‍പ്പെടുത്തിയത്. ഹിന്ദി മാത്രം സംസാരിക്കുന്നവര്‍ക്ക് നിയമനടപടികള്‍ പഠിക്കുന്നതിനും, ഭാഷാതടസ്സമില്ലാതെ അവകാശങ്ങളും, കടമകളും മനസ്സിലാക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം. കൂടാതെ രജിസ്‌ട്രേഷന്‍ നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റിലും ലഭ്യമാകും.

യുഎഇയിലെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും വിദേശികളാണ്. ഇതില്‍ 2.6 മില്ല്യണ്‍ ഇന്ത്യക്കാരാണ്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 30 ശതമാനവും ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്.

ടുമാറോ 2021 പദ്ധതിയുടെ ഭാഗമായി നിയമനടപടികളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും, പരാതികള്‍, അപേക്ഷകള്‍ എന്നിവ സമര്‍പ്പിക്കുന്നതിനുമായാണ് ബഹുഭാഷ സൗകര്യം നടപ്പാക്കുന്നത്.

അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായദ് അല്‍ നഹ്യാനിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2018 നവംബറിലാണ് പദ്ധതി തുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.