'ഹിന്ദു'വും രാഹുലും കള്ളക്കഥയും

Monday 11 February 2019 1:34 am IST
'പിഎംഒയും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും ഇക്കാര്യം സംബന്ധിച്ച പുരോഗതി വിലയിരുത്തി വരുന്നതായി അറിയുന്നു; ഇക്കാര്യത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായതാണ്. അഞ്ചാമത്തെ ഖണ്ഡിക ഒരു അതിരുകടന്ന അഭിപ്രായ പ്രകടനമാണ്. എന്തായാലും പ്രതിരോധ സെക്രട്ടറി പിഎംഒയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കൂ.' എന്നാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എഴുതിയത്.

നിരാശ ബാധിച്ച രാഹുല്‍ ഗാന്ധിയും കമ്മ്യൂണിസ്റ്റുകളും 'ഹിന്ദു' പത്രത്തെ കൂട്ടുപിടിച്ച് കള്ളക്കഥയുമായി രംഗത്ത്; വ്യാജകഥയ്ക്ക് ഒരുമണിക്കൂര്‍ പോലും ആയുസുണ്ടായില്ല.... ഒരു പ്രമുഖ പത്രം അതിന്റെ മുന്‍പേജില്‍ ടോപ് ബ്രേക്ക്അപ്പ് സ്റ്റോറി നല്‍കി. അതാണ് പൊട്ടിപ്പൊളിഞ്ഞത്. മാത്രമല്ല, ആ പത്രത്തിന്റെയും പത്രാധിപരുടെയും പേരിന് കളങ്കം ചാര്‍ത്തുന്നതായി ആ വ്യാജകഥ. സത്യം പകുതി മൂടിവെച്ച് അസത്യപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള കുല്‍സിത ശ്രമം. 

റഫാല്‍ വിമാന ഇടപാട് സംബന്ധിച്ച് എത്രയോ തവണ രാജ്യം ചര്‍ച്ച ചെയ്തതാണ്. കോണ്‍ഗ്രസുകാരും അവരുടെ ദല്ലാളന്മാരും കരുതിയത് എല്ലാ പ്രതിരോധ ഇടപാടിലും തട്ടിപ്പാണ് നടക്കുന്നത് എന്നാണ്. അതാണ് അവരുടെ ശീലം. അവര്‍ ഓരോ ഇടപാടിലും പറ്റിയ പണത്തിന്റെ കഥകള്‍ രാജ്യം അറിഞ്ഞതാണല്ലോ. ഇവിടെ കള്ളപ്രചാരണങ്ങള്‍ നടത്തുക മാത്രമല്ല കോടതിയിലേക്കും അവര്‍ അതിനെ വലിച്ചിഴച്ചു. അവസാനം സുപ്രീംകോടതി ആ ഫയലുകള്‍ മുഴുവന്‍ വിളിച്ചുവരുത്തി പരിശോധിച്ചു. അതില്‍ ഒരു കുഴപ്പവുമില്ലെന്ന് വിധിയുമെഴുതി. അതില്‍ അതിശയമില്ലായിരുന്നു; കാരണം ആ ഇടപാട് നടത്തിയത് രാഹുല്‍ ഗാന്ധിയോ ഇറ്റാലിയന്‍ മാതാവോ അല്ല, നരേന്ദ്രമോദിയാണ്. മോദിക്ക് ഇക്കാര്യത്തില്‍ ആകെയുള്ള താല്‍പര്യം രാഷ്ട്രത്തിന്റേത് മാത്രമാണ്, രാജ്യസുരക്ഷയുടേതാണ്, നമ്മുടെ സുരക്ഷാസേനയുടേതാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച ഇടപാട് പൂര്‍ത്തിയാക്കുകയാണ് മോദി ചെയ്തത്. അതും അന്ന് അവര്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ വിലകുറച്ച് . ഓരോ ധാരണയിലും ഇന്ത്യക്ക് അനുകൂലമായ ഘടകങ്ങളുണ്ടായിരുന്നുതാനും. ഇതൊക്കെ ഫയലുകള്‍ പരിശോധിച്ച കോടതിക്ക് ബോധ്യമായി. യഥാര്‍ഥത്തില്‍ പ്രതിപക്ഷത്തിന്റെ കള്ളത്തരങ്ങളാണ് അവിടെ തകര്‍ന്നുവീണത്.  

സാധാരണ നിലയ്ക്ക് ഒരു പ്രശ്‌നം കോടതി വിലയിരുത്തിയാല്‍ അത് അന്തിമമാണ്; പിന്നെ  അതിന്റെ പേരില്‍ കള്ളക്കഥകള്‍ പറഞ്ഞുകൂടാത്തതാണ്. ആ വിഷയം അവിടെ അവസാനിച്ചു എന്നതാണല്ലോ പൊതുവായ നിലപാട്. പക്ഷേ രാഹുല്‍-സോണിയ പരിവാറിന് അതൊന്നും ബോധ്യമായിട്ടില്ല. കോടതിക്ക് പുറമെ സിഎജി അതിന്റെ നിയമപരമായ കര്‍ത്തവ്യം നിര്‍വഹിക്കുന്നുണ്ട്. അതും തടസമില്ലാതെ നടക്കുന്നു. അവരുടെ റിപ്പോര്‍ട്ടും പുറത്തുവരാനിരിക്കുന്നു. ഏതെങ്കിലും വിധത്തില്‍ ഒരു രൂപയുടെ വീഴ്ചയുണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കുന്ന പ്രകൃതമാണ് സിഎജിക്കുള്ളത്. അത് കോണ്‍ഗ്രസുകാര്‍ക്ക് നന്നായി അറിയാം; എത്രയോ സിഎജി റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസുകാരെ ജയിലില്‍ അഴിയെണ്ണിക്കുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. ഇതൊന്നും വിവരക്കേടിന്റെ പര്യായമായി സാധാരണക്കാര്‍ കരുതുന്ന രാഹുല്‍ ഗാന്ധിക്ക് ബാധകമല്ല. ജെപിസി അന്വേഷണം തുടങ്ങിയ വാദഗതികള്‍ അദ്ദേഹം ഉയര്‍ത്തി; അതൊന്നും വിലപ്പോയില്ല. ഇതിനിടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള പത്ര മുത്തശ്ശി, 'ഹിന്ദു', ഒരു കള്ളക്കഥയുമായി ഇറങ്ങുന്നത്. 141 വയസുള്ള പത്രമാണ്; കള്ളക്കഥ എന്നാണോ അതോ ജനങ്ങളെ വഞ്ചിക്കുന്ന വാര്‍ത്ത എന്നാണോ എന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെ.  

പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഡെപ്യൂട്ടി സെക്രട്ടറിയുടെ ഒരു നോട്ട് ആണ് ഉയര്‍ത്തികാണിച്ചത്. 'റഫാല്‍ വിമാന വില സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തുന്നതിന് നിശ്ചയിക്കപ്പെട്ട ഉപസമിതി കാര്യങ്ങള്‍ നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ ഇടപെടുന്നത് ഉപസമിതിയുടെ ഇടപെടാനുള്ള കഴിവ് കുറയ്ക്കുന്നു' എന്നതാണ് ഫയല്‍ നോട്ടിലെ ആക്ഷേപം. അതുകൊണ്ട് ആ ഉപസമിതിയില്‍പെട്ടവരല്ലാതെ ആരും ഇക്കാര്യത്തില്‍ ഇടപെടരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കണം. ഇനി കൂടിയാലോചനകളുടെ ഫലത്തില്‍  സര്‍ക്കാരിന് വിശ്വാസമില്ലെങ്കില്‍ പിഎംഓ നിയമാനുസൃതം ഒരു സംവിധാനമുണ്ടാക്കട്ടെ. ഒരു സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്തവര്‍ക്ക് ഇത്തരത്തിലുള്ള അഭിപ്രായങ്ങളുടെ 'പ്രാധാന്യം' മനസിലാവും. ഒരു ഫയലില്‍ ഈ വിധത്തില്‍ അനവധി കുറിപ്പുകള്‍ ഉണ്ടാവാറുണ്ട്. എല്ലാ വിഭാഗത്തിലും ഒരുതരം രോഗികള്‍ ഉണ്ടാവാറുണ്ടല്ലോ. ഇത് തയ്യാറാക്കിയത് ആരാണ് എന്നുകൂടി നോക്കുക, ഒരു ഡെപ്യൂട്ടി സെക്രട്ടറി. പ്രതിരോധ മന്ത്രാലയത്തില്‍ എത്രയോ ഡെപ്യൂട്ടി സെക്രട്ടറിമാരുണ്ടാവും, അതിലൊരാള്‍. ഇനി ഡെപ്യൂട്ടി സെക്രട്ടറി ആരാണ് എന്നുകൂടി നോക്കുക. ഗസറ്റഡ് പോസ്റ്റുകളില്‍ ഏറ്റവും താഴെയുള്ളത് സെക്ഷന്‍ ഓഫീസറാണ്; പിന്നെ അണ്ടര്‍ സെക്രട്ടറി; അതിനുമേല്‍ ഡെപ്യൂട്ടി സെക്രട്ടറി. അതായത് ഒരു സാധാരണ ഗസറ്റഡ് ഉദ്യോഗസ്ഥന്‍. അയാള്‍ക്ക് അഭിപ്രായം പറഞ്ഞുകൂടാ എന്നൊന്നുമില്ല; പക്ഷേ പിഎംഒ കണ്ടുകൂടാ, തൊട്ടുകൂടാ എന്നൊക്കെ പറയാമോ ആവോ. എന്തും എഴുതാം ഫയലില്‍, സംശയമില്ല. പറഞ്ഞുവന്നത് ഒരു സാധാരണ ഉദ്യോഗസ്ഥന്റെ കുറിപ്പ് മാത്രമാണിത് എന്നത് സൂചിപ്പിക്കാനാണ്. 

ആ നോട്ട് പ്രതിരോധ മന്ത്രിക്ക് പോകുന്നുണ്ട്; പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പോടെ. അതെന്തുകൊണ്ട്, സെക്രട്ടറി തന്റെ മേല്‍ നാളെ പ്രശ്‌നമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിച്ചതാവണം. ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞത് മറച്ചുവെച്ചു എന്ന് വരുത്തണ്ടല്ലോ എന്ന് കരുതിയിരിക്കണം. അതല്ലാതെ ഡെപ്യൂട്ടി സെക്രട്ടറിയെക്കൊണ്ട് അങ്ങനെയൊന്ന് തയ്യാറാക്കിയതാണ് എന്ന്  കരുതേണ്ടതുണ്ടെന്ന് തോന്നുന്നില്ല. 'പിഎംഒയും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും ഇക്കാര്യം സംബന്ധിച്ച പുരോഗതി വിലയിരുത്തിവരുന്നതായി അറിയുന്നു; ഇക്കാര്യത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായതാണ്.  അഞ്ചാമത്തെ ഖണ്ഡിക ഒരു അതിരുകടന്ന അഭിപ്രായപ്രകടനമാണ്. എന്തായാലും പ്രതിരോധ സെക്രട്ടറി പിഎംഒയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കൂ.' എന്നാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എഴുതിയത്. അതോടെ പ്രശ്‌നം യഥാര്‍ഥത്തില്‍ അവസാനിച്ചു. 

എന്നാല്‍ എന്താണ് പ്രതിരോധമന്ത്രി പറഞ്ഞത് എന്നത് എന്തുകൊണ്ടാണ് 'ഹിന്ദു' പത്രം മറച്ചുവെച്ചത്. അദ്ദേഹം അതിന്റെ താഴെ തന്നെയാണ് എഴുതിയത്. ഒരേ കടലാസില്‍. പരീക്കര്‍ പറഞ്ഞത് മറച്ചുവെച്ചിട്ടാണ് വര്‍ത്തയുണ്ടാക്കുന്നത്. പ്രതിരോധമന്ത്രി പറഞ്ഞത് ചേര്‍ത്താല്‍ അത് വാര്‍ത്തയല്ലെന്ന് എന്‍. റാമിന് നന്നായി ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ ഇത്രയും കാലത്തെ പരിചയമുള്ള മാധ്യമ പ്രവര്‍ത്തകന്റെ ഗതികേടില്‍ ദുഖിക്കാനേ കഴിയൂ.

മറ്റൊന്ന് കൂടിയുണ്ട്. അഞ്ചാമത്തെ ഖണ്ഡിക ആണല്ലോ 'ഹിന്ദു' പ്രസിദ്ധീകരിച്ചത്. അതെപേജില്‍, അതിന് മുകളില്‍ മറ്റൊരു ഖണ്ഡിക കൂടിയുണ്ട്. എന്തിനെക്കുറിച്ചായിരുന്നു ആ നോട്ട് എന്ന് അതില്‍  വ്യക്തമാണ്. (ഈ പത്രം അത് ഉള്‍പ്പേജില്‍ പരാമര്‍ശിച്ചിട്ടുണ്ട്).  ഫ്രാന്‍സുമായോ വിമാന നിര്‍മ്മാതാക്കളുമായോ ഉണ്ടാക്കുന്ന ഉടമ്പടി സംബന്ധിച്ചാണ്. അല്ലാതെ റിലയന്‍സിനെക്കുറിച്ചോ, വിമാന വിലയെക്കുറിച്ചോ ഒന്നുമല്ല. വില നിര്‍ണ്ണയിച്ചത് പ്രതിരോധ മന്ത്രാലയത്തിലെ ഉപസമിതിയാണ് എന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ഇപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും ഇപ്പോള്‍ ഉന്നയിച്ചത് എന്താണ്?. റിലയന്‍സ്, വിമാനവില എന്നിവയെക്കുറിച്ചൊക്കെയാണ്. 'ഇറ്റാലിയന്‍ ചോര്‍...ചോര്‍...'.  എന്ന് നാട്ടുകാര്‍ വിളിക്കുന്നത് കുറ്റമാണോ. 

ഉടമ്പടി ഉണ്ടാക്കുന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ബാങ്ക് ഗാരന്റി വേണം എന്ന്; അല്ലെങ്കില്‍ സര്‍ക്കാര്‍ ഗ്യാരന്റി. അതായിരുന്നു പ്രതിരോധമന്ത്രാലയം ചോദിച്ചത്. അതിനെക്കുറിച്ച് ധാരണയുണ്ടാക്കാന്‍ പിഎംഒയുമായി ഫ്രഞ്ച് രാഷ്ട്രപതിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു. സ്വാഭാവികമാണത്. അതില്‍ വേറൊന്ന് കൂടിയുണ്ട്, അവിടത്തെ പ്രസിഡന്റ് ഇക്കാര്യത്തില്‍ എടുക്കുന്ന താല്‍പര്യവും. അങ്ങനെയാണ്  'ലെറ്റര്‍ ഓഫ് കംഫര്‍ട്ട്' മതി എന്ന് മോദി സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇത് ഒരു സര്‍ക്കാരുകള്‍ തമ്മിലെ ധാരണയാണ്. അതുകൊണ്ട് ബാങ്ക് ഗ്യാരന്റിയേക്കാള്‍ വിശ്വസനീയമാണിത് എന്നത് കേന്ദ്രവും അംഗീകരിച്ചു. ഇത് സംബന്ധിച്ചായിരുന്നു ഈ നോട്ട്, ഖണ്ഡിക അഞ്ച് . അവിടെ പ്രതിരോധമന്ത്രാലയം പറയുന്നത് പിഎംഒ തള്ളുകയും മറ്റൊരു മാര്‍ഗം സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല, ഇക്കാര്യം  സുപ്രീംകോടതിയില്‍ ഇതേകൂട്ടര്‍, കോണ്‍ഗ്രസ് പക്ഷപാതികള്‍, ആക്ഷേപമായി ഉന്നയിച്ചതാണ്. കോടതി അതൊക്കെ പരിശോധിക്കുകയും ചെയ്തു. 'ലെറ്റര്‍ ഓഫ് കംഫര്‍ട്ട്' എന്നതില്‍ എന്ന് സുപ്രീംകോടതി തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അതിനെക്കുറിച്ചാണ് എന്‍. റാമിനെപോലുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ ബൈ ലൈന്‍ സ്റ്റോറിയുമായി വരുന്നത്. ലജ്ജാകരം എന്നല്ലാതെ എന്താണ് പറയുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.