സ്വാഭാവിക ധാരണ

Monday 11 February 2019 1:10 am IST

രേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധതലത്തില്‍ സഖ്യമുണ്ടാക്കുന്ന വാര്‍ത്തകളായിരുന്നു ഏതാനും നാളുകളായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. താന്‍ പ്രധാനമന്ത്രിയാകാമെന്നു പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്ത രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളെല്ലാം ഒന്നിച്ചുവരുന്നുവെന്ന പ്രതീതിയുണ്ടായി. മഹാസഖ്യം എന്നും മറ്റും പേരുനല്‍കി എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് എല്ലാവരും കരുതി. ചന്ദ്രബാബു നായിഡുവും മമതാ ബാനര്‍ജിയും ഒക്കെ ഇടനിലക്കാരായും കാര്യക്കാരായുമൊക്കെ സഖ്യനീക്കങ്ങള്‍ക്ക് ഒപ്പം നിന്നു. രാഹുലിന്റെ തട്ടകമായ യുപിയില്‍ നിന്നുതന്നെ ആദ്യ വെടിപൊട്ടി. കോണ്‍ഗ്രസിനെ ഒഴിവാക്കി അവിടെ പ്രഖ്യാപിത മോദി വിരുദ്ധരായ എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ സഖ്യത്തിലെത്തി. കോണ്‍ഗ്രസിലും രാഹുലിലും അവിശ്വാസം പ്രകടിപ്പിക്കലായിരുന്നു ഈ യുപി സഖ്യം. മമതാ ബാനര്‍ജിയും കോണ്‍ഗ്രസ് സഖ്യത്തോട് മുഖം തിരിച്ചു. അവസാന നിമിഷം കല്‍ക്കത്തയില്‍ മമത സത്യഗ്രഹനാടകം നടത്തിയപ്പോള്‍ രാഹുല്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒപ്പം നില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, അതും വേണ്ടത്ര ഫലിച്ചില്ല. ആരെയും കിട്ടാതെ വന്നപ്പോള്‍ ഇടതുമുന്നണിയുമായി ധാരണയിലെത്തിയിരിക്കുകയാണവസാനം.

ഏതാനും വര്‍ഷങ്ങളായി പറഞ്ഞുകേള്‍ക്കുന്നതാണ് കോണ്‍ഗ്രസ്-ഇടതുമുന്നണി ധാരണ. പരസ്യമായും രഹസ്യമായും പലസ്ഥലങ്ങളിലും ധാരണ ഉണ്ടായിട്ടുമുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ബീഹാര്‍ എന്നിവിടങ്ങളില്‍ ഒരേ മുന്നണിയുടെ ഭാഗമായി മത്സരിച്ചിട്ടുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും നേരിട്ട് സഖ്യത്തിലേര്‍പ്പെടുന്നത് ആദ്യമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അതിനുശേഷവും പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം ഇതിനായി ശ്രമിച്ചിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറേ വിയര്‍പ്പൊഴുക്കുകയും ചെയ്തു. യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടും രാജ്യസഭയില്‍ എത്തിക്കാമെന്ന് വാഗ്ദാനവും ഉണ്ടായി. കേരളത്തില്‍ ധാരണക്കാര്യം പറഞ്ഞ് തലയില്‍ മുണ്ടിട്ടു നടക്കേണ്ടിവരുമെന്നുകരുതി ഇവിടെ നിന്നുള്ള നേതാക്കളുടെ എതിര്‍പ്പുമൂലം ധാരണ പരസ്യമാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ നില്‍ക്കക്കള്ളി ഇല്ലാതായപ്പോള്‍ ഒന്നിച്ചിരിക്കുകയാണ്. ബംഗാളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുകൂട്ടരും ഔദ്യോഗികമായി  തീരുമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കോട്ടകളായിരുന്ന ബംഗാളിന്റെ രാഷ്ട്രീയം ഇന്ന് നിയന്ത്രിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. ഇരുകൂട്ടരും ഏഴ് അയല്‍പക്കത്ത് അടുപ്പിക്കില്ലെന്ന് കണ്ടപ്പോഴാണ് സിപിഎം കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത്. അത് അവരുടെ നിലനില്‍പ്പിന്റെകൂടി ഭാഗമാണ്. ഒരിക്കല്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ ഒറ്റക്കക്ഷിയായിരുന്ന സിപിഎമ്മിന് ഇപ്പോള്‍ ആകെ 9 അംഗങ്ങള്‍ മാത്രമാണ് ലോക്‌സഭയില്‍ ഉള്ളത്. നാലുപേര്‍ കേരളത്തില്‍ നിന്നും രണ്ടു പേര്‍ വീതം ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും. ത്രിപുരയില്‍ ഇനി രണ്ടുസീറ്റ് കിട്ടാന്‍ പോകുന്നില്ല. ബംഗാളില്‍ നിന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക അസാധ്യം. ശബരിമല വിഷയം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും പ്രതീക്ഷവേണ്ടായെന്ന വിലയിരുത്തലാണ് പാര്‍ട്ടി നേതൃത്വത്തിന്. അതിനാല്‍ പാര്‍ലമെന്റില്‍ 'ശൂന്യന്മാ'കാതിരിക്കാന്‍ എന്തുചെയ്താലും കുഴപ്പമില്ലെന്ന നിലയിലേക്ക് ഒരുകാലത്ത് ആദര്‍ശവും നിലപാടും മഹാകാര്യമെന്ന് പറഞ്ഞിരുന്ന സിപിഎം എത്തി. കോണ്‍ഗ്രസിന്റെ അവസ്ഥയും അതുതന്നെ. മോദിയെ മാറ്റി പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന് ആരുടെയും പിന്തുണ കിട്ടുന്നില്ല എന്ന അവസ്ഥ മാറ്റാന്‍ സഖ്യം സഹായകമാകും.

കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം നേതാക്കളാണ് ന്യായീകരിക്കാന്‍ ഏറെ വിഷമിക്കുക. കോണ്‍ഗ്രസിന്റെ അഴിമതി പറഞ്ഞ് ഇടതുമുന്നണിയും സിപിഎമ്മിന്റെ അക്രമം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മുന്നണിയും മാറിമാറി അധികാരത്തില്‍ വരുന്ന കാഴ്ചയാണ് കേരളത്തിലേത്. നിഷേധാത്മക വോട്ടുകളാണ് കേരളത്തില്‍ ഭരണം നിര്‍ണയിക്കുന്നത്. ഇരുകൂട്ടരും ഒന്നിച്ചാകുമ്പോള്‍ നിഷേധാത്മക വോട്ടുകള്‍ മറ്റൊരു പാര്‍ട്ടിക്ക് കിട്ടുമെന്നത് സ്വാഭാവികം. ബിജെപി സംസ്ഥാനത്ത് വിജയിക്കുന്ന പാര്‍ട്ടിയായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് കോണ്‍ഗ്രസ്-സിപിഎം ധാരണയുടെ ഗുണം ലഭിക്കുക അവര്‍ക്കായിരിക്കും. കോണ്‍ഗ്രസ് ബിജെപിയുമായി ധാരണയിലെന്ന് സിപിഎം നേതാക്കളും സിപിഎം ബിജെപിയുമായി ധാരണയിലെന്ന് കോണ്‍ഗ്രസ് നേതാക്കളും പരസ്പരം ആരോപിക്കുന്നുണ്ട്. ജനങ്ങളെ വിഡ്ഡികളാക്കുന്ന ഈ ആരോപണത്തിന്റെ പൊളിച്ചെഴുത്തുകൂടിയാണ് ബംഗാളിന്റെ പേരില്‍ ഒന്നിക്കാനുള്ള തീരുമാനം. ഇരുപാര്‍ട്ടികള്‍ക്കും മോദി വിരുദ്ധതയല്ലാതെ മറ്റൊന്നും ഉയര്‍ത്തിക്കാട്ടാനില്ലാത്ത സാഹചര്യത്തില്‍ ധാരണ സ്വാഭാവികവുമാണ്. അത് ജനങ്ങളോട് പരസ്യമായി പറയണമെന്നുമാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.