യെദ്യൂരപ്പയ്‌ക്കെതിരെ ഓഡിയോ ടേപ്പ്; മലക്കം മറിഞ്ഞ് കുമാരസ്വാമി, വ്യക്തതയില്ലെന്ന് സ്പീക്കര്‍

Monday 11 February 2019 3:38 am IST

ബെംഗളൂരു: ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ ജെഡിഎസ് എംഎല്‍എക്ക് 25 കോടിയും മന്ത്രിസ്ഥാനവും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ വാഗ്ദാനം ചെയ്‌തെന്ന പേരില്‍ പുറത്തുവിട്ട ഓഡിയോ ടേപ്പില്‍ നിന്ന് മലക്കം മറിഞ്ഞ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. 

ഓഡിയോ ടേപ്പിലെ ശബ്ദം യെദ്യൂരപ്പയുടേതാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും യെദ്യൂരപ്പയുടെ നിര്‍ദേശപ്രകാരം മറ്റാരോ ആണ് സംസാരിക്കുന്നതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സ്പീക്കര്‍ രമേശ് കുമാറും ഓഡിയോ ടേപ്പിലെ ശബ്ദത്തിന് വ്യക്തതയില്ലെന്ന് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ഗരുമിത്ക്കല്‍ എംഎല്‍എ നാരായണഗൗഡയുടെ മകന്‍ ശരണ്‍ഗൗഡ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ചയുടേതെന്ന പേരില്‍ ഓഡിയോ ടേപ്പ് പുറത്തുവിട്ടത്. 

എന്നാല്‍, നാരായണഗൗഡയുമായി കൂടിക്കാഴ്ച നടത്തി; അത് രണ്ട് രാഷ്ട്രീയക്കാര്‍ തമ്മിലുള്ള സംസാരങ്ങള്‍ മാത്രമാണ്. ഓഡിയോ ടേപ്പില്‍ പറയുന്ന സംസാരങ്ങള്‍ നടന്നിട്ടില്ല. അതിനാല്‍ ഓഡിയോ ടേപ്പിലെ മുഴുവന്‍ ശബ്ദരേഖയും പുറത്തുവിടണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടു. 

യെദ്യൂരപ്പ തന്നെ വിളിച്ചെന്നും കൂടിക്കാഴ്ചയില്‍ മന്ത്രിസഭയെ മറിച്ചിടാന്‍ നാരായണഗൗഡ സഹായിച്ചാല്‍ 25 കോടിയും മന്ത്രിസ്ഥാനവും നല്‍കാമെന്ന് അറിയിച്ചെന്നും സ്പീക്കര്‍ രമേശ്കുമാര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും സ്പീക്കര്‍ക്ക് 50 കോടി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും യെദ്യൂരപ്പ അറിയിച്ചെന്നാണ് ശബ്ദരേഖയിലുള്ളതെന്നായിരുന്നു ശരണ്‍ഗൗഡയുടെ വിശദീകരണം. 

ഇതിന് പിന്നാലെ പത്രസമ്മേളനം നടത്തിയ യെദ്യൂരപ്പ ആരോപണങ്ങള്‍ നിഷേധിച്ചു. ഓഡിയോ ടേപ്പ് സത്യമാണെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവച്ച് പൊതുജീവിതം അവസാനിപ്പിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു. 

ഇതിന് ശേഷം ശനിയാഴ്ച കുമാരസ്വാമി എംഎല്‍സി സീറ്റ് വാഗ്ദാനം ചെയ്ത് 25 കോടി ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ തിങ്കളാഴ്ച പുറത്തുവിടുമെന്ന് ബിജെപി എംഎല്‍എ അരവിന്ദ് ലിമ്പാവലി പറഞ്ഞിരുന്നു. 

ഇതിലെ ദൃശ്യങ്ങള്‍ സ്പീക്കര്‍ കാണണമെന്നും ഇതിന് ശേഷം കുമാരസ്വാമി വിശദീകരണം നല്‍കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശവുമായി ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ എച്ച്. വിശ്വനാഥ് എത്തി. ഓഡിയോ ടേപ്പുകള്‍ നിര്‍മിച്ച് എതിരാളികളെ നേരിടുന്ന രീതി വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്. വിശ്വനാഥ് ആരോപിച്ചു. കര്‍ണാടകയിലെ ജനങ്ങള്‍ ഇപ്പോഴത്തെ ഭരണത്തില്‍ അസന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.