റഫാല്‍ കരാര്‍: സിഎജി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ സാധ്യത

Monday 11 February 2019 3:47 am IST

ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നിന്ന് വ്യോമസേനയ്ക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി ഒപ്പുവെച്ച റഫാല്‍ ആയുധ കരാറുമായി ബന്ധപ്പെട്ട കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും. റിപ്പോര്‍ട്ട് പൂര്‍ത്തിയായതായും തിങ്കളാഴ്ച രാഷ്ട്രപതിക്കും കേന്ദ്രസര്‍ക്കാരിനും സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

രാഷ്ട്രപതിക്ക് നല്‍കുന്ന സിഎജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് രാഷ്ട്രപതി ഭവന്‍ ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും കൈമാറും. ഇരുസഭകളിലും റിപ്പോര്‍ട്ട് വെയ്ക്കും. റിപ്പോര്‍ട്ടിന്മേല്‍ ലോക്‌സഭയിലും രാജ്യസഭയിലും പ്രത്യേകം ചര്‍ച്ചകളും നടക്കും. 

ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച പാര്‍ലമെന്റില്‍ സിഎജി റിപ്പോര്‍ട്ട് വെയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. റഫാല്‍ കരാറില്‍ അഴിമതിയില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം സിഎജി റിപ്പോര്‍ട്ട് ഇരുസഭകളിലും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. 

റിപ്പോര്‍ട്ട് അനുകൂലമെങ്കില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളുടെ വ്യാജ ആരോപണങ്ങള്‍ തകര്‍ത്തുകൊണ്ട് പൊതു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും കടക്കും. 

കാര്‍ഗില്‍ യുദ്ധവിജയത്തിന് ശേഷം 2001 ജൂണിലാണ് വാജ്‌പേയി സര്‍ക്കാര്‍ 126 യുദ്ധ വിമാനങ്ങള്‍ വ്യോമസേനയ്ക്ക് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചത്. യുദ്ധ സജ്ജമാക്കിയ നിലയിലുള്ള 18 വിമാനങ്ങളും ബാക്കിയുള്ള 108 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ നിര്‍മിക്കാനുമായിരുന്നു തീരുമാനം. 2007 ആഗസ്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും കരാറുമായി മുന്നോട്ടു പോയില്ല. ഒടുവില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ 2015 ഏപ്രിലില്‍ ആണ് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പുവെച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.