അധിക്ഷേപം, രാജേന്ദ്രന്റെ രാഷ്ട്രീയ കുതന്ത്രം

Monday 11 February 2019 4:29 am IST

മൂന്നാര്‍: മൂന്നാറിലെ തമിഴ്-മലയാളം ഇടകലര്‍ന്ന രാഷ്ട്രീയത്തിന് ജനസേവനത്തിനപ്പുറം കൈയേറ്റങ്ങളുടെ കഥയാണ് പറയാനുള്ളത്. വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ മുന്‍ ഇടത് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുകയും ഇത് പാതിവഴിയില്‍ നിലയ്ക്കുകയും ചെയ്തത് ഇതിനുദാഹരണമാണ്. നിയമം നോക്കി നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ ജനസമക്ഷം അധിക്ഷേപിച്ച് കാര്യങ്ങള്‍ നേടിയെടുക്കുക എന്ന രാഷ്ട്രീയമാണ് ഇവിടെ എക്കാലവും നടന്നിട്ടുള്ളത്. 

ദേവികുളം എംഎല്‍എ അധിക്ഷേപിച്ചിട്ടും കുലുങ്ങാതെ നടപടികളുമായി മുന്നോട്ട് പോകാന്‍ കാണിച്ച ധൈര്യമാണ് സബ് കളക്ടര്‍ ഡോ. രേണുരാജിന് വിവിധ കോണുകളില്‍ നിന്ന് പിന്തുണ കൂടാന്‍ കാരണമായത്. വിവാദം കത്തി നിന്നപ്പോഴും ഇക്കാ നഗറിലെ എംഎല്‍എയുടെ വീടിന് സമീപത്ത് അനധികൃതമായി മണ്ണടിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ ശനിയാഴ്ച രാത്രി പരിശോധന നടത്തിയിരുന്നു. മണ്ണിട്ട് നികത്തിയ സ്ഥലം കൈയേറ്റ ഭൂമിയാണോ എന്നത് പരിശോധിക്കാന്‍ മൂന്നാര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാര്‍ജെടുത്ത് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മാത്രം മേഖലയിലെ വന്‍കിട-ചെറുകിട കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് സബ് കളക്ടര്‍ തുടര്‍ന്നത്. വിവിധ ചെറുകിട കൈയേറ്റങ്ങള്‍ പൊളിച്ചതിനൊപ്പം വലിയ കെട്ടിടങ്ങള്‍ക്ക് പോലും സ്‌റ്റോപ്പ് മെമ്മോയും നല്‍കി. 

എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ മോശം പരാമര്‍ശത്തിന് വിധേയമാകുന്ന നാലാമത്തെ വ്യക്തിയാണ് ഡോ. രേണുരാജ്. മുന്‍ സബ് കളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് ഇതിന് മുന്‍പ് വിവാദ പരാമര്‍ശങ്ങള്‍ക്ക് വിധേയരായവര്‍. പാപ്പാത്തി ചോലയിലെ കുരിശുമാറ്റിയത്, മൂന്നാറിലെ ഒഴിപ്പിക്കല്‍ എന്നീ സംഭവങ്ങളിലാണ്, റവന്യൂ മന്ത്രി വിവരമില്ലാത്തവനാണെന്ന് എംഎല്‍എ പറഞ്ഞത്. 

ദേവികുളത്തെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കുന്നത് തടഞ്ഞ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതിനെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ കൈയും കാലുമില്ലാതെ ഇഴഞ്ഞ് മൂന്നാറില്‍ നിന്ന് പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോകള്‍ നല്‍കിയതിനെതിരെയാണ് വി.ആര്‍. പ്രേംകുമാറിനെതിരെയും എംഎല്‍എ പരാമര്‍ശമുന്നയിച്ചത്. കോപ്പിയടിച്ച് ഐഎഎസ് നേടിയ പ്രേംകുമാര്‍ മന്ദബുദ്ധിയാണെന്നായിരുന്നു പരാമര്‍ശം. 

അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മുതലിങ്ങോട്ട് ഇവിടെയെത്തിയ ഉദ്യോഗസ്ഥരെല്ലാം കൈയേറ്റങ്ങള്‍ക്കെതിരെ നടപടി തുടര്‍ന്നപ്പോഴും ഇടതും വലതും ഇതിനെ ഒരുപോലെ എതിര്‍ത്തു. മന്ത്രി എം.എം. മണി അടക്കമുള്ളവരും രൂക്ഷമായ ഭാഷയില്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. 

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഒരു സുപ്രഭാതത്തില്‍ മുമ്പിരുന്ന രണ്ട് സബ് കളക്ടര്‍മാരെയും സ്ഥലം മാറ്റിയിരുന്നു. നിലവിലെ വിവാദം കെട്ടടങ്ങുന്നതിന് പിന്നാലെ രേണുരാജിനും ഇടുക്കി വിടേണ്ടിവരുമെന്ന് ഇത് വ്യക്തമാക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.