പി. ജയരാജനെതിരെ കൊലക്കുറ്റം

Monday 11 February 2019 1:52 pm IST
തളിപ്പറമ്പ് അരിയിലിലെ മുസ്ലീംലീഗ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 302 (കൊലപാതകം)120 ബി (ഗൂഢാലോചന) എന്നീ വകുപ്പുകളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്.

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ കൊലക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. ടി.വി. രാജേഷ് എംഎല്‍എയ്‌ക്കെതിരെ കൊലയ്ക്ക് കാരണമായ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പടുത്ത സമയത്ത് നേതാക്കള്‍ക്ക് കൊലക്കേസില്‍ കുറ്റപത്രം ലഭിച്ചത്  പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ്. ജയരാജന്‍ പ്രതിയാവുന്ന മൂന്നാമത്തെ കൊലക്കേസാണിത്. 

തളിപ്പറമ്പ് അരിയിലിലെ മുസ്ലീംലീഗ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍  തലശ്ശേരി കോടതിയിലാണ്  സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 302 (കൊലപാതകം)120 ബി (ഗൂഢാലോചന) എന്നീ വകുപ്പുകളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയത് അറിഞ്ഞിട്ടും കൊലപാതകം തടയാന്‍ ശ്രമിച്ചില്ലെന്ന, 118-ാം വകുപ്പ് പ്രകാരമുള്ള നിസ്സാര കുറ്റമായിരുന്നു കേരള പോലീസ് ജയരാജനെതിരെ നേരത്തെ ചുമത്തിയിരുന്നത്. എന്നാല്‍ സിബിഐയുടെ തുടരന്വേഷണത്തിലാണ് ജയരാജനെതിരെ കൊലക്കുറ്റം തന്നെ ചുമത്തിയത്. ആശുപത്രിയില്‍ വെച്ച് ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

 കേസില്‍ ജയരാജന്‍ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്. സിബിഐ എസ്പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  കഴിഞ്ഞ ദിവസം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച  കുറ്റപത്രം തലശേരി കോടതിയിലേക്ക് മാറ്റുകയായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ മൂന്നു മാസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് സിബിഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 14ന് കേസ് തലശ്ശേരി കോടതി വീണ്ടും പരിഗണിക്കും.

2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലില്‍ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം തടഞ്ഞ്  ആക്രമിച്ചിരുന്നു. തിരിച്ചടിയായി സിപിഎം ശക്തികേന്ദ്രമായ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവില്‍വെച്ച് തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എംഎസ്എഫ് പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറി (24) നെ കൊലപ്പെടുത്തിയെന്നാണ് കേസ്.

 സെഷന്‍സ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഷുക്കൂറിന്റെ അമ്മ സിബിഐ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിക്കുകയും സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടുകയുമായിരുന്നു. ഡിവൈഎഫ്‌ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കിഴക്കേവീട്ടില്‍ കെ.വി. സുമേഷാണ് ഒന്നാം പ്രതി. ഡിവൈഎഫ്‌ഐ പാപ്പിനിശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് കണ്ണപുരം ചൈനാക്ലേക്ക് സമീപത്തെ പാറയില്‍ ഗണേശന്‍, ഡിവൈഎഫ്‌ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി. അനൂപ്, മൊറാഴ തയ്യല്‍ ഹൗസില്‍ വിജേഷ് എന്ന ബാബൂട്ടി, ഒളിവിലുള്ള മൊറാഴ പാന്തോട്ടം കെ.പ്രകാശന്‍, അരിയില്‍ ധര്‍മക്കിണറിന് സമീപത്തെ ഉമേശന്‍ എന്നിവരാണ് രണ്ടു മുതല്‍ ആറു വരെ പ്രതികള്‍. അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.