ഹീറോസ് സെമി ഉറപ്പാക്കി

Monday 11 February 2019 4:31 am IST

കൊച്ചി: കൊച്ചിയെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസം കൈമുതലാക്കി കളത്തിലിറങ്ങിയ കാലിക്കറ്റ് ഹീറോസിന്  പ്രോ വോളി ലീഗില്‍ തുടര്‍ച്ചയായ നാലാം ജയം.  ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 3-2ന് പരാജയപ്പെടുത്തിയ കാലിക്കറ്റിന്   സെമി ഉറപ്പായി. ആദ്യ മൂന്ന് സെറ്റും ആധികാരികമായി പിടിച്ചെടുത്ത ഹീറോസിന്  അവസാന രണ്ട് സെറ്റില്‍ നിറം മങ്ങി.സ്‌കോര്‍ : 15 -11, 15-11, 15-7, 12-15, 11-15.

കാലിക്കട്ട് നായകന്‍ ജെറോം വിനീതിന്റെ സെര്‍വോടെ ആരംഭിച്ച ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി.    ഹീറോസ് സൂപ്പര്‍ താരം അജിത് ലാല്‍ എണ്ണം പറഞ്ഞ സ്മാഷുകളോടെ കളം നിറഞ്ഞു. ഇടവേളയ്ക്ക് പിരിയിമ്പോള്‍ ഹീറോസിന് 8-5 ന്റെ ലീഡും സ്വന്തം. ആദ്യ സെറ്റില്‍ നിറഞ്ഞുനിന്നത് ഇന്ത്യന്‍ താരങ്ങളുടെ പോരാട്ട വീര്യം. ഒത്തിണക്കത്തില്‍  മികച്ചു നിന്ന ഹീറോസിന് ആദ്യ സെറ്റ് സ്വന്തം.  

രണ്ടാം സെറ്റിന്റെ തുടക്കവും ശക്തമായ പോരാട്ടത്തിലൂടെ. കോഗോ സൂപ്പര്‍ താരം ഇലൗനി നിങ്കാമ്പോറോയുടെ പഴുതില്ലാത്ത പ്രതിരോധം പലപ്പോഴും ഹീറോസിന് ലീഡ് നല്‍കി. ഹൈദരാബാദ് താരം കമലേഷ് കോര്‍ട്ടില്‍ പറന്നു നടന്ന് പന്തെടുത്തങ്കിലും ഹീറോസിന്റെ കടുത്ത ആക്രമണങ്ങള്‍ക്കു മുന്നില്‍ തല കുനിച്ചു ഹൈദരാബാദ്.  രണ്ടാം ് സെറ്റും നേടി ഹീറോസ് മത്സരത്തില്‍ പിടിമുറുക്കി.

മൂന്നാം സെറ്റിലും പോരാട്ടം ശക്തം.  ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനം നടത്തി. . ഇടവേളയ്ക്ക് സ്‌കോര്‍ 7-7.  രണ്ടാം പകുതിയില്‍ കണ്ടത് ഹീറോസിന്റെ സര്‍വാധിപത്യം. കളത്തില്‍ നിറഞ്ഞാടിയ ഹീറോസിനു മുന്നില്‍ മുട്ടിടിച്ച ഹൈദരാബാദ് പൊരുതാന്‍ പോലും ആവാതെ തോല്‍വി സമ്മതിച്ചു.  

നാലാം സെറ്റില്‍ ഹൈദരാബാദ് ശക്തമായ തിരിച്ചുവരവ് നടത്തി.  15- 12 ന്് അവര്‍ സെറ്റ് സ്വന്തമാക്കി. അവസാന സെറ്റില്‍ നായകന്‍ ജെറോം വിനീതിനെ പുറത്തിരുത്തി കളത്തിലിറങ്ങിയ ഹീറോസ് കടുത്ത പോരാട്ടം നേരിട്ടു.  അഷ്യാളും മുത്തുസ്വാമിയും കളം കളം നിറഞ്ഞുകളിച്ചതോടെ അവസാന സെറ്റ്് ഹൈദരാബിന് സ്വന്തമായി.  തോല്‍വിയോടെ ടൂര്‍ണമെന്റില്‍ ഹൈദരാബാദിന്റെ നില പരുങ്ങലിലായി. കമലേഷാണ് കളിയിലെ താരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.