ഹാമില്‍ട്ടണ്‍ ത്രില്ലര്‍

Monday 11 February 2019 4:00 am IST

ഹാമില്‍ട്ടണ്‍: ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ വിജയത്തിലേക്ക് പൊരുതിക്കയറിയ ഇന്ത്യക്ക് അവസാന ഓവറില്‍ അടിതെറ്റി. നിര്‍ണായകമായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ നാലു റണ്‍സിന് തോറ്റു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ന്യൂസിലന്‍ഡിന് സ്വന്തമായി 2-1.

ആതിഥേയര്‍ മുന്നോട്ടുവച്ച 213 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് പൊരുതിക്കയറിയ ഇന്ത്യക്ക് ജയിക്കാന്‍ അവസാന മൂന്ന് ഓവറില്‍ 47 റണ്‍സ് വേണമായിരുന്നു. അവസരത്തിനൊത്തുയര്‍ന്ന ദിനേശ് കാര്‍ത്തിക്കും ക്രുണാല്‍ പാണ്ഡ്യയും വെടിക്കെട്ട് ബാറ്റിങ്ങില്‍ 18, 19 ഓവറുകളില്‍ 32 റണ്‍സ് അടിച്ചെടുത്ത് ടീമിനെ വിജയത്തോടടുപ്പിച്ചു. പക്ഷെ അവസാന ഓവറില്‍ പേസര്‍ ടിം സൗത്തി ഇവരെ ഫലപ്രദമായി തടഞ്ഞു. പതിനൊന്ന് റണ്‍സ് മാത്രം വിട്ടുനല്‍കി കിവീസിന് നാല് റണ്‍സിന്റെ വിജയവും സമ്മാനിച്ചു. സ്‌കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റിന് 212, ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 208. പതിനാറ് പന്തില്‍ നാല് സിക്‌സര്‍ അടക്കം 33 റണ്‍സോടെ കാര്‍ത്തിക്കും 13 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 26 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും കീഴടങ്ങാതെ നിന്നു.

നാല്‍പ്പത് പന്തില്‍ 72 റണ്‍സ് അടിച്ചെടുത്ത ഓപ്പണര്‍ മണ്‍റോയാണ് ന്യുസിലന്‍ഡിന്റെ വിജയശില്‍പ്പി. അഞ്ചു സിക്‌സറും അത്രയും തന്നെ ഫോറും മണ്‍റോയുടെ ബാറ്റില്‍ നിന്ന് പിറവിയെടുത്തു. ഈ മികവിന് കളിയിലെ കേമനുള്ള അവാര്‍ഡ് മണ്‍റോയ്ക്ക് സ്വന്തമായി. ആദ്യ വിക്കറ്റില്‍ സീഫെര്‍ട്ടിനൊപ്പം മണ്‍റോ 80 റണ്‍സ് കൂട്ടിചേര്‍ത്തു. സീഫെര്‍ട്ട് 25 പന്തില്‍ മൂന്ന്് സിക്‌സറും മൂന്ന് ഫോറുമടക്കം 27 റണ്‍സ് നേടി. പരമ്പരയിലുടനീളം മികവ് കാട്ടിയ ഈ ബാറ്റ്‌സ്മാന്‍ പരമ്പരയുടെ താരമായി. 

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം മോശമായി. ഓപ്പണര്‍ ധവാനെ അഞ്ചു റണ്‍സിന് നഷ്ടമായി. സാന്‍ഡറുടെ പന്തില്‍ മിച്ചല്‍ ക്യാച്ചെടുത്തു. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ആറു റണ്‍സ് മാത്രം.

മൂന്നാം നമ്പറിലെത്തിയ വിജയ് ശങ്കര്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം പൊരുതിയതോടെ സകോര്‍ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശങ്കര്‍ 43 റണ്‍സുമായി മടങ്ങി. നേരിട്ട് 28 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സറും അടിച്ചു. ശങ്കറിന് പിന്നാലെ ഋഷഭ് പന്തും വീണു. 12 പന്തില്‍ 28 റണ്‍സാണ് നേട്ടം. മൂന്ന് സിക്‌സറും ഒരു ഫോറുമടിച്ചു. പിന്നീട് രോഹിതും പുറത്തായി. 38 റണ്‍സാണ് നേട്ടം. മൂന്ന്  പന്ത് അതിര്‍ത്തികടത്തി.

ഹാര്‍ദിക് പാണ്ഡ്യ പതിനൊന്ന് പന്തില്‍ 21 റണ്‍സുമായി മടങ്ങി. തുടര്‍ന്നെത്തിയ ധോണിക്ക് പിടിച്ചുനില്‍ക്കാനായില്ല. രണ്ട് റണ്‍സിന് കീഴടങ്ങി. ധോണി മടങ്ങിയതോടെ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമെന്ന് തോന്നി. പക്ഷെ കാര്‍ത്തിക്കും ക്രുണാല്‍ പാണ്ഡ്യയും തകര്‍ത്തടിച്ചതോടെ ഇന്ത്യ വിജയപ്പടിവാതിലിനടുത്തെത്തി. അവസാന ഓവറില്‍ ടിം സൗത്തി ഇന്ത്യയുടെ പ്രതീക്ഷകള്‍ കെടുത്തിക്കളഞ്ഞു.

ഇന്ത്യക്ക് മുന്നില്‍ 4-1 ന് ഏകദിന പരമ്പര അടിയറവെച്ച ന്യൂസിലന്‍ഡ് ട്വന്റി 20 വിജയത്തിലൂടെ മധുരമായി പകരം വീട്ടി.

വില്ലിങ്ങ്ടണില്‍ നടന്ന ആദ്യ ട്വന്റി 20 യില്‍ ന്യൂസിലന്‍ഡ് 80 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചു. ഓക്‌ലന്‍ഡിലെ രണ്ടാം ട്വന്റിയില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ ഏഴു വിക്കറ്റിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.