ഗഗന്‍യാന്‍: പത്ത് പേര്‍ക്ക് പരിശീലനം നല്‍കാന്‍ വ്യോമസേനയോട് ഐഎസ്ആര്‍ഒ

Monday 11 February 2019 4:57 pm IST
ഗഗന്‍യാന്‍ ദൗത്യത്തിനുള്ള അന്തിമ രൂപരേഖയും തയാറാക്കിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. മൂന്നു ഘട്ടമായാണ് ദൗത്യം പൂര്‍ത്തിയാക്കുക. 2020 ഡിസംബറില്‍ യാത്രികരില്ലാത്ത പേടകത്തിന്റെ ആദ്യ പരീക്ഷണ യാത്ര.

ന്യൂദല്‍ഹി: ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ബഹിരാകാശ യാത്രികരായി തെരഞ്ഞെടുക്കാന്‍ പത്തു പേരെ പരിശീലിപ്പിക്കാന്‍ വ്യോമസേനയോട്  ഐഎസ്ആര്‍ഒ നിര്‍ദേശിച്ചു. യാത്രികരുമായുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യമാണ് ഗഗന്‍യാന്‍. മൂന്നു യാത്രികരുമായുള്ള ബഹിരാകാശ സഞ്ചാരത്തിന് ഐഎസ്ആര്‍ഒയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരുന്നു. വ്യോമസേന പരിശീലിപ്പിക്കുന്ന പത്തുപേരില്‍ നിന്നാവും ബഹിരാകാശ യാത്രയ്ക്കുള്ള മൂന്നു പേരെ ഐഎസ്ആര്‍ഒ തെരഞ്ഞെടുക്കുക.

ഗഗന്‍യാന്‍ ദൗത്യത്തിനുള്ള അന്തിമ രൂപരേഖയും തയാറാക്കിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. മൂന്നു ഘട്ടമായാണ് ദൗത്യം പൂര്‍ത്തിയാക്കുക. 2020 ഡിസംബറില്‍ യാത്രികരില്ലാത്ത പേടകത്തിന്റെ ആദ്യ പരീക്ഷണ യാത്ര. 2021 ജൂലൈയില്‍ യാത്രികരില്ലാതെ രണ്ടാമത്തെ പരീക്ഷണയാത്ര. അതേവര്‍ഷം യാത്രികരുമായുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വാഹനം പറക്കും.

പതിനായിരം കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമാണ് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്. കഴിഞ്ഞ മാസം മുപ്പതിന് ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ആരംഭിച്ച് ഗഗന്‍യാന്‍ ദൗത്യത്തിന് ഐഎസ്ആര്‍ഒ തുടക്കമിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.