വൃന്ദാവനില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പി പ്രധാനമന്ത്രി

Monday 11 February 2019 4:59 pm IST

 വൃന്ദാവന്‍(യുപി): നിരയായി വന്ന കുട്ടികള്‍ക്കു മുന്നില്‍ അവരില്‍ ഒരാളായി നില്‍ക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുണ്യനഗരത്തിലെ വൃന്ദാവന്‍ ചന്ദ്രോദയ ക്ഷേത്ര സമുച്ചയത്തിലെ നടുമുറ്റത്ത് നിറഞ്ഞ പകലിലും നന്മയുടെ നിലാവു വീഴുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് അന്നം വിളമ്പുന്ന അക്ഷയ പാത്ര പദ്ധതിയോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. 

ബെംഗളൂരു കേന്ദ്രമായി ഇസ്‌കോണ്‍ തുടക്കമിട്ട അക്ഷയപാത്ര പദ്ധതിയില്‍ മൂന്നു കോടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയതു പ്രമാണിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി ഇന്നലെ ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ എത്തിയത്. 

ഭക്ഷണം കഴിക്കാനായി കുട്ടികള്‍ കാത്തിരിക്കുന്നു. വളരെ തിടുക്കപ്പെട്ട് മോദി പ്രസംഗം അവസാനിപ്പിച്ചു. ഈ കുഞ്ഞുങ്ങള്‍ക്ക്  ഭക്ഷണം ഇന്നു ഞാന്‍ തന്നെ വിളമ്പിക്കൊടുക്കും എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. 

ഭക്ഷണം വച്ചിരിക്കുന്ന സ്ഥലത്തേക്ക് നീങ്ങിയ മോദി തന്റെ കൈ  കൊണ്ട് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി. ചിലരോടു കാര്യങ്ങള്‍ അന്വേഷിച്ചു. പിന്നീട് കുട്ടികള്‍ക്കടുത്തു ചെന്ന് ഓരോരുത്തരോടും സംസാരിച്ചു. കൂടുതല്‍ എന്തെങ്കിലും വേണോ എന്ന് ആരാഞ്ഞു. വീണ്ടും ഭക്ഷണം വിളമ്പി. 

ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക ഫലകം പ്രധാനമന്ത്രി അനാഛാദനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.