അമിത് ഷാ, യോഗി ഉള്‍പ്പടെയുള്ള കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്

Monday 11 February 2019 5:59 pm IST
'എന്റെ കുടുംബം ബിജെപി കുടുംബം' എന്ന പേരില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ പാര്‍ട്ടി കൊടി ഉയര്‍ത്തല്‍, സ്റ്റിക്കര്‍ പതിക്കല്‍ പരിപാടിക്ക് ഇന്ന് തുടക്കമാകും. 20 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ കോഴിക്കോടുള്ള വസതിയില്‍ നിര്‍വഹിക്കും.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിച്ച് ബിജെപി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ എത്തും. കൂടാതെ എല്ലാ ബൂത്ത് പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും.

ബിജെപിയുടെ ആദ്യഘട്ട പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി പണ്ഡിറ്റ് ദീനദയാല്‍ സ്മൃതിദിനം നടന്നു വരുകയാണ്. ബൂത്തുതലങ്ങളില്‍ നടക്കുന്ന പരിപാടി 15ന് സമാപിക്കും. ഇന്നു മുതല്‍ മാര്‍ച്ച് രണ്ട് വരെ രാജ്യമൊട്ടാകെ നടക്കുന്ന ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

'എന്റെ കുടുംബം ബിജെപി കുടുംബം' എന്ന പേരില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ പാര്‍ട്ടി കൊടി ഉയര്‍ത്തല്‍, സ്റ്റിക്കര്‍ പതിക്കല്‍ പരിപാടിക്ക് ഇന്ന് തുടക്കമാകും. 20 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ കോഴിക്കോടുള്ള വസതിയില്‍ നിര്‍വഹിക്കും.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 14ന് പത്തനംതിട്ട യില്‍ നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ലോകസഭാ മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെയും പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലെ പേജ് ഇന്‍ചാര്‍ജുമാരുടെയും യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 22ന് പാലക്കാട് എത്തും. പാലക്കാട്, ആലത്തൂര്‍, മലപ്പുറം, പൊന്നാനി എന്നീ ലോകസഭാ മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തില്‍ സംബന്ധിക്കും. മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ശക്തി കേന്ദ്ര അടിസ്ഥാനത്തില്‍ 26ന് 'കമല്‍ജ്യോതി പ്രതിജ്ഞ' പരിപാടി സംഘടിപ്പിക്കും. താമരയുടെ ചിത്രങ്ങളില്‍ ശക്തികേന്ദ്രങ്ങളിലെ പ്രവര്‍ത്തകര്‍ ദീപങ്ങള്‍ തെളിയിക്കുന്ന പരിപാടിയാണിത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി 28ന് രാജ്യത്തെ എല്ലാ ബൂത്തുതല പ്രവര്‍ത്തകരുമായി നേരിട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും. യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ജില്ലാതലങ്ങളില്‍ മാര്‍ച്ച് രണ്ടിന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന  ബൈക്ക് റാലികള്‍ നടത്തപ്പെടും.

തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. ശബരിമല കര്‍മസമിതി നടത്തുന്ന പരിപാടികള്‍ക്ക് ബിജെപി പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.