127 കോടിയുടെ കള്ളപ്പണം;സിപിഎം വെട്ടില്‍

Tuesday 12 February 2019 7:09 am IST

ഹൈദരാബാദ്:  നോട്ട് നിരോധന ശേഷം സിപിഎം ആന്ധ്രാപ്രദേശ് ഘടകം വെളുപ്പിച്ചത് 127.71 കോടിയുടെ കള്ളപ്പണം. പാര്‍ട്ടിയുടെ കൈവശം രഹസ്യമായി സൂക്ഷിച്ചിരുന്ന പണം ഒടുവില്‍ ഗത്യന്തരമില്ലാതെ പാര്‍ട്ടി പത്രം പ്രജാശക്തിയുടെ അക്കൗണ്ടില്‍ ഇടുകയായിരുന്നു. ഇക്കാര്യം കണ്ടെത്തി കേന്ദ്രം അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോയും തീരുമാനിച്ചിട്ടുണ്ട്.

അന്വേഷണം തുടങ്ങിയതോടെ പാര്‍ട്ടി ചാനല്‍  ടിവി 10 തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ സ്വന്തക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തു. ഇതും വലിയ വിവാദമായിട്ടുണ്ട്. 

സിപിഎം സംസ്ഥാന സമിതിയുടെ കൈവശമുണ്ടായിരുന്ന 127.71  കോടിയാണ് പ്രജാശക്തി പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സിന്റെ അക്കൗണ്ടില്‍ ഇട്ടത്. ഈ പണം എവിടെ നിന്ന് ലഭിച്ചെന്ന് പാര്‍ട്ടി അന്വേഷിക്കുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്ര നിയമ കോര്‍പ്പറേറ്റ് കാര്യ മന്ത്രി പി.പി. ചൗധരി പാര്‍ലമെന്റില്‍ അറിയിച്ചു. 

2016ലെ നോട്ട് അസാധുവാക്കലിനു ശേഷമാണ് പണം പത്രത്തിന്റെ അക്കൗണ്ടിലിട്ടത്. ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയ ശേഷമാണ് ടിവി ചാനല്‍ വിറ്റത്. ചാനല്‍ വിറ്റതുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോ അംഗം ബി.വി. രാഘവലു അടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചത്. 2018 മാര്‍ച്ചില്‍ പരാതി ലഭിച്ചെങ്കിലും നടപടി എടുക്കാതെയിരിക്കുകയായിരുന്നു. എന്നാല്‍ പരാതിക്കാര്‍ വിട്ടില്ല. അവര്‍ വീണ്ടും പരാതി നല്‍കിയതോടെ കഴിഞ്ഞയാഴ്ച ചേര്‍ന്ന പോളിറ്റ് ബ്യൂറോയാണ് അന്വേഷിക്കാന്‍ തീരുമാനിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.