സര്‍ക്കാരിനെതിരായ ഗുജ്ജാര്‍ പ്രക്ഷോഭത്തില്‍ രാജസ്ഥാന്‍ കത്തുന്നു

Monday 11 February 2019 8:13 pm IST

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് ശതമാനം സംവരണം യാഥാര്‍ത്ഥ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഗുജ്ജാര്‍ സമുദായം നടത്തുന്ന പ്രക്ഷോഭത്തില്‍ രാജസ്ഥാന്‍ കത്തുന്നു. 

പലയിടങ്ങളിലും സമരം അക്രമാസക്തമായി. ധോല്‍പുര്‍ ജില്ലയില്‍ അഞ്ചോളം പോലീസ് വാഹനങ്ങള്‍ തകര്‍ത്തു. സമരക്കാര്‍ എട്ട് പത്ത് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി പോലീസ് പറഞ്ഞു. വ്യാപക കല്ലേറുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രദേശത്തും സമീപ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

വെള്ളിയാഴ്ച രാത്രിയാണ് ഗുജ്ജാര്‍ ആരക്ഷന്‍ സമിതി തലവന്‍ കിരോരി സിങ്ങ്് ബെയ്ന്‍സ്‌ലയുടെ അനുയായികള്‍ സവായ് മധോപുര്‍ ജില്ലയില്‍ സമരം ആരംഭിച്ചത്. ഇവരുടെ ഉപരോധത്തെ തുടര്‍ന്ന് രണ്ട് ദിവസത്തിനിടെ ഇരുനൂറോളം ട്രെയിനുകള്‍ ഗതിമാറ്റി. ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ്, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ നീരജ് പവാന്‍ എന്നിവര്‍ പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സമരം അവസാനിപ്പിക്കണമെന്നും റെയില്‍വേ ട്രാക്കില്‍ നിന്നും മാറണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു.  

വാദ്ഗാനം പാലിക്കാതെ പിന്മാറില്ലെന്ന് ബെയ്ന്‍സ്‌ല വ്യക്തമാക്കി. സംവരണം ലഭിക്കാതെ എവിടേക്കും പോകില്ല. ജനങ്ങളെ പ്രകോപിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ജനങ്ങള്‍ തന്റെ നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കുകയാണ്. സമാധാനപരമായി വിഷയം അവസാനിപ്പിക്കാനാണ് താല്‍പര്യം. എത്രയും പെട്ടെന്നാകുന്നുവോ അത്രയും നല്ലത്. അദ്ദേഹം ചൂണ്ടിക്കാട്ടി. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും അഞ്ച് ശതമാനം സംവരണമാണ് സമുദായത്തിന്റെ ആവശ്യം. നേരത്തെ ബിജെപി സര്‍ക്കാര്‍ സംവരണം നടപ്പാക്കിയെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. യാഥാര്‍ത്ഥ്യമാകില്ലെന്ന് ഉറപ്പുണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ വ്യാജ വാഗ്ദാനമാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.