പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസ്

Tuesday 12 February 2019 6:00 am IST

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസാണ്. 1994-ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ് ഒന്ന്. ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസ് മറ്റൊന്ന്. പി. ജയരാജന്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്. നിരവധി കൊലപാതകക്കേസുകളില്‍ ജയരാജന്‍ സംശയത്തിന്റെ നിഴലിലായിരുന്നെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് കേസുകളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

 സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം കാലങ്ങളായി നടപ്പാക്കി വരുന്ന കൊലപാതക രാഷ്ട്രീയത്തിനേറ്റ ആഘാതം കൂടിയാണ് കുറ്റപത്രം. ഷുക്കൂറിനെ കൊല്ലാന്‍ ജയരാജന്‍ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയതോടെ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമത്തിന്റെ കാപട്യവും പുറത്തായി. 

കേരളം ഏറെ ചര്‍ച്ച ചെയ്ത ഷുക്കൂര്‍ വധക്കേസില്‍ സിബിഐ നടത്തിയ പഴുതടച്ച അന്വേഷണമാണ് ജയരാജനെ കുടുക്കിയത്. സമാനതകളില്ലാത്ത കൊലപാതകമായിരുന്നു ഷുക്കൂറിന്റേത്. സംശയത്തിന്റെ പേരില്‍ ജയരാജന്റെ നിര്‍ദ്ദേശപ്രകാരം നടന്ന കൊലപാതകമായിരുന്നു. തളിപ്പറമ്പ് സന്ദര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം അക്രമിക്കാന്‍ ശ്രമിച്ച് സമീപത്തുകൂടി ഓടിപ്പോയത് ഷുക്കൂറാണെന്ന സംശയത്തിലാണ് കൊലപാതകം. 

അഭയം തേടിയ വീട്ടില്‍ നിന്ന് പിടിച്ചിറക്കി നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ മണിക്കൂറുകളോളം വയലില്‍ തടഞ്ഞ് നിര്‍ത്തി പരസ്യ വിചാരണചെയ്ത് ഷുക്കൂറിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഐഎസ് ഭീകരര്‍പോലും നാണിക്കുന്ന തരത്തില്‍ പകല്‍വെളിച്ചത്തില്‍ നടത്തിയ കൊലപാതകം. സംഭവദിവസം തളിപ്പറമ്പിലെ ഒരു സഹകരണ ആശുപത്രിയിലെ 350-ാം നമ്പര്‍ മുറിയില്‍ ജയരാജനെ അഡ്മിറ്റ് ചെയ്തിരുന്നു. ഇവിടെ വെച്ച് ഷുക്കൂറിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയെന്നാണ് കേസ്. പാര്‍ട്ടികോടതി വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയെന്ന വെളിപ്പെടുത്തല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.  

മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു. ഷുക്കൂറിനെ പിടികൂടി, അദ്ദേഹത്തിന്റെ ഫോട്ടോ മൊബൈലില്‍ അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കിയ ശേഷം കൊലനടത്തി എന്നാണ് കേസ്. 2016 ലാണ് കേസ് സിബിഐക്ക് വിട്ടത്. കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചന പോലീസിന് അന്വേഷിച്ചില്ലെന്ന് കണ്ടെത്തെിയാണ് കോടതി അന്വേഷണം സിബിഐക്ക് വിട്ടത്. 

കേസന്വേഷണം സിബിഐക്ക് വിടുന്നതിനെതിരായി പി. ജയരാജനും ടി.വി. രാജേഷും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. കേസിനെതിരെ ജയരാജന്‍ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

പി. ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യുകയും ദിവസങ്ങളോളം ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലയില്‍ വ്യാപക അക്രമങ്ങള്‍ നടന്നു. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ 2014 സപ്തംബര്‍ ഒന്നിന് രാവിലെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ഇൗ കേസ് വിചാരണ കാത്ത് കിടക്കുകയാണ്. വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതിയുടെ മുന്നില്‍ പരിഗണനയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലോ, വടകരയിലോ മത്സരിക്കാന്‍ ജയരാജന്‍ നീക്കം നടത്തുന്നതിനിടയിലാണ് കുറ്റപത്രം പുറത്തു വന്നിരിക്കുന്നത്. ഇത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയുമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.