ശിവഗിരി സംന്യാസിമാര്‍ക്കെതിരെ സിപിഎമ്മിന്റെ സംഘടിത ആക്രമണം; മഠത്തിന് ഗൂഢശ്രമമെന്ന് മന്ത്രി കടകംപള്ളി

Tuesday 12 February 2019 6:51 am IST

തിരുവനന്തപുരം: ശിവഗിരി മഠത്തിനെതിരെ  സിപിഎമ്മിന്റെ  സംഘടിത ആക്രമണം ആസൂത്രിതം. കഴിഞ്ഞദിവസം നടന്ന സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത്  എംപിയും ശിവഗിരിമഠം സ്വാമിമാരെ പരസ്യമായി അധിക്ഷേപിച്ചത് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം. ശബരിമലക്ക് പിന്നാലെ ശിവഗിരിയെയും തകര്‍ക്കുക എന്ന പാര്‍ട്ടി അജണ്ടയാണ്  ആസൂത്രിതമായി നടപ്പിലാക്കുന്നത്.

ശിവഗിരി മഠത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പേരു പറയാന്‍ മടിയാണെന്നും പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി കേന്ദ്രസര്‍ക്കാരിനെ ശിവഗിരി മഠം സമീപിച്ചത് മഠത്തിന്റെ ഗൂഢശ്രമമാണെന്നുമാണ് കടകംപള്ളി പറഞ്ഞത്. ഒരു പടികൂടി കടന്ന് സമ്പത്ത് എംപിയും രംഗത്തെത്തി. ശിവഗിരി സ്വാമിമാരേക്കാള്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള അറിവ് സദസ്സിലിരിക്കുന്ന പലര്‍ക്കുമുണ്ടെന്നായിരുന്നു സമ്പത്തിന്റെ അഭിപ്രായം. സമ്പത്തിന്റെ പ്രസംഗത്തിനെതിരെ സദസ്സില്‍ നിന്നു തന്നെ  പ്രതിഷേധം ഉയര്‍ന്നിരുന്നു. 

സ്വദേശി ദര്‍ശന്‍ പദ്ധതിനടത്തിപ്പ് കെടിഡിസിയെ ഏല്‍പ്പിക്കാതെ ഐടിഡിസിയെ ഏല്‍പ്പിച്ചതുമുതല്‍ സംസ്ഥാന സര്‍ക്കാര്‍ ശിവഗിരി മഠത്തെ മനഃപൂര്‍വം വിവാദങ്ങളിലേക്ക് തള്ളി വിടുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ഉദ്ഘാടന ചടങ്ങ് കേന്ദ്രമന്ത്രി കണ്ണന്താനം നിശ്ചയിച്ചു എന്ന ആരോപണവുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. ഉദ്ഘാടനം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ രേഖകള്‍ കേന്ദ്രമന്ത്രി പുറത്ത് വിട്ടതോടെ ആരോപണത്തിന്റെ മുനയൊടിഞ്ഞു. 

 വനിതാമതില്‍ സംഘടിപ്പിച്ച് ശിവഗിരി തീര്‍ത്ഥാടനം അട്ടിമറിച്ചതിനു പിന്നാലെയാണ് സ്വാമിമാര്‍ക്കെതിരെ പൊതു വേദിയിലുള്ള അധിക്ഷേപവുമായി സിപിഎം രംഗത്ത് എത്തുന്നത്. പദ്ധതികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍  പണം തട്ടിയെടുക്കുന്നതിനുള്ള  പ്രഥമദൃഷ്ട്യാ ഉദാഹരണമായിരുന്നു ശിവഗിരിയിലെ സ്വദേശി ദര്‍ശന്‍ പദ്ധതി .  

  ശിവഗിരി മഠത്തിലെ സ്വദേശി ദര്‍ശന്‍ പദ്ധതിക്ക്  118 കോടിരൂപയുടെ പദ്ധതിയാണ് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇതേ പദ്ധതി ഐടിഡിസി വഴി തയാറാക്കിയപ്പോള്‍ 70 കോടിയായി കുറഞ്ഞു. പദ്ധതിയുടെ കരാര്‍ പണി കെടിഡിസിയെ വെട്ടി ഐടിഡിസിക്ക് നല്‍കി.  

സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പദ്ധതിയില്‍ അധികമായ പദ്ധതിയുടെ  48 കോടി രൂപ പാര്‍ട്ടി ഓഫീസിലും സിപിഎം നേതാക്കളുടെ കീശയിലും  എത്തിക്കുക എന്നത് പൊളിഞ്ഞതും വിദ്വേഷത്തിന് കാരണമായി. 

ഇതേ തുടര്‍ന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം മഠത്തെയും സ്വാമിമാരെയും അധിക്ഷേപിച്ചത്. 118 കോടി രൂപ 70 കോടിയായതിനെകുറിച്ച് ശീ നാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷ പ്രസംഗത്തില്‍ മന്ത്രിക്ക് മറുപടി നല്‍കിയിരുന്നു.  മന്ത്രി പറഞ്ഞ ഗൂഢ ശൈലി മഠത്തിന്റേയും സ്വാമിമാരുടേതുമല്ലെന്ന് ശിവഗിരി മഠം ട്രഷറര്‍ ശാരദാനന്ദ സ്വാമികളും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.