ബംഗാള്‍ മോഡലില്‍ കേരളത്തിനും സഖ്യത്തിന് ധാരണ: പി.കെ. കൃഷ്ണദാസ്

Monday 11 February 2019 9:03 pm IST

പാലക്കാട്: ബംഗാള്‍ മോഡലില്‍ കേരളത്തിലും കോ-മാ സഖ്യത്തിന് ധാരണയായെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. അക്രമത്തിന്റെ കാര്യത്തില്‍ മാത്രമാണ് സിപിഎമ്മിനോട് വിയോജിപ്പെന്നും ആശയപരമായി യോജിപ്പാണെന്നുമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തെളിയിക്കുന്നത്. 

രാഹുല്‍-യെച്ചൂരി ചര്‍ച്ചയുടെ ഭാഗമായാണിത് പറയുന്നത്. ഇതുസംബന്ധിച്ച് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എ. വിജയരാഘവനും നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബംഗാളില്‍ കാണിച്ച ആര്‍ജ്ജവം കേരളത്തിലും കാണിച്ച് ബിജെപിക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പ്രചരണം നടത്തണം. ഇരുപാര്‍ട്ടികളിലെയും വലിയൊരു വിഭാഗം അണികള്‍ക്കും ചില നേതാക്കള്‍ക്കും  കോ-മാ സംഖ്യത്തില്‍ അതൃപ്തിയുണ്ട്. അവരെ എന്‍ഡിഎ സ്വാഗതം ചെയ്യുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഒ. രാജഗോപാലിനെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസിന് വോട്ട് മറിച്ചിരുന്നു. ഇത്തവണ അത് വ്യാപകമാക്കുകയാണ്. 

മുല്ലപ്പള്ളിയുടെ പ്രസ്താവനയോടെ ബിജെപി-സിപിഎം സഖ്യമെന്ന ചെന്നിത്തലയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ. കൃഷ്ണദാസ്, മധ്യമേഖല ജന. സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.