മൂന്നാര്‍: സബ് കളക്ടര്‍ ഹൈക്കോടതിയെ സമീപിക്കും

Monday 11 February 2019 9:07 pm IST

കൊച്ചി : മൂന്നാറിലെ അനധികൃത നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഹൈക്കോടതിയെ സമീപിക്കും.  റവന്യു അധികൃതരുടെ  എന്‍ഒസിയില്ലാതെ മൂന്നാര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനം പാടില്ലെന്നാണ് ഹൈക്കോടതി വിധി. ഇതു ലംഘിച്ച് മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാവും സബ് കളക്ടര്‍ ഹര്‍ജി നല്‍കുക. കോടതിയലക്ഷ്യ നടപടി സംബന്ധിച്ച് ഹൈക്കോടതി തീരുമാനിക്കുന്നതനുസരിച്ച് നീങ്ങാമെന്നാണ് തീരുമാനം.

നേരത്തെ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രേണു രാജ് അഡ്വക്കേറ്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ വൈകുന്നേരം രേണു രാജ് ഹൈക്കോടതിയിലെത്തി അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ചിത്ത് തമ്പാനുമായി രണ്ടു മണിക്കൂറോളം ചര്‍ച്ച നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി സ്വീകരിക്കണോയെന്ന കാര്യം ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍.

തുടര്‍ന്നാണ് അനധികൃത നിര്‍മ്മാണം തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.  വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ 2015 ജനുവരി 21നാണ് മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ എന്‍ഒസി വേണമെന്ന് ഹൈക്കോടതി വിധിച്ചത്. ഇതിന്റെ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സബ്കളക്ടര്‍ നല്‍കുന്ന ഹര്‍ജിയില്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, കരാറുകാരന്‍ എന്നിവരുടെ നടപടികള്‍ വ്യക്തമാക്കും. ഇന്ന് ഹര്‍ജി നല്‍കുമെന്നാണ് കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.