ഇടുക്കിയില്‍ ആദ്യം ആത്മഹത്യ ചെയ്ത യുവ കര്‍ഷകന്റെ കുടുംബം അനാഥം

Tuesday 12 February 2019 7:21 am IST

കട്ടപ്പന: അച്ഛന്റെ മരണ ശേഷം കുടുംബം നോക്കിയിരുന്ന കര്‍ഷകന്റെ അകാലത്തിലുള്ള വിടവാങ്ങല്‍ അനാഥമാക്കിയത് ഒരു കുടുംബത്തെ. കൃഷി ചെയ്ത്  ഉപജീവനത്തിന് ശ്രമിച്ചെങ്കിലും കടക്കെണിയില്‍പ്പെട്ട് അപമാനഭാരം ഭയന്ന് ആത്മഹത്യ ചെയ്ത മുരിക്കാശേരി സ്വദേശിയായ യുവ കര്‍ഷകന്‍ നാടിന് ഇന്നും വറ്റാത്ത കണ്ണീരാണ്. മേരിഗിരി താന്നിക്കാട്ടുകാലായില്‍ സന്തോഷ് (37) മരിച്ചതോടെ പ്രായമായ അമ്മ ഓമനയും, ഭാര്യ ആശയും 4 വയസ്സുള്ള മകന്‍ റോമിനോയുമാണ് ഇനി ഈ കുടുംബത്തില്‍ ബാക്കിയുള്ളത്. 

 വീട് ചോര്‍ന്നൊലിക്കുകയാണ്, വൃത്തിയുള്ള ഒരു ശുചിമുറി പോലും തങ്ങള്‍ക്കില്ലെന്നും അമ്മ കണ്ണീരോടെ പറയുന്നു. അസുഖത്തെ തുടര്‍ന്ന് അടുത്ത നാളില്‍ തന്റെ ചികിത്സക്കായി 4 ലക്ഷത്തോളം രൂപ ചെലവായിരുന്നു. 

ഭര്‍ത്താവ് മരിച്ച ശേഷം  ബന്ധുവിന്റെ കാരുണ്യത്തിലാണ് വീട് മുന്നോട്ട് പോകുന്നതെന്ന് ആശ പറഞ്ഞു. കുട്ടികള്‍ ഉണ്ടാകാതിരുന്ന് ഏറെ ചികിത്സകള്‍ക്ക് ശേഷമാണ് റോമിനോ ജനിക്കുന്നത്. ഇതും കടം പെരുകാന്‍ കാരണമായി. 

15 വര്‍ഷം മുമ്പാണ് കൃഷിയിലേക്ക് സന്തോഷ് ഇറങ്ങുന്നത്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തിരുന്ന ഏക്കറുകണക്കിന് സ്ഥലത്തുമാണ് സന്തോഷ് കൃഷി ചെയ്തുവന്നിരുന്നത്. 

കൃഷി പല തവണയും നഷ്ടത്തിലായപ്പോള്‍ ഇതിന്റെ നഷ്ടം നികത്താനായി കൂടുതല്‍ വായ്പ്പകള്‍ എടുക്കേണ്ടി വന്നു. മിക്കതും കൃത്യമായി തിരിച്ചടച്ച് വരികയായിരുന്നു. മൂന്ന് വര്‍ഷം മുമ്പുണ്ടായ മഴയില്‍ കൃഷിയില്‍ വ്യാപകമായി നാശം വന്നിരുന്നതായും ആശ പറയുന്നു. 

പല ബാങ്കുകളില്‍ നിന്നായി സന്തോഷ് 30 ലക്ഷത്തോളം വായ്പ്പയെടുത്തിരുന്നു. കെഎസ്എഫ്ഇ മാനേജര്‍, വസ്തു ജപ്തി ചെയ്യുമെന്ന് ഭിഷണിപ്പെടുത്തുകയും സമീപത്തുള്ള വീടുകളില്‍ എത്തി അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിലുള്ള മനോവിഷമത്തിലാണ് സന്തോഷ് ആത്മഹത്യ ചെയ്തത്. ഏറെ പ്രതീക്ഷയോടെ ഇറക്കിയ കൃഷികള്‍ കലിതുള്ളിയെത്തിയ കാലവര്‍ഷത്തില്‍ നശിച്ചു. 

സന്തോഷ് ഇല്ലാതായതോടെ ചെറിയ തോതിലുള്ള വായ്പകള്‍ നല്‍കിയ നാട്ടുകാരില്‍ ചിലരും വീട്ടില്‍ കയറി ഇറങ്ങുകയാണ്. കൃഷി ഇന്നല്ലെങ്കില്‍ നാളെ ലാഭം തരുമെന്ന് പ്രതീക്ഷിച്ച സന്തോഷ് വിഷമതകള്‍ ഇല്ലാത്ത ലോകത്തേക്ക് മറഞ്ഞെങ്കിലും കുടുംബം തീരാദുരിതത്തില്‍ തുടരുകയാണ്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.