മുഖം രക്ഷിക്കാന്‍ രാജേന്ദ്രനെ കൈവിട്ട് എല്‍ഡിഎഫ് നേതാക്കള്‍

Tuesday 12 February 2019 7:26 am IST

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെ  എല്‍ഡിഎഫ് കൈവിടുന്നു. അനുകൂലിച്ചാല്‍ നാണക്കേടാകുമെന്ന് ഭയന്നാണ് എല്‍ഡിഎഫിന്റെ നടപടി. കളക്ടര്‍ക്കെതിരെ എംഎല്‍എ നടത്തിയ പരാമര്‍ശം രാഷ്ട്രീയ നേതാവിനു ചേര്‍ന്നത് അല്ലെന്ന് നേതാക്കള്‍ പറഞ്ഞു.

രാജേന്ദ്രന്റെ പരാമര്‍ശം ന്യായീകരിക്കുന്നില്ലെന്നും എംഎല്‍എ അല്ല ആരായാലും സ്ത്രീകളോടു മാന്യമായി മാത്രമേ പെരുമാറാവൂവെന്നും  എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. നിയമപരമായ നടപടികളാണ് ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജ് മൂന്നാറില്‍ ചെയ്തതെന്നും ഏത് പഞ്ചായത്തായാലും സ്ഥാപനമായാലും നിയമങ്ങള്‍ ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ചു. രാജേന്ദ്രന്റെ പരാമര്‍ശത്തെ അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിപ്പറഞ്ഞതാണ്. നിയമലംഘനം ഉണ്ടായാല്‍ കോടതിയെ അറിയിക്കുന്നതില്‍ തെറ്റില്ലെന്നും  ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കാനം പറഞ്ഞു.

വിവാദങ്ങളില്‍ പെടുമ്പോള്‍ രാജേന്ദ്രനെ എപ്പോഴും രക്ഷിക്കാറുള്ള മന്ത്രി എം.എം. മണിയും മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ അഭിപ്രായം പറയാതെ ഒഴിഞ്ഞു മാറി. സിപിഎമ്മിലെയും സിപിഐയിലെയും ഇടുക്കി ജില്ലാ സെക്രട്ടറിമാര്‍ രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് വിമര്‍ശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത് എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനും രാജേന്ദ്രന്റെ പരാമര്‍ശത്തില്‍ കടുത്ത നീരസത്തിലാണ്. തെരഞ്ഞെടുപ്പ് കാലത്ത്  നേതാക്കളുടെ അതിരുകടന്ന ഇത്തരം പരാമര്‍ശങ്ങള്‍ നിയന്ത്രിക്കണമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജേന്ദ്രന്‍ വിഷയം ഇന്ന്  നിയമസഭയില്‍ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആയുധമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.