മോശം പ്രകടനം ; എംപിമാരില്‍ പലര്‍ക്കും സീറ്റില്ല

Tuesday 12 February 2019 7:30 am IST

തൃശൂര്‍: പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നതോടെ സിറ്റിങ് എംപിമാര്‍ക്ക് പലര്‍ക്കും ഇക്കുറി സീറ്റ് നഷ്ടമാകും. കൂടുതല്‍ പേര്‍ക്ക് ചുവപ്പ്കാര്‍ഡ് കൊടുത്ത് കയറ്റിവിടുന്നത് സിപിഎമ്മാണ്. രണ്ടുവട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് സീറ്റില്ല എന്ന ന്യായം പറഞ്ഞാണ് ഒഴിവാക്കുന്നതെങ്കിലും യഥാര്‍ഥ കാരണം മോശം പ്രകടനം. രണ്ടുവട്ടം പൂര്‍ത്തിയാക്കിയ ചിലര്‍ക്ക് സീറ്റ് നല്‍കാന്‍ പാര്‍ട്ടി തയാറുമാണ്. കാസര്‍കോട്ടെ പി. കരുണാകരന്‍, ആലത്തൂരില്‍ പി.കെ. ബിജു, ചാലക്കുടിയിലെ ഇന്നസെന്റ് എന്നിവരെല്ലാം ഇക്കുറി ഗാലറിയിലേക്ക് മടങ്ങുമെന്നാണ് സൂചന. മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എംപി പി.കെ. ശ്രീമതിയെ ഒഴിവാക്കണമെന്ന നിലപാടിലാണ് ജില്ലാകമ്മിറ്റി.  ശ്രീമതിയെ കാസര്‍കോട്ട്  നിര്‍ത്തണമെന്ന നിര്‍ദേശവുമുണ്ട്.  

 

എം.ബി. രാജേഷ് പാലക്കാട് രണ്ട് ടേം പൂര്‍ത്തിയാക്കിയെങ്കിലും ഒരു വട്ടംകൂട്ടി മത്സരിപ്പിക്കണമെന്നാണ് സംസ്ഥാനനേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്. പക്ഷേ ജില്ലാക്കമ്മിറ്റിയില്‍ ഒരുവിഭാഗം രാജേഷ് സ്ഥാനാര്‍ത്ഥി ആകുന്നതിനെതിരാണ്. ചാനല്‍ ചര്‍ച്ചകളിലല്ലാതെ എംപിയെ മണ്ഡലത്തിലെ വികസനകാര്യങ്ങളില്‍ കാണാനില്ലെന്ന പരാതി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുണ്ട്. പത്ത് വര്‍ഷം എംപി ആയിരുന്നിട്ടും മണ്ഡലത്തില്‍ പെടുന്ന അട്ടപ്പാടിയില്‍ കാര്യമായൊന്നും ചെയ്യാന്‍ രാജേഷിനായില്ല. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു അരി മോഷ്ടിച്ചതിന് കൊല്ലപ്പെട്ടതും ആവര്‍ത്തിക്കുന്ന ശിശുമരണങ്ങളും ദേശീയതലത്തില്‍തന്നെ എംപിയുടെ പ്രതിഛായ മോശമാക്കിയിട്ടുണ്ട്. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതി ദേശീയ നേതൃത്വത്തിന്റെയും മാധ്യമങ്ങളുടേയും മുന്നിലെത്തിച്ചത് രാജേഷാണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ പുകയുന്നുണ്ട്. 

 

സിപിഐയുടെ ഏക സിറ്റിങ്‌സീറ്റായ തൃശൂരില്‍ സി.എന്‍. ജയദേവനെ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. കെ.പി. രാജേന്ദ്രന്റെ പേര്  ഉയര്‍ന്നെങ്കിലും അദ്ദേഹത്തിന് വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളുടെ പ്രചരണച്ചുമതലയുണ്ട്. സിപിഐയിലെ കാനം വിരുദ്ധപക്ഷത്ത് നില്‍ക്കുന്നയാളാണ് ജയദേവന്‍. ജയദേവന് പകരം മറ്റൊരാളെ സിപിഐ നേതൃത്വം തേടാനുമിടയുണ്ട്. സാമുദായികഘടന പരിഗണിച്ച് രാജാജി മാത്യു തോമസിനെ പരിഗണിച്ചേക്കാം. ചാലക്കുടിയില്‍ ഇന്നസെന്റിനെ ഇക്കുറി ഒഴിവാക്കണമെന്ന് പാര്‍ട്ടി ആലോചിച്ചിരുന്നു. പാര്‍ട്ടിതീരുമാനത്തിന് മുന്‍പ് ഇന്നസെന്റ് പിന്മാറുകയും ചെയ്തു. 

 

എംപിയെ മണ്ഡലത്തില്‍ കാണാനില്ല എന്ന പരാതിയാണ് പി.കെ. ബിജുവിനെക്കുറിച്ച് ആലത്തൂരുകാര്‍ക്കുള്ളത്. തെരഞ്ഞെടുപ്പ് സമയത്തല്ലാതെ ബിജുവിനെ കാണാന്‍ കിട്ടുന്നില്ലെന്ന് കാണിച്ച് പാര്‍ട്ടിക്കാര്‍തന്നെ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു. പകരം കെ. രാധാകൃഷ്ണനെ കളത്തിലിറക്കാനാണ് പാര്‍ട്ടി ആലോചന. കോണ്‍ഗ്രസില്‍ ആന്റോ ആന്റണി, കെ.വി. തോമസ് എന്നിവരുടെ നിലയും പരുങ്ങലിലാണ്. കെപിസിസി പ്രസിഡന്റായതിനെ തുടര്‍ന്ന് മത്സരിക്കുന്നില്ല എന്ന നിലപാടിലാണ് വടകര എംപിയായ മുല്ലപ്പള്ളി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.