ജന്മനാട്ടില്‍ മിസോ ജനതയ്‌ക്കൊപ്പം കുമ്മനം

Tuesday 12 February 2019 6:32 am IST

കോട്ടയം: അതിഥികളായി എത്തിയ മിസോറാംകാരുടെ ക്ഷേമാന്വേഷണവുമായി മിസോറാം ഗവര്‍ണര്‍ ജന്മനാട്ടില്‍. ഇന്നലെ വിവിധ പരിപാടികള്‍ക്ക് കോട്ടയത്ത് എത്തിയ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഇവിടെയുള്ള മിസോറാംകാരുമായി കൂടിക്കാഴ്ച നടത്തി. 

കോട്ടയം പഴയ സെമിനാരിയില്‍ തിയോളജി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന അഞ്ച് മിസോറാം കുടുംബങ്ങളുമായി ഗസ്റ്റ്ഹൗസിലാണ്  കൂടിക്കാഴ്ച നടത്തിയത്. കോട്ടയത്തിന് സമീപം കളത്തിപ്പടിയില്‍ താമസിക്കുന്ന ഇവര്‍ മൂന്നുവര്‍ഷമായി പഴയ സെമിനാരിയില്‍ തിയോളജി പഠിക്കുന്നു. ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റം മിസോറാമിന്റെ പൗരത്വ സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന് അവര്‍ കുമ്മനത്തോട് പറഞ്ഞു. മിസോറാമില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസില്ല.

കൊല്‍ക്കത്ത വഴിയാണ് വരുന്നതെന്നും അമിതമായ ചാര്‍ജാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നതെന്നും അവര്‍ കുമ്മനത്തോട് പരാതിപ്പെട്ടു. പ്രശ്‌നം അതാത് വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കുമ്മനം അവര്‍ക്ക് വാക്ക് കൊടുത്തു. കോട്ടയത്ത് സാധനങ്ങള്‍ക്ക്  നിശ്ചിതമായ വിലയാണ് ഈടാക്കുന്നത്. വെള്ളപ്പൊക്ക സമയത്ത് തങ്ങളെ സൗജന്യമായി താമസിക്കാന്‍ വിളിച്ച കോട്ടയംകാരെ നന്ദിയോടെ ഓര്‍ക്കുന്നതായും അവര്‍ കുമ്മനത്തോട് പറഞ്ഞു. 

മിസോറാമില്‍ എത്തുമ്പോള്‍ രാജ്ഭവനിലേക്ക് കുമ്മനം എല്ലാവരെയും ക്ഷണിച്ചു. കുമ്മനത്തിന് തടിയില്‍ തീര്‍ത്ത വള്ളംകളിയുടെ ശില്പം അവര്‍ സമ്മാനിച്ചു. തടിയില്‍ തീര്‍ത്ത കെട്ടുവള്ളത്തിന്റെ ശില്പം കുമ്മനം എല്ലാവര്‍ക്കും സമ്മാനിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ചായസല്‍ക്കാരവും നല്‍കിയാണ് കുമ്മനം അവരെ യാത്രയാക്കിയത്. തിയോളജി സെന്ററിലെ രജിസ്ട്രാര്‍ ഫാ. ജോസ് ജോണും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.