മമതയും മാര്‍ക്‌സിസ്റ്റും ഒരേപോലെ

Tuesday 12 February 2019 5:10 am IST
ശാരദാ കമ്പനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും സിബിഐ ഏറ്റെടുക്കണമെന്നും സ്വതന്ത്രമായ അന്വേഷണം നടത്താനുള്ള പരമാധികാരം നല്‍കണമെന്നുമുള്ള നിര്‍ദേശത്തേത്തുടര്‍ന്നു കേസന്വേഷണം സിബിഐക്ക് വിട്ടുകൊടുത്തു.

ചൈത്ര തെരേസ എന്ന വനിത പോലീസ് ഓഫീസര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് പരിശോധിച്ചപ്പോഴും, സുപ്രീംകോടതി കല്‍പ്പനയുടെ പിന്‍ബലത്തില്‍ സിബിഐ ഉദ്യോഗസ്ഥന്മാര്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വസതി പരിശോധിക്കാന്‍ ശ്രമിച്ചപ്പോഴും ഉണ്ടായ പ്രതികരണങ്ങളുടേയും പ്രതിഷേധത്തിന്റെയും ഐക്യരൂപം രാജ്യത്തെ ജനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും.

സമാനതകള്‍ ഏറെയുള്ള ഈ പെരുമാറ്റരീതി അതില്‍ ബന്ധപ്പെട്ടവരുടെ കപടമുഖം ജനങ്ങളുടെ മുന്‍പില്‍ മറനീക്കി പുറത്തുവന്നിരിക്കുന്നു എന്നുള്ളതാണ് സവിശേഷത. ഇരുവരും രാഷ്ട്രീയത്തില്‍ ബദ്ധവൈരികളാണുതാനും. ഏറ്റവും പരിഹാസ്യമായത് ഖദര്‍ധാരികളായ കൊങ്കികള്‍ തിരുവനന്തപുരത്തെ പ്രതിഷേധത്തിനെതിരെ നിയമസഭയില്‍ വരെ ശബ്ദമുയര്‍ത്തുമ്പോള്‍ ഏറ്റവും വലിയ ഖദര്‍ധാരി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മമതാ ബാനര്‍ജിക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു എന്നുള്ളതാണ്. പക്ഷേ കാര്യങ്ങളുടെ ഗൗരവം അടിത്തട്ടുമുതല്‍ അറിയാവുന്ന പശ്ചിമബംഗാള്‍ കൊങ്കികള്‍ മമതയെ ശക്തമായി വിമര്‍ശിക്കുകയും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കുകയും ഉണ്ടായി. രാഹുല്‍ ഗാന്ധിക്ക് കൊല്‍ക്കത്ത തൊടാതെ ഒറീസ്സയിലേക്ക് പറക്കേണ്ടിവന്നു.

എന്താണ് സിബിഐ എടുത്ത നടപടിയുടെ നിയമ പശ്ചാത്തലം? 2014 മെയ് മാസം 9ന് സുപ്രീംകോടതിയുടെ സുബ്രതാ ചാറ്റര്‍ജി കേസിലെ വിധി ഒന്നോടിച്ചു നോക്കുന്നവര്‍ക്ക് മനസ്സിലാവും. ശരാദാ റോസ്‌വാലി തട്ടിപ്പിന്റെ ഭീകരമുഖം. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തെ ലക്ഷക്കണക്കിന് പാവപ്പെട്ടവരില്‍നിന്ന് പണം സ്വീകരിച്ച് പൊന്‍സി സ്‌കീം എന്ന തട്ടിപ്പില്‍ ആകര്‍ഷകമായ സംഖ്യകള്‍ തിരിച്ചും തരാമെന്ന വാഗ്ദാനത്തില്‍ പതിനായിരത്തിലധികം കോടി പാവപ്പെട്ടവരില്‍നിന്ന് പിരിച്ചെടുത്തു. ശാരദാ റിയാലിറ്റി ഇന്ത്യ എന്ന കമ്പനിക്ക് 2.21000% ഏജന്റുകളുണ്ടായിരുന്നു.

ഒരു കമ്പനിയും ഒരിക്കലും നല്‍കാത്ത 30% ബ്രോക്കറേജാണ് ഓരോ ഏജന്റിനും കമ്പനി നല്‍കിയിരുന്നത്. ഇവര്‍ വഴി ബംഗാള്‍, ബീഹാര്‍, ഒറീസ്സ, ആസ്സാം മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയില്‍ 347 ബാങ്കുകള്‍ വഴി കോടിക്കണക്കിന് രൂപ ശാരദാ റിയാലിറ്റിയിലേക്ക് മാറ്റംചെയ്യപ്പെട്ടു. വിദേശരാജ്യങ്ങളില്‍ പോലും ബിസിനസ് ചെയ്യുന്നു, എന്ന് കമ്പനി ശുദ്ധഗതിക്കാരായ സാധാരണക്കാരെ ധരിപ്പിച്ചു. അവസാനം ആയിരക്കണക്കിന് നിക്ഷേപകര്‍ തങ്ങളുടെ ജീവിതസമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്നു. 2013ല്‍ ജസ്റ്റിസ് ശ്യാമള്‍ കുമാര്‍ സെന്നിനെ അന്വേഷണ കമ്മീഷനായി നിയമിച്ചു. 

കമ്മീഷന്‍ സമര്‍പ്പിച്ച താല്‍ക്കാലിക റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തന്നെ ഞെട്ടിക്കുന്നതായിരുന്നു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച കമ്മീഷന് ശാരദ ചിട്ടിയുമായി വന്‍ തോക്കുകളുടെ ബന്ധം വ്യക്തമായി. വിവിധ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാര്‍ പ്രത്യേകിച്ചും തൃണമൂല്‍ കോണ്‍ഗ്രസ്സിലെ മന്ത്രിമാരടക്കം തട്ടിപ്പിന് കൂട്ടുനിന്നതായും പ്രത്യുപകാരമായി കോടികള്‍ വാങ്ങിയതായും കണ്ടെത്തി. ഇപ്പോഴത്തെ വിവാദപോലീസ് കമ്മീഷണര്‍ രാജീവ് കുമാറായിരുന്നു എസ്‌ഐടിയുടെ തലവന്‍. അദ്ദേഹവും തൃണമൂല്‍ നേതാക്കന്മാരുമായുള്ള അടുത്തബന്ധം പരക്കെ അറിയപ്പെടുന്നതുകൊണ്ട് കോണ്‍ഗ്രസ്സ് നേതാക്കന്മാരാണ്, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

ശാരദാ കമ്പനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും സിബിഐ ഏറ്റെടുക്കണമെന്നും സ്വതന്ത്രമായ അന്വേഷണം നടത്താനുള്ള പരമാധികാരം നല്‍കണമെന്നുമുള്ള നിര്‍ദേശത്തേത്തുടര്‍ന്നു കേസന്വേഷണം സിബിഐക്ക് വിട്ടുകൊടുത്തു.

നിര്‍ണായകമായ തെളിവുകളും രേഖകളും നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ ധൃതഗതിയില്‍ പ്രവര്‍ത്തിക്കണമെന്നു സുപ്രീംകോടതി സിബിഐയെ ഓര്‍മിപ്പിച്ചു. നിഷ്പക്ഷമതികളും പരിചയസമ്പന്നരുമായ ഉദ്യോഗസ്ഥന്മാരെ വേണം നിയോഗിക്കാന്‍ എന്നും കോടതി കല്‍പ്പിച്ചു. 1994ലെ കാസി ദോര്‍ജി കേസിലെ സിക്കിം മുഖ്യമന്ത്രിക്കെതിരായി സിബിഐ അന്വേഷണം പ്രഖ്യാപിച്ച കേസില്‍ സിബിഐയുടെ അധികാരത്തിന്റെ പ്രാപ്തി പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. 

ഈ വിധിയുടെ അടിസ്ഥാനത്തില്‍, പലതവണ ആവശ്യപ്പെട്ടിട്ടും നിര്‍ണായകമായ രേഖകളും തെളിവുകളും കൈവശമുണ്ടായിട്ടും രാജീവ് കുമാര്‍ സിബിഐക്ക് അവ കൈമാറാന്‍ വൈമനസ്യം കാണിക്കുകയും കോടതിയുടെ കല്‍പ്പന ലംഘിക്കുകയും ചെയ്തു. റെയ്ഡ് അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് സിബിഐക്ക് ബോധ്യപ്പെട്ടു. ഇതിനിടെ മമതാ ബാനര്‍ജി മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ജാമ്യം നല്‍കിയത് സിബിഐയുടെ അപേക്ഷയില്‍ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദ് ചെയ്യുകയും അദ്ദേഹം ആലിപ്പൂര്‍ ജയിലില്‍ കീഴടങ്ങുകയും ചെയ്തു.

ബംഗാളിനു പുറത്തുള്ള പല പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരുടെയും ശാരദയുമായുള്ള ബന്ധം പതുക്കെ പതുക്കെ പുറത്തുവന്നു. പി. ചിദംബരം പത്‌നി നളിനി ചിദംബരം തുടങ്ങിയവര്‍ ഇന്ന് ജാമ്യാപേക്ഷയുമായി വിവിധ കോടതികളില്‍  അലഞ്ഞുനടക്കുകയാണ്. രാജീവ് കുമാറിന്റെ കൈവശം തൃണമൂല്‍ കോണ്‍ഗ്രസിന് ശാരദ റോസ്‌വാലി കമ്പനികളില്‍ നല്‍കിയ ഭീമമായ സംഖ്യകളുടെ വിവരങ്ങള്‍ ഉണ്ടെന്ന് സിബിഐ സംശയിക്കുന്നു. ഇത് പിടിച്ചെടുക്കുന്നത് തടയാനാണ് ജനാധിപത്യത്തിലെയും ഭരണഘടനയുടെയും ഫെഡറലിസത്തിന്റെയും പേര് ഉയര്‍ത്തിപ്പിടിച്ച് ദീദി സ്വന്തം പോലീസിനെ ദുരുപയോഗപ്പെടുത്തി സിബിഐ ഉദ്യോഗസ്ഥന്മാരെ ആക്രമിക്കുകയും തടവില്‍വെക്കുകയും ചെയ്തത്.

നിര്‍ഭാഗ്യവശാല്‍ സുപ്രീംകോടതി ദീദിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് സിബിഐയുടെ തുടര്‍ന്നുള്ള അന്വേഷണത്തിന് പച്ചക്കൊടി കാണിക്കുകയും രാജീവ് കുമാറിനെവരെ ചോദ്യം ചെയ്യാനുള്ള അനുവാദം നല്‍കുകയും ഉണ്ടായി. സിബിഐ മുദ്രവച്ച കവറില്‍ സുപ്രീംകോടതി മുന്‍പാകെ നല്‍കിയ വിവരങ്ങള്‍ പുറത്തുവന്നാല്‍ രാജ്യം ഞെട്ടിത്തരിച്ച് പോകും.

വെറുതെ അല്ല അഴിമതിയുടെ നടുനായകത്വം വഹിക്കുന്നവര്‍ കൊല്‍ക്കത്തയില്‍ കുതിച്ചെത്തി ദീദിക്ക് സഹായം പ്രഖ്യാപിച്ചത് യഥാര്‍ത്ഥ സത്യങ്ങള്‍ പുറത്തുവന്നാല്‍ ഇനിയും പല രാഷ്ട്രീയ പൊയ്മുഖങ്ങളും പിഴുതെറിയപ്പെടും. അതാണ് ദീദിയുടെ ഭയം. അപ്പോള്‍പിന്നെ യുദ്ധം പ്രഖ്യാപിക്കേണ്ടത് വര്‍ഗീയതയോടും നരേന്ദ്രമോദിയോടും അല്ലാതെ മറ്റാരോടാണ്? സിബിഐ അന്വേഷണം അതിന്റെ വഴിക്ക് മുന്നോട്ടുപോയാല്‍ ദീദിയുടെ കപടമുഖം പകല്‍വെളിച്ചംപോലെ തെളിഞ്ഞുവരും. പ്രതിപക്ഷനിര അഴിമതിനിരയായി മാറി എന്നത് ജനം തിരിച്ചറിയും. രണ്ട് വലിയ അപകടങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അതില്‍ ശക്തി കുറഞ്ഞതിനെ നേരിടുകയാണ് ബുദ്ധി എന്ന തന്ത്രമാണ് മമതാ ബാനര്‍ജി പ്രയോഗിച്ചത്. 

സുപ്രീംകോടതി വിധിയും ഭരണഘടനയും കോടതിയലക്ഷ്യമൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന സഖാക്കളും അവരുടെ ബദ്ധശത്രുവായ ദീദിയുടെ മാര്‍ഗത്തിലൂടെ അല്ലേ സഞ്ചരിക്കുന്നത്. ഇരുകൂട്ടരുടെയും നടുക്ക് നട്ടംതിരിയുന്ന പാവം ഖദര്‍ ധാരികള്‍,

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.