'വന്ദേമാതര'ത്തെ ആര്‍ക്കാണ് പേടി...!

Tuesday 12 February 2019 5:16 am IST

റിപ്പബ്ലിക്ക് ദിനത്തില്‍ 'വന്ദേമാതരം' ആലപിക്കാന്‍ വിസമ്മതിച്ചതിനെ ചോദ്യംചെയ്തപ്പോള്‍ നാട്ടുകാരോട് കശപിശകൂടി കയ്യേറ്റംവരെ എത്തിയത് ബീഹാറിലെ കടിഹാറിലാണ്. അബ്ദുള്ളാപൂരിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. 2019ലെ റിപ്പബ്ലിക്ക് ദിനത്തില്‍ താന്‍ പഠിപ്പിക്കുന്ന പള്ളിക്കൂടത്തിന്റെ അങ്കണത്തില്‍ പതാകയുയര്‍ത്തിയതിനുശേഷം അവിടത്തെ അദ്ധ്യാപകനായ അഫ്‌സല്‍ ഹുസ്സൈനാണ് വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ചത്.

ഒരു നാടിന് ഒരേ പെരുമാറ്റച്ചട്ടം എന്നതുവിട്ട് തനിക്കൊത്തവണ്ണം പ്രവര്‍ത്തിക്കാനുള്ള മുന്നൊരുക്കമല്ലേ സ്‌കൂള്‍ തലത്തില്‍ത്തന്നെ കുട്ടികളെ പരോക്ഷമായെങ്കിലും അദ്ധ്യാപകര്‍ അഭ്യസിപ്പിക്കുന്നത്? തീര്‍ച്ചയായും ഈ വിഷയം ആ സ്‌കൂളിലെ കുട്ടികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാവും. കുട്ടികളെ രണ്ടുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് ആശയക്കുഴപ്പത്തിന്റെ സ്ഥലജലഭ്രംശമുണ്ടാക്കാന്‍ ഇത് കാരണമാവും. രാജ്യസ്‌നേഹം എന്നുവരുമ്പോള്‍ അവിടെ ജാതിക്കും മതത്തിനും ഭാഷയ്ക്കും അപ്പുറം നാടിനാവണം പരിഗണന എന്ന് പഠിപ്പിക്കാന്‍ കടപ്പാടുള്ള ഒരദ്ധ്യാപകനാണ് ഇതു ചെയ്യുന്നതെന്നോര്‍ക്കണം.

ശരിതെറ്റുകളുടെ കതിരുംപതിരും വേര്‍തിരിച്ചു കാണിക്കാന്‍ ഉത്തരവാദിത്തത്വമുള്ള ഒരു വര്‍ത്തമാനപ്പത്രം  ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിങ്ങനെയാണ്: 'വന്ദേമാതരം' ചൊല്ലാത്തതിന് മുസ്ലീം അദ്ധ്യാപകനെതിരെ ആക്രമണം.' ആനന്ദലബ്ധിക്കിനിയെന്തു വേണം!

വന്ദേമാതരത്തിലൂടെ മാത്രമല്ല, ഭാരതത്തില്‍ നടപ്പിലുള്ള സര്‍വ്വരാഷ്ട്രീയ നീക്കങ്ങളും മതപരമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ഇവിടെ വിത്തിട്ടത് മുഹമ്മദ് അലി ജിന്നയാണ്. അദ്ദേഹം അങ്ങനെതന്നെ വിശ്വസിക്കുകയും ചെയ്തിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മരിച്ചുവീണപ്പോള്‍ 'ഒരു ഹിന്ദു നേതാവ് വെടിയേറ്റു മരിച്ചു' എന്നാണ് ജിന്ന പ്രതികരിച്ചത്.

റഷ്യന്‍ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനൊഴികെയുള്ള ലോകനേതാക്കളെല്ലാം ഭാരതത്തോട് ആത്മാര്‍ത്ഥമായി സഹതപിച്ച വേളയിലാണ് ജിന്ന ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിച്ചത് എന്നോര്‍ക്കണം. ജിന്ന ഇവിടെ വിട്ടിട്ടുപോയ മതച്ചൊരുക്കിന്റെ വര്‍ത്തമാനകാല പ്രവാചകരാണ് അഫ്‌സല്‍ ഹുസ്സൈനെപ്പോലുള്ള, സമുദായത്തിന് മാതൃകയാവാന്‍ കടപ്പാടുള്ള അദ്ധ്യാപകരും രാജ്യത്തെക്കാള്‍ മതമാണ് വലുതെന്ന് ചിന്തിക്കുന്നവരും. 

1906 ഡിസംബര്‍ 30ന് ഇന്നത്തെ ബംഗ്ലാദേശിലുള്ള ധാക്കയില്‍ രൂപീകരിക്കപ്പെട്ടതിനുശേഷം ഏതാണ്ട് കാല്‍നൂറ്റാണ്ടിലധികം മുസ്ലീങ്ങള്‍പോലും തിരസ്‌ക്കരിച്ച മതരാഷ്ട്രീയക്കൂട്ടായ്മയായിരുന്നു മുസ്ലീംലീഗ്. മുസ്ലീങ്ങളുടെ ഈ കൂട്ടായ്മയ്ക്ക് ശക്തിപകരാന്‍, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലിക്കാതെ വന്നപ്പോഴാണ് മനംമടുത്ത് ജിന്ന 1929ല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കിയത്. പിന്നീട്, ആ കക്ഷിയെ ബലപ്പെടുത്താന്‍ ജിന്ന ഭാരതത്തിലേക്കുതന്നെ വരണമെന്ന മുസ്ലീങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് 1936ല്‍ തിരിച്ചെത്തി കഠിനാദ്ധ്വാനം ചെയ്തു അദ്ദേഹം.

1937ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലീംഭൂരിപക്ഷമുള്ള ആവാസകേന്ദ്രങ്ങളില്‍പ്പോലും നില്‍ക്കക്കള്ളിയില്ലാതെ ആ കക്ഷി എട്ടുനിലയില്‍പൊട്ടി. മനംമടുത്ത ജിന്ന അഭയം കണ്ടെത്തിയത് ബ്രിട്ടീഷുകാരന്റെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിലാണ്. അങ്ങനെയാണ്, അതുവരെ മുസ്ലീങ്ങള്‍പോലും പവിത്രമായ സ്വാതന്ത്ര്യസമര മുദ്രാവാക്യമായി കരുതിയിരുന്ന 'വന്ദേമാതര'ത്തില്‍  ജിന്ന ഹിന്ദു വര്‍ഗ്ഗീയത ആരോപിക്കുന്നതും അതിന്റെ ആലാപനം മുസ്ലീമിന് നിഷിദ്ധമാണെന്ന് മുസ്ലീങ്ങളെ വിശ്വസിപ്പിക്കുന്നതും. 

1923ല്‍ കാക്കിനടയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സെഷന്‍ ബഹിഷ്‌ക്കരിച്ചുകൊണ്ട് മൗലാനാ മുഹമ്മദ് അലിയാണ് ആദ്യമായി വന്ദേമാതരം വര്‍ഗ്ഗീയമാണെന്നും അതില്‍ വിഗ്രഹാരാധനയുടെ നിഴലൊളിഞ്ഞുകിടപ്പുണ്ടെന്നും ആരോപിച്ച് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതേ മൗലാനാ മുഹമ്മദ് അലി 1920ലെ നാഗ്പൂര്‍ കോണ്‍ഗ്രസ്സില്‍ ഒരു എതിര്‍പ്പമില്ലാതെ വന്ദേമാതരം ഉരുവിട്ടിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ആശയമാണ് വന്ദേമാതരത്തിലെ വിഗ്രഹാരാധന എന്നത് ഇതോടെ വ്യക്തം. മതാടിസ്ഥാനത്തിലുള്ള ബംഗാള്‍ വിഭജന വാഗ്ദാനത്തിലൂടെ 1905ല്‍ കഴ്‌സണ്‍ പ്രഭു ആണ് ഈ വിഷം മുംസ്ലീങ്ങളുടെ മനസ്സില്‍ പാകിമുളപ്പിച്ചത്. ആ ബീജാവാപത്തില്‍ മുളച്ച വിഷപ്പുല്ലായിരുന്നു പിന്നീട് ഭാരതവിഭജനത്തിനുതന്നെ കാരണമായ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയകക്ഷി. 

1870ലാണ് ബങ്കിംചന്ദ്ര ചാറ്റര്‍ജി തന്റെ മാതൃഭാഷയായ ബംഗാളിയില്‍ വന്ദേമാതരം രചിച്ചത്. ഭാരതീയരില്‍ ദേശഭക്തി വളര്‍ത്താനായി രചിക്കപ്പെട്ട 'ആനന്ദ് മഠ്' എന്ന നോവലിന്റെ അനുബന്ധമായി ഈ ഗാനം ചേര്‍ക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ മന്ത്രമുരുവിട്ടുകൊണ്ടായിരുന്നു നമ്മുടെ ദേശസ്‌നേഹികളായ പട്ടാളക്കാര്‍ ജര്‍മ്മന്‍ ട്രഞ്ചുകളാക്രമിച്ചത്. 1937ല്‍ മദിരാശി ഹൈക്കോടതിപോലും ഇളംതലമുറയില്‍ ദേശഭക്തിയുണ്ടാക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആഴ്ചയിലൊരിക്കലെങ്കിലും വന്ദേമാതരാലാപനം നിര്‍ബന്ധമാക്കണമെന്ന് നിഷ്‌ക്കര്‍ഷിച്ചിരുന്നതാണ്.

വന്ദേമാതരത്തില്‍ ഹിന്ദുമത വര്‍ഗ്ഗീയത ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന 'തിരിച്ചറിവ്' ആദ്യമുണ്ടായത് ജവഹര്‍ ലാല്‍ നെഹ്‌റുവിനാണ്. അന്ന് തന്റെ ആശങ്ക അദ്ദേഹം ടാഗോറിനോട് പങ്കുവയ്ക്കുകയും ചെയ്തു. അപ്പോള്‍ ടാഗോറായിരുന്നു ആ ഗാനത്തിന്റെ ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ മാത്രം സ്വീകരിക്കാന്‍ നെഹ്‌റുവിനെ ഉപദേശിച്ചത്. വന്ദേമാതരത്തെ എതിര്‍ക്കാന്‍ പല്ലും നഖവും മൂര്‍ച്ചകൂട്ടിക്കൊണ്ട് ജിന്നയുടെ സാന്നിധ്യവുമുണ്ടായിരുന്നു, അന്ന് ഗൊദയില്‍. 1931 മാര്‍ച്ച് 8-ാം തീയതിയിലെ 'ദ ന്യൂ ടൈംസ് ഓഫ് ലാഹോര്‍' എന്ന പത്രത്തില്‍ 'വന്ദേമാതര'ത്തെ ദേശീയഗീതമായി അംഗീകരിക്കുന്നതില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ വിമുഖരാണ് എന്ന് ജിന്ന മനംതുറന്ന് എഴുതി. വന്ദേമാതരത്തില്‍ വര്‍ഗ്ഗീയത ദര്‍ശിച്ച കാഴിചപ്പാടിനോട് ഗാന്ധിജിയും യോജിച്ചിരുന്നില്ല.  

 ടാഗോറടക്കം മതസ്പര്‍ശം ദര്‍ശിക്കാത്ത, ഇന്ന് അലാപനത്തിന് സ്വീകരിച്ചിരിക്കുന്ന 'വന്ദേമാതര'ഗീതത്തിന്റെ പ്രസ്തുതഭാഗങ്ങളിലും ഹിന്ദുമതസ്വാധീനം കണ്ടെത്തി തങ്ങള്‍ക്കതു നിഷിദ്ധമാണെന്ന് പ്രഖ്യപിച്ചിരിക്കുകയാണ് ഭാരതപ്രജകളായ ഇസ്ലാംമതക്കാരില്‍ ചിലര്‍. അവര്‍ക്കുള്ളില്‍ പല നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന വന്ദേമാതരത്തോടുള്ള അയിത്തം പെരുംപ്രതിഷേധമായി പുറത്തുവന്നത് 2006 ല്‍ ജമായത്ത് ഉലമയുടെ സെക്രട്ടറി മൗലാനാ മെഹമൂദ് മദനിയുടെ എതിര്‍പ്പിനുശേഷമാണ്. 'തങ്ങളെ യഥാര്‍ത്ഥ മുസ്ലീമായിക്കരുതുന്ന ഇസ്ലാം മതക്കാര്‍ ആരുംതന്നെ വന്ദേമാതരം ഉരുവിടരുതെന്ന് അന്ന് മദനി പറഞ്ഞു. അതിനെത്തുടര്‍ന്ന് 2009 ലാണ് ഇസ്ലാംമത വൈദികര്‍ വന്ദേമാതരാലാപനത്തിനെതിരായി ഫത്വാ പുറപ്പെടുവിക്കുന്നത്. 'വന്ദേമാതര'മെന്ന മുദ്രാവാക്യത്തെ രാഷ്ട്രീയ ഭൂമികയിലേക്കാവാഹിച്ചുകൊണ്ടുവന്ന കോണ്‍ഗ്രസ്സുപോലും ഈ ഫത്വയ്‌ക്കെതിരായി ചെറുവിരലനക്കാന്‍ മെനക്കെട്ടു കാണുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.