ദല്‍ഹിയിലെ ഹോട്ടലിലെ തീ പിടുത്തം; മലയാളികള്‍ ഉള്‍പ്പെടെ 17 മരണം; 66 പേര്‍ക്ക് പരിക്ക്‌

Tuesday 12 February 2019 8:26 am IST
കൊച്ചിയില്‍ നിന്നെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീയാണ് മരിച്ചത്. 53 വയസ്സുകാരിയായ ജയശ്രീയുടെ മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ചോറ്റാനിക്കര സ്വദേശിയാണ് ജയശ്രീ.

ന്യൂദല്‍ഹി: സെന്‍ട്രല്‍ ദല്‍ഹിയിലെ കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 17  പേരില്‍ മൂന്ന് മലയാളികളും. കൊച്ചിയില്‍ നിന്നെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീ,​ അമ്മ നളിന,​ വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചത്.

53 വയസ്സുകാരിയായ ജയശ്രീയുടെ മൃതദേഹം ആദ്യം കണ്ടെടുത്തിരുന്നു. പിന്നീടാണ് അമ്മ നളിനയുടേയും വിദ്യാസാഗറിന്‍റേയും മൃതദേഹം കണ്ടെടുക്കുന്നത്. മൂവരുടേയും മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞു. ചോറ്റാനിക്കര സ്വദേശിയാണ് ഇവര്‍. ദല്‍ഹിയിലെ വിവാഹ ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു 13 അംഗ സംഘം. സംഘത്തിലെ 10 പേരും സുരക്ഷിതരാണെന്നും വ്യക്തമാകുന്നു. 

അപകടത്തില്‍ 66 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.  35 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണവും സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ട് പേര്‍ തീ പടരുന്നത് കണ്ട് ടെറസില്‍നിന്ന് എടുത്ത് ചാടിയത് മരണ കാരണമായി. വിദേശ സഞ്ചാരികളുടെ സ്ഥിരം കേന്ദ്രമാണ് അപകടം നടന്ന കരോള്‍ ബാഗ്.

പുലര്‍ച്ചെ നാല് മുപ്പതോടെയാണ് തീ പടര്‍ന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 5 നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുമ്പള്‍ താമസക്കാര്‍ ഉറക്കമായിരുന്നു. തീ പടര്‍ന്നത് പുലര്‍ച്ചയായിരുന്നതിനാല്‍ അപകടത്തിന്റെ തോത് കൂടാന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.