ശബരിമല നട ഇന്ന് തുറക്കും

Tuesday 12 February 2019 8:31 am IST

പത്തനംതിട്ട: ശബരിമല ക്ഷേത്രനട കുംഭമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് 5ന് തുറക്കാനിരിക്കെ വീണ്ടും കടുത്ത നിയന്ത്രണങ്ങളും സന്നാഹങ്ങളുമായി പോലീസ്. മണ്ഡല മകരവിളക്ക് ഉത്സവക്കാലത്ത് ഇലവുങ്കല്‍ മുതല്‍ ഭക്തര്‍ക്കും മാധ്യമങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് ആവര്‍ത്തിക്കുന്നത്.

നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത്തവണയും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മതിയായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കു. അയ്യായിരത്തോളം പോലീസുകാരെയാണ് ശബരിമലയില്‍ നിയോഗിക്കുക. 

ഭക്തരേയും മാധ്യമപ്രവര്‍ത്തകരെയും ഇന്ന് രാവിലെ 10ന് ശേഷമേ നിലയ്ക്കല്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടുകയുള്ളു. എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണമെന്ന വിചിത്ര വാദഗതിയാണ് പോലീസ് ഉയര്‍ത്തുന്നത്. ഇതോടെ കുംഭമാസ പൂജാവേളയിലും ഭക്തരുടെ നേരെയുള്ള പോലീസ് പീഡനം തുടരുമെന്ന് ഉറപ്പായി.

ഇന്ന് മുതല്‍ അടയ്ക്കുന്ന 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതോടെ പൂങ്കാവനത്തില്‍ പോലീസ്‌രാജ് നടപ്പാക്കാനും കഴിയും. സുപ്രീംകോടതിയില്‍ അയ്യപ്പഭക്തര്‍ക്ക് എതിരെയുള്ള നിലപാട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശക്തമാക്കിയതോടെ കടുത്ത നിലപാടാകും ശബരിമലയില്‍ പോലീസും സ്വീകരിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.