റഫാല്‍; സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാന്‍ രാഷ്ട്രപതിയുടെ അംഗീകാരം

Tuesday 12 February 2019 10:54 am IST
പതിനാറാം ലോക്സഭയുടെ അവസാന സമ്മേളന ദിവസമായ ബുധനാഴ്ചയ്ക്ക് മുമ്പായി സിഎജി റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ചയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ലക്ഷ്യമിടുന്നത്. എത്രയും വേഗം സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട നിര്‍ണ്ണായക സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുന്നതിന് രാഷ്ട്രപതി അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

പതിനാറാം ലോക്സഭയുടെ അവസാന സമ്മേളന ദിവസമായ ബുധനാഴ്ചയ്ക്ക് മുമ്പായി സിഎജി റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ചയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ലക്ഷ്യമിടുന്നത്. എത്രയും വേഗം സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിഎജി റിപ്പോര്‍ട്ടില്‍ റഫാല്‍ കരാറുമായി യാതൊരു പിഴവുകളും മോദി സര്‍ക്കാര്‍ വരുത്തിയിട്ടില്ലെന്ന കണ്ടെത്തലാണുള്ളതെന്ന വാര്‍ത്തകള്‍ പരന്നതോടെ കോണ്‍ഗ്രസ് നിലപാട് മാറ്റി. 

സിഎജിയായ രാജീവ് മെഹ്റിഷിക്കെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സിഎജിയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തു. റഫാല്‍ കരാര്‍ നടന്ന കാലത്ത് കേന്ദ്രധനകാര്യ സെക്രട്ടറിയായിരുന്ന രാജീവ് മെഹ്റിഷിക്ക് സ്ഥാപിത താല്‍പ്പര്യങ്ങളുണ്ടാകുമെന്നായിരുന്നു സിബലിന്റെ ആരോപണം. ഇതിനെതിരെ അതിശക്തമായ വാക്കുകളില്‍ പ്രതികരിച്ച കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പത്തുവര്‍ഷം അധികാരത്തിന്റെ ഭാഗമായിരുന്നിട്ടും സിബലിന് ധനസെക്രട്ടറി എന്നാല്‍ ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നതു മാത്രമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തത് പരിതാപകരമെന്ന് കുറ്റപ്പെടുത്തി. 

അതിനിടെ പ്രതിരോധമന്ത്രാലയത്തിലെ കുറിപ്പുകളുടെ  ചില ഭാഗങ്ങള്‍ മാത്രം എടുത്ത് വാര്‍ത്തകള്‍ ചമയ്ക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനവുമായി റഫാല്‍ കരാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച എയര്‍ മാര്‍ഷല്‍ എസ്ബിപി സിന്‍ഹ രംഗത്തെത്തി. ഏഴംഗ സമിതിയില്‍ ആരുടെയും എതിര്‍പ്പില്ലാതെ ഐക്യകണ്ഠമായാണ് റഫാല്‍ കരാര്‍ ധാരണയായതെന്നും സിന്‍ഹ വെളിപ്പെടുത്തി. 

അമേരിക്കയുമായും റഷ്യയുമായും നമുക്ക് സര്‍ക്കാരുകള്‍ തമ്മില്‍ നേരിട്ടുള്ള കരാറുകള്‍ നിലവിലുണ്ട്. ഇത്തരത്തിലുള്ള നേരിട്ട് കരാര്‍ ഇന്ത്യയുമായി നിലവില്‍ വന്ന മൂന്നാമത്തെ രാജ്യമാണ് ഫ്രാന്‍സ്. ഈ മൂന്നു രാജ്യവുമായും നേരിട്ടുള്ള കരാറുകളില്‍ വ്യവസ്ഥകളില്ലെന്നും സിന്‍ഹ വ്യക്തമാക്കി. സര്‍ക്കാരുകള്‍ തമ്മിലുള്ള വിശ്വാസത്തിന്റെ പ്രശ്നമാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ രേഖാമൂലമുള്ള കരാറുകള്‍ വെക്കാറില്ലെന്നുമാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.