സരസ്വതി പൂജയല്ലേ വിസിക്ക് കുഴിമാടമല്ലല്ലോ? രൂക്ഷ വിമര്‍ശനവുമായി എബിവിപി

Tuesday 12 February 2019 12:37 pm IST

കൊച്ചി: കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സരസ്വതീപൂജ വിലക്കുകയും വിലക്കു പിന്‍വലിക്കുകയും എസ്എഫ്ഐയും സിപിഎമ്മും പിന്നെയും വിവാദമുണ്ടാക്കുകയും ചെയ്യുമ്പോള്‍ രൂക്ഷ വിമര്‍ശനവുമായി എബിവിപി. വിദ്യാദേവതയെ ആരാധിക്കുകയല്ലേ, വിസിക്ക് കുഴിമാടം ഉണ്ടാക്കുകയല്ലല്ലോ, പിന്നെയെന്തിന് 'കറയുപൊട്ടിക്കുന്നു'വെന്നാണ് എബിവിപി ദേശീയ സെക്രട്ടറി ശ്യാംരാജ് ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്. 

ക്രിസ്മസും ഓണവും ആഘോഷിക്കുകയും പെരുന്നാള്‍ നോമ്പുതുറകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന കാമ്പസില്‍ അതൊന്നും മത ചടങ്ങുകളായല്ല ആഘോഷിക്കുന്നത്. വിദ്യാദേവതയായ സരസ്വതിയെ പൂജിക്കുന്ന ചടങ്ങ് രാഷ്ട്രീയമില്ലാത്ത ഐഐടികളിലും എന്‍ഐടികളിലും ആഘോഷിക്കുമ്പോള്‍ ഇവിടെ വിലക്കും വിവാദവുമുണ്ടാക്കുന്നവര്‍ക്ക് സാംസ്‌കാരിക അന്ധതയാണെന്ന് ശ്യാം രാജ് പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സരസ്വതി പൂജ നടത്തുന്നതിനെ, തുടക്കം മുതല്‍ യൂണിവേഴ്സിറ്റി വിസിയും, ഇടതുപക്ഷ അദ്ധ്യാപകരും, എസ്എഫ്ഐയും ചേര്‍ന്ന് എതിര്‍ക്കുകയാണ്. ഇവര്‍ ഇത്ര സാംസ്‌കാരിക അന്ധത പ്രകടിപ്പിക്കുന്നത് എന്തിനെന്ന് മാത്രം മനസിലാകുന്നില്ല.

കേരളത്തില്‍, ഓണവും ക്രിസ്തുമസും ഒക്കെ മതാചാരത്തിന്റെ ഭാഗമായി മാത്രമല്ല ആഘോഷിക്കുന്നത്. ഓണസദ്യയും, ഓണക്കോടിയും, ക്രിസ്തുമസ് കേക്കുമെല്ലാം ഏതൊരു മലയാളിയുടേയും ആഘോഷങ്ങളുടെ ഭാഗം തന്നെയാണ്, ഇതിന്റെയെല്ലാം അടിവേര് ചികഞ്ഞു ചെല്ലുമ്പോള്‍ മതത്തില്‍ ചെന്ന് നില്‍ക്കുമെങ്കില്‍ക്കൂടിയും.

മുന്‍ വര്‍ഷങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാമ്പസില്‍ പെരുന്നാള്‍ ദിനങ്ങളില്‍ 'നോമ്പുതുറ ' ആഘോഷങ്ങള്‍ നടന്നിട്ടുണ്ട്. അവിടെ പഠിയ്ക്കുന്ന സമയത്ത് കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ കാമ്പസിന് പുറത്ത് വച്ച് സംഘടിപ്പിക്കുന്ന 'നോമ്പുതുറ' ചടങ്ങുകളില്‍ എല്ലാ വര്‍ഷവും ഈയുള്ളവനെ ക്ഷണിക്കാറുണ്ടായിരുന്നു. വിശ്വാസിയായിട്ടല്ലെങ്കിലും, മര്യാദയുടേയും, സാഹോദര്യത്തിന്റേയും ഭാഗമായി ആ ചടങ്ങുകളിലെല്ലാം കൃത്യമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

നമുക്ക് ഇവിടെ ഓണവും ക്രിസ്തുമസും പോലെ തന്നെയാണ് ഉത്തരേന്ത്യയില്‍ ഹോളിയും, സരസ്വതി പൂജയുമെല്ലാം. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം അനുവദിയ്ക്കാത്ത എന്‍ഐടികളിലും, ഐഐടികളിലുമെല്ലാം,വളരെ വിപുലമായി തന്നെയാണ് സരസ്വതി പൂജ ആഘോഷിക്കുന്നത്.

കൊച്ചിന്‍ സര്‍വകലാശാലയിലെ സരസ്വതി പൂജയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളേയും, വിദ്യാര്‍ത്ഥി സംഘടനകളേയും, അദ്ധ്യാപകരേയും, വൈസ് ചാന്‍സിലറിനെയുമൊക്കെ സംഘാടകര്‍ ക്ഷണിച്ചതുമാണ്. പിന്നെയും എന്തിനാണ് ഇക്കൂട്ടര്‍ ഇങ്ങനെ കയറു പൊട്ടിക്കുന്നതെന്ന് മാത്രം മനസിലാവുന്നില്ല. ഇനി, മതപരമായ നിറം നല്‍കിയാല്‍ തന്നെ വിദ്യാദേവതയായ സരസ്വതിയെ അല്ലേ അവര്‍ ആരാധിക്കുന്നത്? അല്ലാതെ വിസിക്ക് കുഴിമാടം ഒരുക്കുകയല്ലല്ലോ?

ഒരു പക്ഷേ കേരളത്തിനകത്തും, ചുരുക്കം ചില യൂണിവേഴ്സിറ്റികളിലും മാത്രം കാര്യമായ പ്രവര്‍ത്തനമുള്ളതിനാലാവാം എസ്എഫ്ഐയുടെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് പോലും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ച് വലിയ ബോധ്യം വരാത്തത്.....

ജനാധിപത്യം, ബഹുസ്വരത, വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെ വലിയ വായില്‍ പ്രസംഗിക്കുന്ന സമയത്ത്, ഇതിന്റെയൊക്കെ അര്‍ത്ഥമെങ്കിലും ഒന്ന് മനസിലാക്കേണ്ടേ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.