ഭക്തര്‍ക്ക് നിയന്ത്രണം, യുദ്ധസന്നാഹം ശബരിമല നടതുറന്നു

Tuesday 12 February 2019 5:24 pm IST

സന്നിധാനം: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി  ശ്രീകോവില്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു. തുടര്‍ന്ന് തന്ത്രി അഭിഷേക വിഭൂതി  പ്രസാദം വിതരണം ചെയ്തു. ഗണപതി നടയും നാഗര്‍ നടയും തുറന്ന ശേഷം മേല്‍ശാന്തി പതിനെട്ടാം പടി ഇറങ്ങി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡല-മകരവിളക്ക് കാലത്തെ ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്.

നിലയ്ക്കലിലും പമ്പയിലും കര്‍ശന പരിശേധനകള്‍ക്ക് ശേഷമാണ് ഭക്തരെ കയറ്റി വിടുന്നത്. ഇന്നലെ രാവിലെ പത്ത് മണിക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ പോലും കടത്തി വിട്ടത്. നിലയ്ക്കലില്‍ വാഹനങ്ങള്‍ക്കുള്ളില്‍ പോലീസ് കയറി പരിശോധിക്കുന്നു. സായുധസേന അടക്കമുള്ള പോലീസ് സന്നാഹമാണ് നിലയ്ക്കല്‍ മുതല്‍ ശബരിമലവരെയുള്ളത്. വാവര് സ്വാമി നടയ്ക്ക് മുന്‍വശം മുതല്‍ വടക്കേനടയുടെ ഭാഗം മുഴുവന്‍ ബാരിക്കേട് വച്ച് തടഞ്ഞു. വിവിധ സേനാ വിഭാഗങ്ങളടക്കം അയ്യായിരത്തോളം പോലീസുകാരെ ഇത്തവണയും ശബരിമലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ദക്ഷിണമേഖല എഡിജിപി അനില്‍ കാന്താണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സന്നിധാനത്ത് പോലീസ് ആസ്ഥാനം സ്‌പെഷ്യല്‍ സെല്‍ എസ്പി വി. അജിത്തും ഡിവൈഎസ്പിമാരായ പ്രതാപന്‍, പ്രദീപ് കുമാര്‍, എന്നിവരും പമ്പയില്‍ ടെലികമ്മ്യൂണിക്കേഷന്‍ എസ്. പി മഞ്ജുനാഥ്, ഡിവൈഎസ്പിമാരായ ഹരികൃഷ്ണന്‍, വി. സുരേഷ് കുമാര്‍ എന്നിവരും നിലയ്ക്കലില്‍ കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി പി.കെ. മധു, ഡിവൈഎസ്പിമാരായ സജീവന്‍, ജവഹര്‍ ജനാര്‍ദ്, എന്നിവരുമാണ് മേല്‍ നോട്ടം വഹിക്കുന്നത്.  നാല് ഇന്‍സ്‌പെക്ടര്‍മാര്‍ വീതം സന്നിധാനം, നിലയ്ക്കല്‍, പമ്പ മേഖലകളിലായി ഡ്യൂട്ടിയിലുണ്ട്. 

നവേത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും ചില മാവോയിസ്റ്റ് അനുകൂല സംഘടനകളും യുവതികളെ ശബരിമലയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് ഇന്റലിജന്റ്‌സ് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ഡല മകരവിളക്ക് കാലത്തെ ഭക്തജന പ്രതിഷേധം കണക്കിലെടുത്ത് 17 ന് അര്‍ദ്ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാപോലീസ് മേധാവി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇന്നലെ വൈകിയും നിരോധനാജ്ഞയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.