നിര്‍ത്തൂ കൊലപാതക രാഷ്ട്രീയം

Wednesday 13 February 2019 1:20 am IST

സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായ പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയ്ക്കുമെതിരെ സിബിഐ വധഗൂഢാലോചനക്കുറ്റത്തിന് കേസ്സെടുത്തു! അരിയില്‍ ഷുക്കൂര്‍ വധത്തിലാണ് കേസ്. ഇതെന്തു രാഷ്ട്രീയപ്രവര്‍ത്തനമാണ് നേതാക്കള്‍ ജില്ലയില്‍ നടത്തുന്നത്? എതിര്‍ക്കുന്നവരെ ഗൂഢാലോചന നടത്തികൊല്ലുകയോ? സിബിഐ തമാശ കാണിക്കാന്‍വേണ്ടി കേസ്സ് എടുക്കാറുണ്ടോ? ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഉത്തരവാദപ്പെട്ടവരാണ് രാഷ്ട്രീയനേതാക്കള്‍. കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഇല്ലാതാക്കുന്നത് ക്രൂരം. രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ കൊല്ലരുത്. നാടിന്റെ ഭാവി യുവതലമുറയിലാണ്. 

ശ്രീജിത്ത്, മരുതായി

പണിമുടക്കിലെ ഇരട്ടത്താപ്പ് 

പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രതീക്ഷിച്ച ഉത്തരവ് ഇന്ന് ഇറങ്ങി. വര്‍ഗ്ഗ-ബഹുജന തൊഴിലാളികളെ വഞ്ചിച്ച് ജനുവരി 8, 9 തീയതികളില്‍ നടന്ന ദേശീയപണിമുടക്കില്‍ 'പണിമുടക്കി' കേന്ദ്രസര്‍ക്കാരിന് താക്കീത് നല്‍കി എന്നൊക്കെ അവകാശപ്പെട്ട് നടത്തിയ നാടകത്തിന്റെ ക്ലെമാക്സ് എന്തായിരുന്നു. പണിമുടക്കില്‍ പങ്കെടുത്ത എല്ലാ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആ ദിവസങ്ങളിലെ അവധി മറ്റു ലീവുകളാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഫലത്തില്‍ ആ രണ്ടുദിനങ്ങളില്‍ നേതൃത്വത്തെ വിശ്വസിച്ച് പണിമുടക്കിയ സാധാരണ തൊഴിലാളികളെയും അസംഘടിത മേഘലകളിലെ തൊഴിലാളികളെയും കൂലിത്തൊഴിലാളികളേയും വഞ്ചിച്ചിരിക്കുന്നു. അവരുടെ അന്നം മുടക്കികളായവര്‍ സ്വന്തം വയറു വീര്‍പ്പിക്കാന്‍ നടത്തുന്ന ഈ ഇരട്ടത്താപ്പ് ഇനിയെങ്കിലും മലയാളികള്‍ മനസ്സിലാക്കിയെങ്കില്‍....                        

 - സജിരാജ്, തൃശൂര്‍   

നോട്ട വെറും അലങ്കാരം ആയാല്‍പ്പോര

തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങളെക്കുറിച്ച് പല ചര്‍ച്ചകളും സെമിനാറുകളും നടന്നെങ്കിലും അവിടെയൊന്നും നോട്ട ഒരു വിഷയമായി കണ്ടില്ല. അടുത്ത കാലത്ത് ജന്മമെടുത്ത നോട്ടയുടെ പ്രാധാന്യം നാം വിസ്മരിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പല നോമിനികളോടും താല്‍പര്യമില്ലാത്ത ഒട്ടനവധി ജനങ്ങള്‍ ഓരോ നിയോജക മണ്ഡലത്തിലും ഉണ്ടായിരിക്കും. അവരുടെകൂടി അഭിപ്രായങ്ങള്‍ക്കു വിലയുണ്ടാകുന്ന വിധത്തിലായിരിക്കണം പരിഷ്‌കാരങ്ങള്‍. നോട്ട ഒരു സ്ഥാനാര്‍ത്ഥിയല്ല. അതുകൊണ്ടുതന്നെ ജയാപജയങ്ങളില്‍ നോട്ട പരിഗണിക്കപ്പെടാറില്ല. ഒരു നിയോജക മണ്ഡലത്തില്‍ ഏതൊരു സ്ഥാനാര്‍ത്ഥിയെക്കാളും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ് ലഭിക്കുന്നതെങ്കില്‍, ആ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. അപ്രകാരം വരുന്ന തെരഞ്ഞെടുപ്പില്‍ റദ്ദാക്കപ്പെട്ട തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ അവസരം ഉണ്ടായിക്കൂടാ. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അവകാശമായിരിക്കും അത്. അല്ലാത്തപക്ഷം നോട്ട വെറും ഒരലങ്കാരം മാത്രമായിക്കും.

                 - ടി. സംഗമേശന്‍, താഴെക്കാട്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.