കൊടും ക്രിമിനലുകള്‍ ശിക്ഷിക്കപ്പെട്ടേ തീരൂ

Wednesday 13 February 2019 1:35 am IST
തങ്ങള്‍ക്കെതിരെ ചെറുവിരലനക്കുന്നവന്റെ അന്നനാളം വെട്ടിക്കീറിയെറിയുന്ന സ്വഭാവം സ്വായത്തമാക്കിയ സിപിഎം ജനാധിപത്യത്തെയും സഹിഷ്ണുതയെയുംപറ്റി ഗിരിപ്രഭാഷണം നടത്തിക്കൊണ്ടേയിരിക്കും.

യുവാക്കളില്‍ ആവേശം നിറച്ച് സംഘടനയിലേക്ക് കൊണ്ടുവരുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി മറ്റൊരുഭാഗത്ത് രാഷ്ട്രിയവൈരത്തിന്റെ പേരില്‍ അവരെ കൊന്നുതള്ളുന്നതിന്റെ ചോരക്കഥകള്‍ അനവധിയാണ്. അതില്‍ അരിയില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിച്ചുതീരാത്ത മോഹങ്ങള്‍ അശനിപാതംപോലെ സിപിഎമ്മില്‍ നിപതിച്ചിരിക്കുന്നു. സിബിഐ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി നീക്കിനിര്‍ത്തിയിരിക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയാണ് ഇതിന്റെയൊക്കെ ആരാച്ചാരെന്ന് പൊതുസമൂഹത്തിന് നേരത്തെതന്നെ വ്യക്തമാണ്. അണികളുടെ ആരാധ്യനെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി പൂവിട്ടുപൂജിക്കുന്ന ആ വ്യക്തി എത്രമാത്രം മ്ലേച്ഛനും ക്രൂരനുമാണെന്ന് വിവിധ കേസുകളിലൂടെ തെളിഞ്ഞു വരികയാണ്. 

തങ്ങള്‍ക്കെതിരെ ചെറുവിരലനക്കുന്നവന്റെ അന്നനാളം വെട്ടിക്കീറിയെറിയുന്ന സ്വഭാവം സ്വായത്തമാക്കിയ സിപിഎം ജനാധിപത്യത്തെയും സഹിഷ്ണുതയെയുംപറ്റി ഗിരിപ്രഭാഷണം നടത്തിക്കൊണ്ടേയിരിക്കും. ഒരു പ്രതിഷേധ പ്രകടനത്തിനടുത്തുകൂടി കടന്നുപോവുമ്പോള്‍ വാഹനത്തിന് കല്ലേറുകൊണ്ട് ചില്ലുപൊട്ടിയതാണ് അരിയില്‍ ഷുക്കൂറിന്റെ പൈശാചിക കൊലപാതകത്തില്‍ കലാശിച്ചത്. ആക്രാമികാവേശത്തോടെ നീങ്ങിയ അണികളെ നിയന്ത്രിച്ച് മനുഷ്യത്വത്തിലേക്ക് നയിക്കേണ്ട നേതാക്കള്‍ എരിതീയില്‍ എണ്ണയൊഴിച്ചുകൊടുക്കുന്ന സമീപനം സ്വീകരിച്ചതിനാല്‍, ജീവിതത്തിന്റെ വസന്തകാലം കാണാനാവാതെ ഒരു ചെറുപ്പക്കാരന്‍ അന്ത്യശ്വാസം വലിച്ചു; ഒരു കുടുംബം അനാഥമായി. 

കണ്ണൂര്‍ ജില്ലയിലെ സകല കൊലപാതകങ്ങള്‍ക്കും വഴിമരുന്നിടുകയും ഓപ്പറേഷന് കരുത്ത് പകരുകയും ചെയ്യുന്ന കൊടുംക്രിമിനലിന്റെ പരിവേഷമാണ് സിബിഐയുടെ കുറ്റപത്രംവഴി ജയരാജത്രയങ്ങളിലെ തന്ത്രശാലിക്ക് കിട്ടിയിരിക്കുന്നത്; ഇത് യാദൃച്ഛികമല്ല. കൊന്നുതള്ളിയതും തള്ളിച്ചതുമായ ഏറെ ഹതഭാഗ്യ ആത്മാക്കളുടെ നിസ്സഹായമായ കണ്ണീര്‍ക്കരുത്ത് അതിന് പിന്നിലുണ്ടാവുമെന്ന് വ്യക്തമാണ്. കൊന്നും കൊടുത്തും പാര്‍ട്ടിവളര്‍ത്തുന്ന സംവിധാനത്തെ മൊത്തത്തില്‍ കമ്യൂണിസമെന്ന സംജ്ഞയില്‍ ഒതുക്കിനിര്‍ത്താവുന്നതാണ്. മാനവികതയുടെ ആട്ടിന്‍തോലിനുള്ളില്‍ ക്രൗര്യത്തിന്റെ ചെന്നായ്മനസ്സാണ് ആ പാര്‍ട്ടിക്കുളളതെന്ന് നിഷ്പ്പക്ഷമതികള്‍പോലും സമ്മതിക്കുന്ന കാര്യമാണ് .

കൊലപാതകശേഷം കത്തിയിലും കൊടുവാളിലും കൈമഴുവിലുമുളള ചോരക്കറ കഴുകിക്കളയുന്ന ലാഘവത്തോടെയാണ് ജയരാജന്‍ കേസുകളില്‍ നിന്ന് ഊരിപ്പോരാറുള്ളത്. പാര്‍ട്ടി നിശ്ചയിക്കുന്ന നേര്‍ച്ചക്കോഴികള്‍ പ്രതികളായി രേഖകളില്‍ കിടക്കുമ്പോള്‍ അടുത്ത രാഷ്ട്രീയ എതിരാളിയുടെ കൊരവള്ളി തേടിപ്പോകുന്ന ക്രിമിനലുകളായി സിപിഎം നേതാക്കള്‍ സൈ്വരവിഹാരം ചെയ്യുകയാണ്. അതിനൊക്കെ എന്നും നേതൃതം കൊടുത്തുപോരുന്ന യാളാണ് പി. ജയരാജന്‍. ജനാധിപത്യഭാഷ പ്രസംഗിക്കുകയും കൊലപാതകസ്വഭാവം പുലര്‍ത്തുകയും ചെയ്യുന്ന ഇവരുടെ രീതി കേരളത്തില്‍ കാലാകാലങ്ങളായി തുടരുകയാണ്. ആര് ഭരണത്തില്‍വന്നാലും ക്രിമിനല്‍ രാഷ്ട്രീയസ്വാധീനം ഇത്തരക്കാരെ പരിരക്ഷിച്ചുപോരുന്ന ചരിത്രമാണുള്ളത്. 

ഈ മാനവികവിരുദ്ധ സമീപനത്തിന് അന്ത്യമുണ്ടാകണം. ഏതു രാഷ്ട്രീയസമീപനം വെച്ചുപുലര്‍ത്താനും ജനങ്ങള്‍ക്ക് അവകാശമുണ്ടാവണം. തങ്ങള്‍ മാത്രം ശരി, തങ്ങളുടെ വഴിക്കുവരണം എന്ന ധാര്‍ഷ്ട്യ രാഷ്ട്രീയത്തെ പുറംകാല്‍കൊണ്ട്  തൊഴിച്ചെറിയണം. അതിന് ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തണം. ജയരാജനെ കുടുക്കിയതാണെന്നും അതിനുപിന്നില്‍ രാഷ്ട്രീയവും തെരഞ്ഞെടുപ്പും മറ്റുമൊക്കെയുണ്ടെന്നും ആരോപിച്ച് നെഞ്ചത്തടിച്ച് വിലപിക്കുന്ന സിപിഎം ഓരോ നിമിഷത്തിലും അരിയില്‍ ഷുക്കൂറിനെ ഓര്‍ക്കണം. അയാളുടെ പാവം ഉമ്മ ആത്തിക്കയെ ഓര്‍ക്കണം, ഉണങ്ങാത്ത അവരുടെ കണ്ണീരില്‍ ഇപ്പോഴും തുടിച്ചുതുള്ളുന്ന മാതൃവാത്സല്യം അറിയണം. നിരപരാധികളുടെ ചോരയ്ക്കു ദാഹിക്കുന്ന കൊടുംക്രിമിനലുകള്‍ക്ക് യുക്തമായ ശിക്ഷ കിട്ടിയെങ്കിലേ നമുക്കു ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമര്‍പ്പിക്കാനാവൂ. അതിലേക്കുള്ള ചുവടുവെപ്പിന് പച്ചക്കൊടി വീശലാവട്ടെ സിബിഐയുടെ കുറ്റപത്രം. നേരായവഴിയില്‍ കേസിന്റെ തുടര്‍നടപടികള്‍ നീങ്ങുമെന്ന് അതിനൊപ്പം നമുക്ക് പ്ര തീക്ഷിക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.