ഇ മെയില്‍ വിവാദം: രാഹുലിന്റെ അടുത്ത കള്ളവും പൊളിഞ്ഞു

Wednesday 13 February 2019 1:12 am IST

ന്യൂദല്‍ഹി: റഫാലിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഉന്നയിച്ച അടുത്ത ആരോപണവും പൊളിഞ്ഞു. റിലയന്‍സിന്റെ അനില്‍ അംബാനിയുടെ ഏജന്റായി പ്രവര്‍ത്തിച്ച മോദി ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്നും അങ്ങനെ രാജ്യദ്രോഹം ചെയ്‌തെന്നുമാണ് ഇന്നലെ രാഹുല്‍ ആരോപിച്ചത്. 

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റഫാല്‍ കരാര്‍ ഒപ്പിടും മുന്‍പ് ഈ ഇടപാട് അനില്‍ അറിഞ്ഞെന്നും ഇടപാടിനു മുന്‍പേ അനില്‍ ഫ്രാന്‍സിലെത്തി പ്രതിരോധ മ്രന്തിമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് രാഹുല്‍ പറഞ്ഞത്.  ആരോപണം തെളിയിക്കാനെന്ന പേരില്‍ ഒരു ഇ മെയില്‍ സന്ദേശവും രാഹുല്‍ പുറത്തുവിട്ടു. എന്നാല്‍, രാഹുല്‍ പുറത്തുവിട്ടെന്നു പറയുന്ന ഇ മെയില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്ന് റിലയന്‍സ് മേധാവി അനില്‍ അംബാനി വ്യക്തമാക്കി. ഇ മെയില്‍ എയര്‍ബസ് ഹെലിക്കോപ്ടറുമായുള്ള സഹകരണവുമായി ബന്ധപ്പെട്ടാണ്. ഇതിന് റഫാല്‍ യുദ്ധവിമാനക്കരാറുമായി ഒരു ബന്ധവുമില്ല, റിലയന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. 

എയര്‍ബസും റിലയന്‍സ് ഡിഫന്‍സും തമ്മില്‍ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഹെലിക്കോപ്ടര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ ഇ മെയിലാണ് രാഹുല്‍ പുറത്തുവിട്ടത്. പിന്നീട് എയര്‍ബസ് മഹീന്ദ്രയുമായി ചേര്‍ന്ന് സൈനിക കോപ്ടറുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ച കാര്യവും ഏവര്‍ക്കും അറിവുള്ളതാണ്. ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ റഫാല്‍ കരാര്‍ ഒപ്പിട്ടത് 2016 ജനുവരി 25നാണ്, രാഹുല്‍ പറഞ്ഞ േപാലെ 2015 ഏപ്രിലില്‍ അല്ല. വസ്തുതകള്‍ വളച്ചൊടിച്ച് സത്യത്തെ അവഗണിക്കുകയാണ്, റിലയന്‍സ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.