ചരിത്രനായകര്‍ക്കൊപ്പം സെന്‍ട്രല്‍ ഹാളില്‍ ഇനി അടല്‍ജിയും

Wednesday 13 February 2019 1:08 am IST
ചിത്രകാരനായ കൃഷ്ണ കന്‍ഹായി വരച്ച അടല്‍ജിയുടെ ഛായാചിത്രം സെന്‍ട്രല്‍ ഹാളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്താണ് സ്ഥാപിച്ചത്. സെന്‍ട്രല്‍ ഹാളിലെ വേദിയുടെ ഇടതുവശത്തായി ലാലാ ലജ്പത് റായിയുടെ ചിത്രത്തിന് സമീപത്താണ് അടല്‍ജിയുടെ ചിത്രം അനാച്ഛാദനം ചെയ്തത്.

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാജ്യത്തിന്റെ ചരിത്ര നായകര്‍ക്കൊപ്പം ഇനി അടല്‍ജിയും. സെന്‍ട്രല്‍ ഹാളിലെ ഇരുപത്തഞ്ചാമത്തെ ചിത്രമായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഛായാചിത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തു. 

ഏറെ ദുര്‍ഘടമായ പരിതസ്ഥിതിയിലും രാജ്യത്തെ മുന്നോട്ടു നയിച്ച മികച്ച ഭരണാധികാരിയും പാര്‍ലമെന്റേറിയനുമായിരുന്നു അടല്‍ജിയെന്ന് രാഷ്ട്രപതി അനുസ്മരിച്ചു. പൊതു ജീവിതത്തിന്റെ കലാശാലയാണ് അടല്‍ജിയുടെ ജീവിതം. ദേശീയപാതകളുടെ വികസനവും വിവര സാങ്കേതിക-ടെലികോം മേഖലകളുടെ പുരോഗതിക്കും അടല്‍ജിയുടെ ഭരണകാലം സാക്ഷ്യം വഹിച്ചു, രാഷ്ട്രപതി ഓര്‍മിച്ചു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ എന്നിവര്‍ പ്രസംഗിച്ച ചടങ്ങില്‍ ഇരുസഭകളിലെയും അംഗങ്ങള്‍ പങ്കെടുത്തു. ലോകം കണ്ട മികച്ച വാഗ്മിയായിരുന്നു വാജ്‌പേയിയെന്ന് പ്രധാനമന്ത്രി മോദി ചടങ്ങില്‍ അനുസ്മരിച്ചു. എന്നാല്‍ വാക്കുകളേക്കാള്‍ ശക്തമായിരുന്നു അദ്ദേഹത്തിന്റെ മൗനത്തിന്. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയില്‍ ഇടയ്ക്ക് രണ്ടു നിമിഷം മൗനം പാലിക്കുന്ന രീതി മോദി ഓര്‍ത്തെടുത്തു. 

ചിത്രകാരനായ കൃഷ്ണ കന്‍ഹായി വരച്ച അടല്‍ജിയുടെ ഛായാചിത്രം സെന്‍ട്രല്‍ ഹാളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്താണ് സ്ഥാപിച്ചത്.  സെന്‍ട്രല്‍ ഹാളിലെ വേദിയുടെ ഇടതുവശത്തായി ലാലാ ലജ്പത് റായിയുടെ ചിത്രത്തിന് സമീപത്താണ് അടല്‍ജിയുടെ ചിത്രം അനാച്ഛാദനം ചെയ്തത്. 

മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, വിനായക ദാമോദര സവര്‍ക്കര്‍, ബാലഗംഗാധര തിലക്, ഡോ. ബി.ആര്‍. അംബേദ്ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, ലാലാ ലജ്പത് റായി, സി. രാജഗോപാലാചാരി, മദന്‍ മോഹന്‍ മാളവ്യ, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാനാ അബ്ദുള്‍ കലാം ആസാദ്, രബീന്ദ്രനാഥ ടാഗോര്‍, ഡോ. എസ്. രാജേന്ദ്രപ്രസാദ്, മൊറാര്‍ജി ദേശായി, റാം മനോഹര്‍ ലോഹ്യ, ചൗധരി ചരണ്‍സിങ്, ദാദാഭായ് നവറോജി, ചിത്തരഞ്ജന്‍ ദാസ്, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മോത്തിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, സരോജിനി നായിഡു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഛായാചിത്രങ്ങളാണ് സെന്‍ട്രല്‍ ഹാളില്‍ ഉണ്ടായിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.