മിഷേലിന് ജാമ്യം നല്‍കുന്നത് എതിര്‍ത്ത് സിബിഐ

Wednesday 13 February 2019 1:12 am IST

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസിലെ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷയെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ശക്തമായി എതിര്‍ത്തു. കഴിഞ്ഞ ദിവസമാണ് മിഷേല്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ പറഞ്ഞു. ദല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ഇന്ന് കൂടുതല്‍ വാദം കേള്‍ക്കും.

അതേസമയം, കേസില്‍ അറസ്റ്റിലായ  ആയുധ ഇടപാടുകൡലെ ഇടനിലക്കാരന്‍ ദീപക് തല്‍വാറിന്റെ കസ്റ്റഡി പാട്യാല ഹൗസ് കോടതി രണ്ടു ദിവസം കൂടി നീട്ടി. എന്‍ഫോഴ്‌സ്‌മെന്റിന്റെ അപേക്ഷയിലാണ് നടപടി. ചോദ്യം ചെയ്യാനാണ് കസ്റ്റഡി നീട്ടിയത്.

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസിലെ അറസ്റ്റിലായ ഇടനിലക്കാരന്‍ രാജീവ് സക്‌സേനയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി വിധി പറയാന്‍ മാറ്റി. ഇയാളുടെ ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് എതിര്‍ത്തില്ല. ഇയാളെ ഇന്നലെ പാട്യാല ഹസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

തല്‍വാറിന് മല്ല്യ ബന്ധം; സക്‌സേനയ്ക്ക് വിദേശ നിക്ഷേപം

അഗസ്ത അഴിമതിക്കേസിലെ പ്രതി ദീപക് തല്‍വാറിന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യയുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇവര്‍ തമ്മില്‍ ബന്ധപ്പെട്ടത്. 

രാജീവ് സക്‌സേനയ്ക്ക് ഒരു സ്വിസ് ബാങ്കില്‍ 318 കോടിയുടെ (450 ലക്ഷം ഡോളര്‍) നിക്ഷേപമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. എട്ട് അക്കൗണ്ടുകളിലായാണ് ഇത്രയും പണമുള്ളത്. തന്റെയും കുടുംബാംഗങ്ങളുടെയും തന്റെ കമ്പനികളുടെയും പേരിലാണ് ഈ അക്കൗണ്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.