നാല് വര്‍ഷം; പത്ത് കോടി ശുചിമുറികള്‍, 98 ശതമാനം ശുചിത്വം

Wednesday 13 February 2019 1:09 am IST

ചണ്ഡീഗഡ്: സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി പ്രകാരം നാല് വര്‍ഷം കൊണ്ട് രാജ്യത്ത് പത്ത് കോടി ശുചിമുറികള്‍ നിര്‍മിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ 40 ശതമാനം ശുചിത്വം എന്നുള്ളത് ഇപ്പോള്‍ 98 ശതമാനമായിരിക്കുന്നു. ഹരിയാനയില്‍ സ്വച്ഛ് ശക്തി 2019 പരിപാടിയില്‍ പങ്കെടുത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മോദി പറഞ്ഞു.

അറുനൂറ് ജില്ലകളിലായി ഏകദേശം അഞ്ചര ലക്ഷം ഗ്രാമങ്ങളില്‍ 10 കോടി ശുചിമുറികളാണ് നിര്‍മിച്ചത്. ഇവയില്‍ ഒരു മാസം ഒന്നേകാല്‍ കോടി ശുചിമുറികള്‍ക്ക് പെയിന്റ് ചെയ്യുന്നുണ്ട്.  ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാതിരിക്കുന്ന പെണ്‍കുട്ടികളുടെ കഷ്ടപ്പാടില്ലാതാക്കുമെന്ന് പ്രതിജ്ഞ എടുത്തിരുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.

നിഗാരിയയില്‍ നിന്ന് സ്വച്ഛ് ഭാരത് പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മോദി വിജയാശംസകളേകി. ഹരിയാനയിലെ സ്ത്രീ ശാക്തീകരണത്തെ പ്രകീര്‍ത്തിച്ച മോദി, ആധുനിക ഇന്ത്യക്ക് മുതല്‍ക്കൂട്ടായി സംസ്ഥാനം മിടുക്കികളെ നല്‍കുന്നുണ്ടെന്നും സ്ത്രീകള്‍ ശക്തി പ്രാപിച്ചാല്‍ മാത്രമേ സമൂഹം ശക്തിപ്പെടൂയെന്നും പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷം മോദി സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്ത് 21 എയിംസുകളാണുളളത്. ഇവയില്‍ 14 എണ്ണവും 2014ന് ശേഷം വന്നതാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.