മൂന്നാറില്‍ നടക്കുന്നത് സിപിഎം-കോണ്‍ഗ്രസ് കൂട്ടുകച്ചവടം

Wednesday 13 February 2019 2:49 am IST
അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് പറഞ്ഞ് ഭരണത്തില്‍ വരുകയും പിന്നീട് കൈയേറ്റക്കാര്‍ക്ക് ഒത്താശ നല്‍കുകയും ചെയ്യുന്ന നിലപാടാണ് എല്ലാ സര്‍ക്കാരുകളും ചെയ്യുന്നത്. ഇടതെന്നോ വലതെന്നോ ഇതിന് വ്യത്യാസമില്ല.

മൂന്നാര്‍: കൈയേറ്റങ്ങള്‍ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സിപിഎം-കോണ്‍ഗ്രസ് പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന അവസാനത്തെ സംഭവമാണ് മൂന്നാര്‍ പഞ്ചായത്തിന്റെ പുഴയോരത്തെ അനധികൃത ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണം. 

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് പറഞ്ഞ് ഭരണത്തില്‍ വരുകയും പിന്നീട്  കൈയേറ്റക്കാര്‍ക്ക് ഒത്താശ നല്‍കുകയും  ചെയ്യുന്ന നിലപാടാണ്  എല്ലാ സര്‍ക്കാരുകളും ചെയ്യുന്നത്. ഇടതെന്നോ വലതെന്നോ ഇതിന് വ്യത്യാസമില്ല.  മുഖം നോക്കാതെ നടപടിയെടുക്കുന്ന ഒരു ഉദ്യോഗസ്ഥനെയും ദേവികുളം താലൂക്കില്‍  ഇരുത്തില്ല. ഇടത് ഭരിക്കുമ്പോള്‍ വലതിനെ സഹായിക്കും, മറിച്ചും.

പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് അറിയിച്ചതോടെയാണ് സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ നേരിട്ടെത്തി പണിനടത്താന്‍ സഹായിച്ചത്. തടയാന്‍ വന്ന റവന്യൂ ഉദ്യോഗസ്ഥരെ ഇരുമുന്നണികളുടെ നേതാക്കളും അണികളും ചേര്‍ന്നാണ് വിരട്ടിയോടിച്ചത്. സഹായം ചോദിച്ചതുകൊണ്ടാണ് താന്‍ പോയതെന്ന് എംഎല്‍എ പറഞ്ഞു. സഹായിക്കാന്‍ വന്ന ഇടത് എംഎല്‍എയെ പഞ്ചായത്ത് പ്രസിഡന്റായ കറുപ്പുസ്വാമി പരസ്യമായി പിന്തുണച്ചു.

മുമ്പ് 157 പേരുടെ കൈയേറ്റമൊഴിപ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു  നടപടിയുമുണ്ടായില്ല. കെറ്റിച്ചിറയില്‍ കെഎസ്ഇബിയുടെ ഭൂമി വ്യാപകമായി കൈയേറി 27 റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ച സംഭവങ്ങളിലും നടപടിയുണ്ടായിട്ടില്ല. പള്ളിവാസലിന് സമീപം പ്ലംജൂഡി റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിന് എംഎല്‍എ നല്‍കുന്ന പിന്തുണ  അടുത്തിടെ സിപിഐയുടെ സംഘടനയില്‍പ്പെട്ട ഒരു കെഎസ്ഇബി ഉദ്യോഗസ്ഥന്റെ സ്ഥാനചലനത്തിന് കാരണമായി. 

മൂന്നാറിന്റെ ഹൃദയഭാഗത്ത് കൈയേറ്റത്തിനും അനധികൃത നിര്‍മ്മാണത്തിനും നേതൃത്വം നല്‍കുന്നത് ദേവികുളം എംഎല്‍എ ആണെന്ന് നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. പൊതുമരാമത്ത്, കെഎസ്ഇബി എന്നിവയുടെ 12 ഏക്കറോളമാണ് എംഎല്‍എയും കൂട്ടരും കൈയേറിയിരിക്കുന്നത്. 

912, 843 എന്നീ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട ഭൂമിയാണ് കൈയേറി ഇക്കാനഗറില്‍ എസ്. രാജേന്ദ്രന്‍ വീട് വച്ചിരിക്കുന്നത്.

ഒന്‍പത് വര്‍ഷത്തിനിടെ വന്ന് പോയത് 14 പേര്‍

2010 മുതല്‍ ദേവികുളത്ത് സബ്കളക്ടറായി വന്നുപോയത് പതിനാല് ഉദ്യോഗസ്ഥരാണ്. അഞ്ച് ദിവസം മാത്രമിരുന്നവരുമുണ്ട്. 2010 ജൂണ്‍ 23ന് ചുമതലയേറ്റ എ. ഷിബു മുതല്‍ അവസാനം മാറി പോയ വി.ആര്‍. പ്രേംകുമാര്‍ വരെ ഇതിന് ഉദാഹരണങ്ങളാണ്. 

വി.എസ്. സര്‍ക്കാരിന് ശേഷം ശക്തമായ നടപടിയുമായി മുന്നോട്ട് വരുന്നത് ശ്രീറാം വെങ്കിട്ടരാമനാണ്. കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി കേസും മറ്റ് കൈയേറ്റങ്ങളും ഭൂരേഖകളും പരിശോധിക്കാന്‍ ശ്രമിച്ചതും മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചതും ശ്രീറാമിനെ സിപിഎമ്മിന്റെ കണ്ണിലെ കരടാക്കി.  ജോയിസ് ജോര്‍ജിനോട് രേഖകളുമായി ഹാജരാകാന്‍ പറഞ്ഞതടക്കം ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ ഒരു സുപ്രഭാതത്തില്‍ സ്ഥലം മാറ്റി. 

 2017ല്‍ ചുമതലയേറ്റ വി.ആര്‍. പ്രേംകുമാറും തുടര്‍നടപടികളുമായി മുന്നോട്ട് പോയി. പലതവണ ജോയിസ് ജോര്‍ജിനോട് രേഖ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറാവാതെ വന്നതോടെ പട്ടയം റദ്ദാക്കി. പിന്നീട് ഹൈക്കോടതിയുടെ സഹായത്തോടെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതില്‍ പരിശോധന നടന്ന് വരികയാണ്. ഇതിനിടെ രാഷ്ട്രീയ സ്വാധീനത്തില്‍ പ്രേംകുമാറിനെ മെരുക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. മേല്‍പറഞ്ഞ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും സിപിഎം നേതാക്കള്‍ രൂക്ഷവിമര്‍ശവുമായി എത്തിയപ്പോള്‍ സ്ഥലം മാറ്റില്ലെന്നും നിയമനടപടി തുടരുമെന്നാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞത്. പക്ഷെ ഒന്നുമുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.