നിര്‍മാണത്തില്‍ ഗുരുതര നിയമലംഘനമുണ്ടെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

Wednesday 13 February 2019 2:53 am IST

ഇടുക്കി: മൂന്നാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തില്‍ ഗുരുതര നിയമലംഘനമുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ. ജീവന്‍ബാബുവിന്റെ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്ന ക്രമക്കേടുകള്‍ ഇങ്ങനെ,  

കെട്ടിടം പണി നടക്കുന്ന രണ്ടേക്കര്‍ സ്ഥലം കെഡിഎച്ച്പി കമ്പനിക്ക് പാട്ടത്തിന്  നല്‍കിയതാണ്. 2000നു  ശേഷം പഞ്ചായത്തിന് പാര്‍ക്കിങ് ഗ്രൗണ്ടായി സര്‍ക്കാര്‍ അനുമതിയില്ലാതെ കരാര്‍ പ്രകാരം കൈമാറിയതാണ്. പാര്‍ക്കിങിന് സൗകര്യമില്ലാത്ത മൂന്നാറില്‍  ക്രമവിരുദ്ധമായി പാട്ടഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നടപടി ശരിയല്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 45.72 മീറ്റര്‍ വീട്ട് മാത്രമെ മുതിരപ്പുഴയാറിന് തീരത്ത് നിര്‍മ്മാണം പാടുള്ളൂ. പ്രളയത്തില്‍ രണ്ടാഴ്ചയോളം മുങ്ങി കിടന്ന ഇവിടെ ആറു  മീറ്റര്‍ മാത്രം വിട്ടാണ് 10 വീതം മുറികളുള്ള രണ്ട് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. മൂന്നാറില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ റവന്യൂ, തദ്ദേശ സ്വയംഭരണം, പോലീസ്, ഫോറസ്റ്റ് വകുപ്പുകളുടെ നിരാക്ഷേപപത്രം നിര്‍ബന്ധമാണ്. ഇതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇളവില്ല. ഉദ്യോഗസ്ഥരെ തടഞ്ഞതിനടക്കം കോടതി അലക്ഷ്യമായി കണ്ട് ഹൈക്കോടതിയെ അറിയിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.