'എന്റെ കുടുംബം ബിജെപി കുടുംബം' മഹാസമ്പര്‍ക്ക യജ്ഞം തുടങ്ങി

Wednesday 13 February 2019 2:59 am IST

കോഴിക്കോട്: എന്റെ കുടുംബം ബിജെപി കുടുംബം എന്ന സന്ദേശമുയര്‍ത്തി രാജ്യത്താകമാനം നടക്കുന്ന മഹാസമ്പര്‍ക്കയജ്ഞത്തിന് കേരളത്തിലും തുടക്കമായി. സമ്പര്‍ക്ക യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയുടെ കോഴിക്കോട്ടെ വസതിയില്‍ നടന്ന ചടങ്ങില്‍ ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍ നിര്‍വഹിച്ചു. 

കുടുംബം എന്ന മഹത്തായ സങ്കല്‍പത്തിന് വലിയ പരിഗണന നല്‍കിയ ജനസംഘത്തിന്റെ തുടര്‍ച്ചയാണ് ബിജെപിയെന്ന് ഉദ്ഘാടനം നിര്‍വഹിച്ച സി.കെ. പത്മനാഭന്‍ പറഞ്ഞു. മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനായ എളമ്പിലാശ്ശേരി ഗോവിന്ദന്‍ പതാക ഉയര്‍ത്തി. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അദ്ധ്യക്ഷനായി.

പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് മനസ്സിലായതോടെ യെച്ചൂരി - രാഹുല്‍ കൂട്ടുകെട്ട് കേരളത്തിലേക്ക് വ്യാപിപ്പിക്കുകയാണ് മുല്ലപ്പള്ളിയും കൊടിയേരിയും ചെയ്യുന്നതെന്ന് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. 2004 ആവര്‍ത്തിക്കുമെന്നാണ് സിപിഎം പറയുന്നത്. അന്ന് എന്‍ഡിഎ ഒരു സീറ്റ് നേടുകയും വോട്ട് വിഹിതം 12 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. 

പ്രളയകാലത്ത് കോണ്‍ഗ്രസിനെ രക്ഷാപ്രവര്‍ത്തനത്തിന് എവിടെയും കണ്ടില്ല. ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കെപിസിസി പറഞ്ഞെങ്കിലും ഒരു വീട് പോലും നിര്‍മ്മിച്ച് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പ്രളയകാലത്ത് പത്രസമ്മേളനത്തില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.

 ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ  കെ.പി. ശ്രീശന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ടി. ലീലാവതി, മേഖലാ പ്രസിഡന്റ് വി.വി. രാജന്‍, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, സി.കെ. ബാലകൃഷ്ണന്‍, ബി.കെ. പ്രേമന്‍, എ. ജനാര്‍ദ്ദനന്‍, ശശിധരന്‍ അയനിക്കാട്, ശ്രീരാജ് ശ്രീവിലാസം, സന്ദീപ് വാര്യര്‍, വി. സുരേഷ് കുമാര്‍, കെ.പി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.