പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ കേസ്

Wednesday 13 February 2019 3:01 am IST

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. നെടുമങ്ങാട് തൊളിക്കോട് ജമാ അത്തിലെ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പോലീസ് കേസെടുത്തത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കൂട്ടികൊണ്ട് വന്ന് വനമേഖലയില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. 

തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് കേസ്. സംഭവം നടന്ന് ~ആഴ്ചകള്‍ പിന്നിട്ടിട്ടും   പോലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു. എന്നാല്‍ ആരും പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് കേസെടുക്കാതിരുന്നതെന്നാണ് പോലീസിന്റെ മറുപടി.  

അറിയപ്പെടുന്ന മത പ്രഭാഷകനാണ് ഷെഫീഖ് അല്‍ ഖാസിമി.    തൊഴിലുറപ്പ് പണികഴിഞ്ഞെത്തിയ തൊഴിലാളികളാണ് പീഡന വിവരം പുറത്ത് അറിയിച്ചത്. സ്‌കൂള്‍ യൂണിഫോം ധരിച്ച് സംശയാസ്പദമായ സാഹചര്യത്തില്‍  പെണ്‍കുട്ടി കാറിലിരിക്കുന്നത് പ്രദേശത്തെ യുവതിയാണ്  ആദ്യം കണ്ടത്.  തൊഴിലുറപ്പ് തൊഴിലാളികളെ വിവിരം അറിയിച്ചു.  തുടര്‍ന്ന് തൊഴിലാളികള്‍ എത്തി വാഹനം തടഞ്ഞുവച്ചു. 

 കാറിനുള്ളിലെ പെണ്‍കുട്ടി ആരാണെന്നു ചോദിച്ചപ്പോള്‍ ഭാര്യയാണെന്നായിരുന്നു ഷെഫീഖ് അല്‍ ഖാസിമിയുടെ മറുപടി. പെണ്‍കുട്ടി ആ സമയം കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.  നാട്ടുകാരെത്തിയതോടെ  ഖാസിമി വാഹനവുമായി കടന്നു കളഞ്ഞു.  പള്ളി ഭാരവാഹികളെ നാട്ടുകാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഷെഫീഖ് അല്‍ ഖാസിമി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തൊളിക്കോട് ജമാഅത്ത് പള്ളിയിലെ ഇമാം സ്ഥാനത്തുനിന്ന് ഷെഫീഖ് അല്‍ ഖാസിമിയെ മാറ്റി. ഇമാം കൗണ്‍സില്‍ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി.

എന്നാല്‍ പെണ്‍കുട്ടിയോ ബന്ധുക്കളോ പോലീസില്‍ പരാതി നല്‍കിയില്ല. അപമാനത്താലും ഭീഷണിയെയും തുടര്‍ന്നാണ് പരാതി നല്‍കാത്തത്. സംഭവം വിവാദമായതോടെ മനപൂര്‍വ്വം കുറ്റം മറച്ചു വച്ചെന്ന കേസ് തങ്ങള്‍ക്ക് നേരെ ഉണ്ടാകുമെന്ന് ഭയന്നാണ് ജമാഅത്ത് കമ്മറ്റി പോലീസില്‍ പരാതി നല്‍കാന്‍ തയാറായത്. ഷെഫീഖ് അല്‍ ഖാസിമി മുന്‍കൂര്‍  ജാമ്യത്തിനായി  ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.